
ട്രാക്കിൽ മരത്തടി വച്ച് ട്രെയിൻ അട്ടിമറി ശ്രമം: പ്രതിയെ എൻഐഎ ഉൾപ്പെടെ ചോദ്യം ചെയ്തേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ റെയിൽവേ ട്രാക്കിൽ മരത്തടി വച്ച് ട്രെയിൻ അട്ടിമറിക്കു ശ്രമിച്ച കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം തേടി. റെയിൽവേ സുരക്ഷാ സേനയുടെ ഇന്റലിജൻസ് വിഭാഗത്തോടും കേസ് അന്വേഷിക്കുന്ന മലമ്പുഴ പൊലീസിനോടുമാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉൾപ്പെടെ വിവരം തേടിയത്. കേസിൽ അറസ്റ്റിലായ ഒഡീഷ സ്വദേശി ബിനോദ മല്ലിക്കിനെ (22) എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കും. ഇയാളുടെ ഒഡീഷയിലെ വീട്ടിലും പരിശോധന നടത്തുമെന്നാണു വിവരം.
സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ, സമൂഹമാധ്യമ ഇടപെടലുകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും പരിശോധിക്കും. ബിനോദ മല്ലിക്ക് ട്രാക്കിൽ മരത്തടി വച്ചു രണ്ടു ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചെന്നാണു കേസ്. കൊല്ലത്തും തൃശൂരും അടുത്തിടെ നടന്ന ട്രെയിൻ അട്ടിമറി കേസുകളുടെ വിവരങ്ങളും എൻഐഎ ശേഖരിച്ചിരുന്നു. അട്ടിമറി ശ്രമങ്ങൾക്കു പിന്നിൽ ഭീകരപ്രവർത്തനങ്ങളുണ്ടോയെന്നാണു പരിശോധിക്കുന്നത്.
കഴിഞ്ഞ രണ്ടിനു പുലർച്ചെയാണു പാലക്കാട് റെയിൽവേ ജംക്ഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ മലമ്പുഴ പന്നിമട ഭാഗത്തെ ട്രാക്കിൽ ലോക്കോപൈലറ്റ് മരത്തടി കണ്ടെത്തിയത്. ഇതു നീക്കംചെയ്തു ട്രെയിൻ കടന്നുപോയെങ്കിലും പിന്നാലെ എത്തിയ ട്രെയിനിലെ ലോക്കോ പൈലറ്റും ട്രാക്കിൽ മരത്തടി കണ്ടെത്തി. ലോക്കോപൈലറ്റുമാരുടെ സമയോചിത ഇടപെടലിലാണു വൻ ദുരന്തം ഒഴിവായത്. ട്രാക്കിനു സമീപത്തെ ക്രഷർ യൂണിറ്റിലെ അതിഥിത്തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണു ബിനോദ മല്ലിക്ക് പിടിയിലായത്.
പെൺസുഹൃത്ത് പിണങ്ങിയതിന്റെ ദേഷ്യത്തിലാണു ട്രാക്കിൽ തടി കയറ്റിവച്ചതെന്നാണു മൊഴി. മദ്യലഹരിയിലായിരുന്നുവെന്നും പറഞ്ഞു. ആദ്യം കടന്നു പോയ ട്രെയിനിന് ഒന്നും സംഭവിക്കാത്തതുകൊണ്ടു രണ്ടാമതും ശ്രമം നടത്തിയെന്നും മൊഴിയിലുണ്ട്. സംസ്ഥാനത്ത് ഈ വർഷം മൂന്ന് ട്രെയിൻ അട്ടിമറി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ട്രാക്കിലേക്ക് ആളുകൾ അതിക്രമിച്ചു കയറുന്ന ഭാഗങ്ങൾ കെട്ടിയടയ്ക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ തീരുമാനിച്ചു. ട്രാക്കിലേക്ക് അനധികൃതമായി വെട്ടിയ വഴികളും അടയ്ക്കാൻ ഡിആർഎം അരുൺ കുമാർ ചതുർവേദി നിർദേശം നൽകി.