അലനല്ലൂർ∙ വീടുകളിലേക്കു പാചകവാതകം വിതരണം ചെയ്യുന്ന മിനിലോറി കാട്ടുകുളം അരിയക്കുണ്ടിൽ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു. ഡ്രൈവറും സാഹായിയുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്.
സഹായി ഭീമനാട് സ്വദേശി പാറക്കുഴി സുജിത്തിനു (21) നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം.
കൊമ്പത്തു നിന്നു പാചക വാതക സിലിണ്ടർ കയറ്റി അരിയകുണ്ട്, കൂമൻചിറ, അലനല്ലൂർ ഭാഗങ്ങളിലെ വീടുകളിലേക്കു വിതരണം ചെയ്യാനായി എത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്. അരിയക്കുണ്ട് ഭാഗത്തെ ഒരു വീട്ടിലേക്കു സിലിണ്ടർ ഇറക്കാനായി നിർത്തിയ വാഹനം സിലിണ്ടർ ഇറക്കിയ ശേഷം മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു പിന്നിലേക്കു നീങ്ങി പാടത്തേക്കു മറിയുകയായിരുന്നു.
ചെറിയ ഇറക്കമുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്.
ഈ സമയം ഇതുവഴിയെത്തിയ സ്കൂട്ടർ യാത്രക്കാരൻ വാഹനത്തിന്റെ വരവു കണ്ട് ഒരു വശത്തേക്കു മാറിയതിനാൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. 100 സിലിണ്ടറുകളാണു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 9 എണ്ണം വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള സിലിണ്ടറുകളെല്ലാം പാടത്തേക്കു വീണു.
പിന്നീട് ക്രെയ്ൻ ഉപയോഗിച്ചു വാഹനം ഉയർത്തി മാറ്റി. ഗ്യാസ് നിറച്ച സിലിണ്ടറുകൾ വീണതു നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു.
അപകടവിവരം അറിഞ്ഞു സ്ഥലത്തേക്കു വന്ന കോട്ടോപ്പാടം സ്വദേശിയെ കാട്ടുകുളം – അരിയകുണ്ട് റോഡിൽ വച്ചു കാട്ടുപന്നി ആക്രമിച്ചു. ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

