പത്തിരിപ്പാല ∙ പേരൂർ പൂക്കാട്ടുക്കുന്നിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി കുഞ്ഞിന്റെയും വീട്ടുജോലിക്കാരിയുടെയും സ്വർണാഭരണങ്ങൾ കവർന്നു. പുക്കാട്ടുകുന്ന് ഒഴക്കോട്ടിൽ സ്വാമിദാസിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ മോഷണം നടന്നത്.
സ്വാമിദാസിന്റെ മകളുടെ മകൾ തനുശ്രീ (2)യുടെ കഴുത്തിലെ ഒരു പവന്റെ മാലയും കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന ബന്ധുവും ചിറ്റൂർ സ്വദേശിയുമായ പ്രേമ (55)യുടെ മാലയും കമ്മലുമാണു കവർന്നത്. രാവിലെ 10.15നും 11നും ഇടയിലാണ് സംഭവം.
വീട്ടിലെത്തി ബെല്ലടിച്ച ആൾ ജോലിക്കാരിയായ പ്രേമയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വെള്ളം എടുക്കുന്നതിനായി അടുക്കളയിലേക്കു പോയ സമയത്ത് വീടിനകത്തേക്കു കയറി പ്രേമയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
പ്രേമയുടെ വായ് പൊത്തിപ്പിടിച്ച് ബലം പ്രയോഗിച്ച് താലിമാലയും ഇരു കാതിലെയും കമ്മലും പറിച്ചെടുത്തു. മോഷ്ടാവിന്റെ ആക്രമണത്തിൽ ഭയന്ന പ്രേമ ബോധരഹിതയായി വീഴുകയും ചെയ്തു.
കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സ്വാമിദാസിന്റെ പേരമകൾ തനുശ്രീയുടെ കഴുത്തിലെ മാലയും ഇയാൾ ഊരിയെടുത്തു.
സ്വാമിദാസിന്റെ ഭാര്യ രുക്മിണി സമീപത്തെ കല്യാണവീട്ടിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മോഷ്ടാവിന്റെ ആക്രമണത്തിൽ പ്രേമയുടെ കാതിനും കാലിനും സാരമായി പരുക്കേറ്റു.
മുഖംമൂടി ധരിച്ചിരുന്ന മോഷ്ടാവ് പേരൂർ പള്ളംതുരുത്ത് ഭാഗത്തേക്കു കടന്ന വിവരം അറിഞ്ഞ് നാട്ടുകാർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കറുത്ത ഷർട്ട് ധരിച്ചെത്തിയ മോഷ്ടാവ് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞിരിക്കാനാണു സാധ്യത.
പ്രദേശത്തെ നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ഊർജിതമാക്കി. പരുക്കേറ്റ പ്രേമയെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

