
ഒറ്റപ്പാലം ∙ ജാപ്പനീസ് പൗരനായ കൗമാരക്കാരൻ, കിരൺ നുഗോച്ചിക്കു കേരളത്തിലെ സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൻ റാങ്കിങ് ടൂർണമെന്റിൽ എന്തുകാര്യമെന്നു ചോദിക്കരുത്. 2019 മുതൽ ഇതുവരെ കേരളത്തിലെ റാങ്കിങ് ടൂർണമെന്റുകളിൽ മത്സരിക്കുകയും, പ്രായാടിസ്ഥാനത്തിൽ അണ്ടർ 11, 13, 17 വിഭാഗങ്ങളിൽ 3 വർഷം ചാംപ്യൻഷിപ് നേടുകയും ചെയ്ത താരമാണു കിരൺ (16). ജപ്പാനിലെ ടോക്കിയോയിൽ മൊട്ടിട്ട
പ്രണയമാണ് എറണാകുളം സ്വദേശി കാടേക്കുഴി ആനന്ദും ജാപ്പനീസ് യുവതി, ചിയാക്കി നുഗോച്ചിയും തമ്മിലുള്ള ദാമ്പത്യജീവിതത്തിനു വഴിതുറന്നത്. ഇവരുടെ മകനാണ് കിരൺ.
ടോക്കിയോയിലെ സ്ഥാപനത്തിൽ മാർക്കറ്റിങ് ഡയറക്ടറാണ് ആനന്ദ്.
എറണാകുളത്തെ ഭർതൃവീട്ടിൽ പ്രായമായവരുടെ പരിചരണം ഏറ്റെടുക്കാൻ സന്നദ്ധയായി, കേരളത്തിലെത്തിയതാണ് ചിയാക്കി നുഗോച്ചി. കിരൺ നുഗോച്ചിയുടെ താൽപര്യമനുസരിച്ചു നാലാം വയസ്സിൽ എറണാകുളത്തെ ബാഡ്മിന്റൻ അക്കാദമിയിൽ ആന്റണി ജേക്കബിന്റെ കീഴിൽ പരിശീലനം തുടങ്ങി. ബെംഗളൂരുവിൽ 2023ലെ ദേശീയ റാങ്കിങ് ടൂർണമെന്റിൽ അണ്ടർ 15 വിഭാഗത്തിൽ റണ്ണറപ് വിജയിയായി. മലയാളത്തിൽ സംസാരിക്കാൻ വഴക്കമില്ലെങ്കിലും, മലയാളഭാഷ കേട്ടാൽ കിരൺ നുഗോച്ചിക്കു മനസ്സിലാകും.
ക്വാർട്ടറും സെമിയും ഇന്ന്
ഒറ്റപ്പാലം ∙ കെപിഎസ് മേനോൻ സ്മാരക സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൻ റാങ്കിങ് ടൂർണമെന്റിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായി. സീനിയർ, അണ്ടർ 19 വിഭാഗങ്ങളുടെ ക്വാർട്ടർഫൈനൽ, സെമിഫൈനൽ മത്സരങ്ങൾ യഥാക്രമം ഇന്നു പൂർത്തിയാകും.
അതോടെ, അന്തിമപോരാട്ടങ്ങളുടെ മത്സരചിത്രം തെളിയും. ഇരുവിഭാഗങ്ങളിലായുള്ള 10 ഫൈനൽ മത്സരങ്ങൾ നാളെ രാവിലെ 8നു തുടങ്ങും.
കോവിഡ്കാലത്തെ ഇടവേളയൊഴികെ, തുടർച്ചയായി 22 വർഷം സംസ്ഥാന റാങ്കിങ് ടൂർണമെന്റുകൾക്കും ഇടക്കാലത്തു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മത്സരത്തിനും ഹൃദയഭൂമിയായ ഒറ്റപ്പാലത്ത്, കായികതാരങ്ങളും ആരാധകരും ഒരുപോലെ ആവേശം പങ്കിടുന്ന കായികോത്സവവുമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]