
മുല്ലപ്പൂ പറിക്കാനെത്തി; നിനച്ചിരിക്കാതെ ദുരന്തം: അഭിനിത്ത് പോയി, ‘കുഞ്ഞാവയ്ക്കായുള്ള’ കാത്തിരിപ്പിനിടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എലപ്പുള്ളി ∙ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കൃഷിക്കളത്തോടു ചേർന്ന പഴയ മതിലിന്റെ ഗേറ്റും തൂണും ഉൾപ്പെടെ തകർന്നു തലയിലേക്കു വീണ് അഞ്ചുവയസ്സുകാരനു ദാരുണാന്ത്യം. തേനാരി ചാലായി എസ്സി ഗ്രാമത്തിൽ കൃഷ്ണകുമാറിന്റെയും അംബികയുടെയും മകൻ അഭിനിത്താണു മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ നെയ്തല പട്ടികജാതി ഗ്രാമത്തിൽ സ്വകാര്യ വ്യക്തിയുടെ നെല്ലുസംഭരിക്കുന്ന കളത്തിലാണു നാടിനെ സങ്കടത്തിലാക്കിയ അപകടം. അഭിനിത്ത് അവധിക്ക് അച്ഛന്റെ വീടായ നെയ്തലയിലെത്തിയതായിരുന്നു. അമ്മ അംബിക 7 മാസം ഗർഭിണിയാണ്. ഇവർക്കൊപ്പമാണ് അഭിനിത്ത് നെയ്തലയിലെത്തിയത്. ഇന്നലെ വൈകിട്ടോടെ അഭിനിത്തും പത്തോളം സുഹൃത്തുക്കളും ചേർന്നു കൃഷിക്കളത്തിനോടു ചേർന്ന വേലിയിൽ നിന്നു മുല്ലപ്പൂവ് പറിക്കാനെത്തിയതായിരുന്നു. മറ്റുള്ളവർ പൂപറിക്കുമ്പോൾ അഭിനിത്ത് കളിക്കാനായി മതിലിനടുത്തേക്കു പോവുകയായിരുന്നു.
ശബ്ദംകേട്ടാണ് മറ്റു കുട്ടികൾ ഓടിക്കൂടിയത്. ഈ സമയം അഭിനിത്ത് തൂണും ഗേറ്റും പൊട്ടിവീണ് ഇതിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അഞ്ചടിയോളം ഉയരമുള്ള തൂണാണു വീണത്. കുട്ടികൾ ഇതു പൊക്കിയെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് കുട്ടികളുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടി ഗേറ്റും തൂണും മാറ്റി കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനാരി ഗവ.എൽപി സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്. കോയമ്പത്തൂരിൽ താമസമാക്കിയ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ളതാണു കൃഷിക്കളം. ഇതു പരിസരവാസിയായ കർഷകൻ പാട്ടത്തിനെടുത്തു നോക്കിനടത്തുകയാണ്. കസബ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൃഷ്ണകുമാർ വെൽഡിങ് ജോലിക്കാരനാണ്. അഭിനിത്തിന്റെ സഹോദരൻ: അഭിജിത്ത്.
തൂൺ ഉയർത്താൻ കഴിഞ്ഞില്ല
നെയ്തല ∙ ‘ശബ്ദം കേട്ടാണു വീട്ടിനുള്ളിൽ നിന്ന് ഓടിയെത്തിയത്. പൂ പറിക്കാൻ പോയ കുട്ടികളാരെങ്കിലും മരത്തിൽ കയറിയപ്പോൾ വീണതാകാമെന്നാണ് ആദ്യം കരുതിയത്. ഓടിച്ചെന്നു നോക്കിയപ്പോൾ ‘അഭി’ ആ തൂണുകൾക്കടിയിൽ കുടുങ്ങിയതാണു കണ്ടത്’. സംഭവത്തെക്കുറിച്ചു പൊലീസുകാരോടു പറഞ്ഞു മുഴുവിക്കാനാവാതെ ജയകുമാരി വിതുമ്പിക്കരഞ്ഞു. മതിലിന്റെ തൂണും ഗേറ്റും തകർന്നു വീണ് കുട്ടി മരിച്ച സ്ഥലത്ത് ആദ്യം ഓടിയെത്തിയത് നാട്ടുകാരിയായ ജയകുമാരിയായിരുന്നു. ഇവരെത്തുമ്പോൾ തൂൺ പൊക്കി മാറ്റാനാവാതെ കുട്ടികൾ നിലവിളിക്കുകയായിരുന്നു. ജയകുമാരിയും ഇവർക്കൊപ്പം തൂൺ പൊക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയിൽ ഓടിക്കൂടിയ നാട്ടുകാർ തൂൺ പൊക്കി കുട്ടിയെ പുറത്തെടുത്തു. ഉടൻ ഓട്ടോറിക്ഷയെത്തിച്ച് കുട്ടിയുമായി ജില്ലാ ആശുപത്രിയിലേക്കു പാഞ്ഞെത്തിയെങ്കിലും രക്ഷിക്കാനായില്ല. നെയ്തല പട്ടിക ജാതി ഗ്രാമത്തിൽ 16 കുടുംബങ്ങളാണുള്ളത്. അടുത്തടുത്തു താമസിച്ചിരുന്ന ഇവരെല്ലാവരും ബന്ധുക്കളുമായിരുന്നു. സംഭവം നടക്കുന്ന സമയത്തു ഗ്രാമത്തിലെ പുരുഷൻമാരിലേറെയും ജോലിക്കു പോയിരുന്നതിനാൽ കുട്ടികളും സ്ത്രീകളും മാത്രമാണുണ്ടായിരുന്നത്.
കുട്ടികളെത്തിയത് മുല്ലപ്പൂ പറിക്കാൻ
‘ചക്കരയ്ക്കും അച്ചുവിനും വിറയൽ മാറിയിരുന്നില്ല’. ദേഹത്താകെ ചോരയൊലിച്ചു കിടന്ന അഭിനിത്തിനെ ഇവരാണ് ആദ്യം കണ്ടത്. നിലവിളിച്ചാണ് ഇരുവരും ഓടിക്കൂടിയ നാട്ടുകാരോടു സംഭവം പറഞ്ഞത്. പത്തും ഒൻപതും വയസ്സുകാരായ ചക്കരയും അച്ചുവും അടങ്ങുന്ന 10 പേർക്കൊപ്പമാണ് അഭിനിത്ത് പോയത്. അഭിനിത്ത് പിന്നാലെയെത്തിയത് ഈ സംഘം പിന്നീടാണ് ശ്രദ്ധിച്ചത്. മറ്റുള്ളവർ പൂ പറിക്കുമ്പോൾ അഭിനിത്ത് അൽപം മാറി നിന്നു കളിക്കുകയായിരുന്നു. ഇതിനിടയിലാണു ഗേറ്റിനും തൂണിനും അടുത്തേക്ക് അവൻ പോയതും അപകടത്തിൽപെട്ടതും. കൃഷിക്കളത്തിന്റെ ചുറ്റുമതിലായിരുന്നു ഇത്. പഴയ മതിലിൽ ശേഷിക്കുന്ന ഭാഗങ്ങളിലൊന്ന് ഈ ഗേറ്റും തൂണും മാത്രമായിരുന്നു. ഇതിനു വർഷങ്ങളായി ബലക്ഷയം സംഭവിച്ചിരുന്നെങ്കിലും സ്ഥലത്ത് ഉടമസ്ഥൻ ഇല്ലാത്തതിനാൽ പുതുക്കിപ്പണിയാനോ പൊളിച്ചു മാറ്റാനോ സാധിച്ചിരുന്നില്ല. പകരം ഇരുമ്പുകൊണ്ടു ചുറ്റുവേലി കെട്ടിയിരുന്നു. ഇതിൽ തഴച്ചു വളർന്ന മുല്ലപ്പൂ പറിക്കാനാണു കുട്ടികളുടെ സംഘം എത്തിയത്.
അഭിനിത്ത് പോയി, കുഞ്ഞാവയെ കാണാതെ
നെയ്തല ∙ അഭിനിത്ത് പോയത് ‘കുഞ്ഞാവയ്ക്കായുള്ള’ കാത്തിരിപ്പിനിടെ. 7 മാസം ഗർഭിണിയായ അമ്മ അംബികയ്ക്കൊപ്പം സ്കൂൾ പൂട്ടിയ ദിവസം തന്നെ അഭിനിത്ത് നെയ്തലയിലെത്തിയതായിരുന്നു. തേനാരിയിലായിരുന്നു സ്വന്തം വീടെങ്കിലും എപ്പോഴും അവധിക്കാലം അച്ഛന്റെ വീടായനെയ്തലയിലായിരുന്നു. അതിനാൽ അവിടെയായിരുന്നു അവന്റെ കൂട്ടുകാർ കൂടുതലും. ഓണവും വിഷുവും നെയ്തലയിലായിരുന്നു ആഘോഷിക്കാറ്. ഈ അവധിക്കാലവും കൂട്ടുകാർക്കൊപ്പം ആഘോഷമാക്കാനായിരുന്നു അവന്റെ വരവ്. വൈകാതെ തനിക്കു കൂട്ടായി കുഞ്ഞാവ എത്തുമെന്നും അവൻ കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. ആ കുഞ്ഞു വാവയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം മുഴുവൻ. ഇതിനിടെ നിനച്ചിരിക്കാതെ എത്തിയ ദുരന്തം അഭിനിത്തിനെ കവർന്നു.