വടക്കഞ്ചേരി ∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട് അപകടക്കെണിയായി തകർന്നു കിടക്കുന്ന കലുങ്ക്. വള്ളിയോട് പോളിടെക്നിക് കോളജിനു സമീപമാണ് യാത്രക്കാർക്ക് ഭീഷണിയായി കലുങ്കുള്ളത്.
വേനൽ മഴ ശക്തമായതോടെ തകർന്ന കലുങ്കിന്റെ ഭാഗത്തെ കുഴിയിൽ വെള്ളം നിറഞ്ഞ് അപകടമുണ്ടായി.
രാത്രിയിൽ ബൈക്ക് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി പ്രദേശത്തുകാർ പറഞ്ഞു. മഴവെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
മുൻപ് കലുങ്കിനുള്ളിലൂടെ വെള്ളം ഒഴുകി റോഡിന്റെ മറുഭാഗത്തെ പറമ്പ് വഴിയാണ് പോയിരുന്നു. എന്നാൽ ഇവിടെ മതിൽ കെട്ടിയതോടെ ഇതുവഴി വെള്ളം പോകാതായി.
കാലവർഷം തുടങ്ങും മുൻപ് കലുങ്ക് നന്നാക്കി വെള്ളം ഒഴുകി പോകാൻ സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. അപകടസ്ഥിതി ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.
39 കിലോമീറ്റർ റോഡ് ടാറിങ് നടത്തണം
സംസ്ഥാന പാത 39 കിലോമീറ്റർ പൂർണമായും ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമായി.
ചില ഭാഗങ്ങളിൽ മാത്രം നവീകരണം നടത്തുകയും ബാക്കി ഭാഗങ്ങൾ കുഴിയായി തകർന്നു കിടക്കുകയുമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ആലത്തൂർ സെക്ഷൻ പരിധിയിൽ മംഗലം പാലം മുതൽ ചിറ്റിലഞ്ചേരി വരെയാണ് ടാറിങ് നടത്തിയിരിക്കുന്നത്.
എന്നാൽ ഇതും പൂർത്തിയാക്കിയിട്ടില്ല. സംസ്ഥാനാന്തര ബസുകളും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്ന തിരക്കുള്ള പാതയാണിത്.
വാണിജ്യ കേന്ദ്രമായ പൊള്ളാച്ചിയെ ബന്ധിപ്പിക്കുന്നതിനാൽ ഒട്ടേറെ ഭാരവാഹനങ്ങളും ഇതിലെ പോകുന്നു. മഴ പെയ്താൽ മുടപ്പല്ലൂർ ടൗൺ അടക്കം വെള്ളത്തിനടിയിലാകും.
മുതലമട മുതൽ പന്തലാംപാടം വരെ മലയോര ഹൈവേ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

