പാലക്കാട് ∙ നഗരസഭ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിലേറിയാൽ ഡിജിറ്റൽ സംവിധാനം വഴി വീട്ടുപടിക്കലിൽ ഭരണസേവനങ്ങൾ എത്തിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിനായി എല്ലാ പൊതുജന സേവനങ്ങളും ഡിജിറ്റൈസ് ചെയ്യും.
വികസിത പാലക്കാട് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ആദ്യ 45 ദിവസത്തിനുള്ളിൽ വാർഡ് അടിസ്ഥാനത്തിൽ അടുത്ത 5 വർഷത്തെ വികസനരേഖ സമർപ്പിക്കും. പാലക്കാട് നഗരസഭയിലേതു പോലെ അഴിമതിരഹിതഭരണം ഉറപ്പാക്കും. എല്ലാ വർഷവും വികസനരേഖ പ്രകാരമുള്ള പ്രോഗ്രസ് കാർഡ് വാർഡ് തലത്തിൽ ഇറക്കും. എല്ലാ പൊതു പ്രവൃത്തികളുടെയും വിവരങ്ങൾ ഡിജിറ്റൽ സംവിധാനം വഴി ജനങ്ങളിലേക്കെത്തിക്കും.
ബജറ്റ് രേഖയിൽ ഓരോ പൈസയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമൃത് പദ്ധതി ഒന്നിൽ 220 കോടി, രണ്ടിൽ 76 കോടി, കേന്ദ്രത്തിന്റെ സ്പെഷൽ അസിസ്റ്റന്റ്സ് പദ്ധതിയിൽ 20 കോടി, ഉൾപ്പെടെയുള്ള വൻകിട പദ്ധതികളും പാലക്കാട് മോഡൽ സാനിറ്ററി നാപ്കിൻ സംസ്കരണ യൂണിറ്റ്, ശുചിമുറി സംസ്കരണ മാലിന്യ പ്ലാന്റ്, 99% വീടുകളിലും ശുദ്ധജല ലഭ്യത, പ്രധാന റോഡുകൾ ബിഎംബിസി നിലവാരത്തിൽ നവീകരിക്കൽ, പദ്ധതി വിനിയോഗത്തിൽ ഒന്നാം സ്ഥാനം, ജി.ബി റോഡിലെ യന്ത്രപ്പടി, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്യാമറ നഗരം ഉൾപ്പെടെയുള്ള പാലക്കാട് നഗരസഭയുടെ ഭരണനേട്ടങ്ങളും കോൺക്ലേവിൽ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അവതരിപ്പിച്ചു.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അധ്യക്ഷനായി. നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കൃഷ്ണകുമാർ, കെ.കെ.അനീഷ്കുമാർ, കെ.ഉണ്ണിക്കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എം.ശശികുമാർ എന്നിവർ പ്രസംഗിച്ചു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
∙ കൽപാത്തിപ്പുഴയുടെ സമഗ്ര പുനരുജ്ജീവന പദ്ധതി
∙ നഗരസഭ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും
∙ വനിതകൾക്കായി തൊഴിൽ പരിശീലനവും സ്വയം തൊഴിൽ സഹായവും ഉൾക്കൊള്ളുന്ന സമഗ്ര വനിതാ വികസന പാക്കേജ്
∙ മാലിന്യമുക്ത നഗരസഭ
∙ നഗരത്തിൽ മുതിർന്ന പൗരൻമാർക്ക് ഒത്തുചേരാനും വിശ്രമിക്കാനുമായി സീനിയർ സിറ്റിസൻസ് ഹബ്
∙ പാലക്കാട് വലിയങ്ങാടി വികസനത്തിനു 140 കോടി രൂപയുടെ കേന്ദ്രപദ്ധതി
∙ കൽപാത്തിയിൽ രാജ്യാന്തര നിലവാരത്തിൽ സംഗീത കലാഗ്രാമം സ്ഥാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

