മണ്ണാർക്കാട് ∙ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ സിപിഎമ്മിൽ. സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കു ലഭിച്ച പണം ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും അതു നൽകാതെ പാർട്ടിക്കു വേണ്ടി ചെലവഴിച്ചതാണ് പുറത്താക്കലിനു പിന്നിലെന്ന് റിയാസ് പറയുന്നു.
അതേസമയം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ഡിസിസി പ്രസിഡന്റിന്റെ കത്തിൽ വിശദീകരിക്കുന്നു.
കെഎസ്യു പ്രവർത്തകനായി പാർട്ടിയിൽ വന്ന തന്നെ ഒരു വിശദീകരണം പോലും ചോദിക്കാതെയാണു പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതെന്ന് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ ഒരു സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച സംഭാവന പാർട്ടി പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ വേണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ കമ്മിറ്റി ചേർന്നു ചർച്ചചെയ്ത ശേഷം അറിയിക്കാമെന്നു മറുപടി നൽകിയിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പാർട്ടിയിൽ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം അന്നു പറഞ്ഞിരുന്നു.
അതിന്റെ ഭാഗമാണു തനിക്കെതിരെ 2 സ്ത്രീകൾ കേസ് നൽകിയെന്നു പറഞ്ഞ് പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്. തനിക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് എവിടെയും പറയുന്നില്ല.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണു നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം കൊണ്ടുവന്നതിനു പിന്നിലും ഡിസിസി പ്രസിഡന്റാണ്. തന്റെ ഉമ്മ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്.
മക്കളും കെഎസ്യു പ്രവർത്തകരാണ്.
തന്നെ പുറത്താക്കിയതു മരണത്തിലേക്കു തള്ളിവിടുന്നതിനു സമാനമാണ്. സിപിഎമ്മിൽ നിന്നു സ്ഥാനമാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.
സിപിഎം ഏരിയ സെന്റർ അംഗം കെ.കെ.രാജൻ, ഏരിയ കമ്മിറ്റി അംഗം ഷാജ്മോഹൻ, ലോക്കൽ സെക്രട്ടറി എ.ആർ.രവിശങ്കർ, റാഷിദ് എന്നിവർക്കൊപ്പമാണ് മാധ്യമങ്ങളെ കണ്ടത്. റിയാസിന് പാർട്ടി സംരക്ഷണവും സ്വീകരണവും നൽകുമെന്ന് രാജൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]