
‘IAM വിജയം’ ! ജന്മദിനത്തിൽ പൊലീസിനോടു വിടചൊല്ലി ഐ.എം.വിജയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ രാജ്യത്തെ സകല ഡിഫൻഡർമാരും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എം.വിജയൻ ജോലിക്കു ചേർന്നതു കേരള പൊലീസിലാണ്. അച്ചടക്കം റൂട്ട്മാർച്ച് ചെയ്യുന്ന, നടത്തം പോലും ചിട്ടയിൽ വേണ്ട പൊലീസിൽ, ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും സ്വതന്ത്രമായ കാലുകളുടെ ഉടമയും താമസിച്ചു. വർഷങ്ങൾക്കുശേഷം തന്റെ രണ്ടാം വീടായ കേരള പൊലീസിൽനിന്ന് ഐ.എം.വിജയൻ താമസം മാറുന്നു. 30ന് ആണ് ഔദ്യോഗിക വിരമിക്കൽ. ഒരു സ്റ്റാറുമില്ലാത്ത ഹവിൽദാറായിട്ടാണു വിജയന്റെ പൊലീസിലെ അരങ്ങേറ്റം. ശേഷം ഫുട്ബോൾ ലോകത്തെ സൂപ്പർ സ്റ്റാറായി. ഇപ്പോൾ, തോൾപ്പട്ടയിൽ 3 സ്റ്റാറുള്ള അസിസ്റ്റന്റ് കമൻഡാന്റ് ആയാണു പൊലീസിൽനിന്നു പടിയിറങ്ങുന്നത്.
പൊലീസ് വിജയനു സമ്മാനിച്ച നക്ഷത്രങ്ങളെ എണ്ണിയെടുക്കാമെങ്കിലും വിജയൻ പൊലീസിനു നൽകിയ നക്ഷത്രത്തിളക്കത്തെ അളന്നെടുക്കാനാകില്ല. വന്നു മൂന്നാം വർഷം തന്നെ പൊലീസിനു ഫെഡറേഷൻ കപ്പ് സമ്മാനിച്ച മുതലാണ്. അതും ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും നേടി. ജോലിക്കു ചേർന്നുകഴിഞ്ഞാൽ ഏതാളെയും ‘പൊലീസുകാരനാക്കി’ മാറ്റിക്കളയുമെന്ന പ്രത്യേകത സേനയ്ക്കുണ്ട്. പിന്തുടരുന്ന ചിട്ടയുടെയും നിയന്ത്രണങ്ങളുടെ ഫലമായിരിക്കാം ഇത്. എന്നാൽ പതിറ്റാണ്ടുകൾക്കു ശേഷവും, വന്ന വിജയനും പോകുന്ന വിജയനും തമ്മിൽ വ്യത്യാസമൊന്നുമില്ല.
വിജയൻ, വയസ്സ് പതിനേഴര
∙ ഫുട്ബോൾ കളിക്കുന്നതും കളിച്ചുപോകുന്നതും രണ്ടും രണ്ടാണ്. ഏറ്റവും സ്വാഭാവികമായ രണ്ടാംവഴിയായിരുന്നു ഐ.എം.വിജയനു വശം. പന്തെന്ന ചങ്ങാതി കാലിലെത്തിയാൽ പിന്നെ അയാൾക്ക് എതിർ ടീമില്ല. കുമ്മായ വരകളില്ല, റഫറിയും വിസിലും ഡിഫൻഡർമാരും ഗോൾ കീപ്പറുമില്ല. ശാസ്ത്രത്തിന്റെ ചലനനിയമങ്ങൾക്കെല്ലാം പുറത്താണ് അപ്പോൾ അയാൾ. ‘നീ എവിട്യാർന്നു. കാണാനേ കിട്ടണില്ല്യല്ലോ ഗഡ്യേ’ എന്നും പറഞ്ഞ് അവരങ്ങനെ മുന്നോട്ടുപോകും. ആ വർത്തമാനങ്ങൾക്കിടയിൽ ഫുട്ബോളിലെ മനോഹര നിമിഷങ്ങൾ പലതു പിറന്നു. രോമാഞ്ചം എന്തെന്നു കാണികളറിഞ്ഞു. സ്വാഭാവികമായ ഈ കളിയൊഴുക്കു തന്നെയായിരുന്നു കേരള പൊലീസ് ടീമിലേക്കു വിജയനു വഴി തുറന്ന യോഗ്യതയും.
ഫുട്ബോൾ പരിശീലകൻ ടി.കെ.ചാത്തുണ്ണിയും സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.സി.രാധാകൃഷ്ണനും നൽകിയ കത്തുമായി പൊലീസിന്റെ ട്രയൽസിൽ പങ്കെടുക്കാൻ പോകുമ്പോൾ വിജയനു വയസ്സ് പതിനേഴര. ജോലിക്കെടുക്കണമെങ്കിൽ 18 തികയണം. പ്രതിഭ തിരിച്ചറിഞ്ഞ ഡിജിപി എം.കെ.ജോസഫ് വിജയനെ മടക്കിയയച്ചില്ല. അതിഥി താരമായി ടീമിൽ കളിപ്പിച്ചു. ആറുമാസം കഴിഞ്ഞു വരൂ എന്നു പറഞ്ഞ് അന്നു മടക്കി അയച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നത്തെ ഐ.എം.വിജയൻ ഉണ്ടാകുമായിരുന്നില്ല. 18 തികഞ്ഞതോടെ 1987ൽ ഹവിൽദാറായി നിയമിതനായി.
അപ്രതീക്ഷിത നീക്കങ്ങൾ സ്വഭാവത്തിലും കളിയിലുമുള്ളയാൾ ഇത്രയും ചിട്ടയാർന്ന പൊലീസ് സേനയുടെ ഭാഗമായതിൽ തെല്ലൊരു കൗതുകം തോന്നാം. ഐ.എം.വിജയൻ ഒരു മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ അറിയാതെ ഒരു ചിരി വരില്ലേ. വരിയും നിരയുമൊപ്പിച്ചു നീങ്ങുന്ന സംഘത്തിൽ എങ്ങോട്ടു പായുമെന്ന് ഉറപ്പില്ലാത്ത ഒരു മാൻ നിൽക്കുന്ന ചിത്രം മനസ്സിൽ വരില്ലേ. ബംഗാളി ആരാധകർ ‘കാലോ ഹരിൻ’ (കറുത്ത മാൻ) എന്നു വിളിച്ചതു വെറുതേയല്ലല്ലോ.
അമ്മയ്ക്കൊരു താലി
∙ ജീവിതത്തിൽ അതുവരെ കിട്ടിയിട്ടില്ലാത്ത ഒന്നാണു പൊലീസ് ജോലി വിജയനു സമ്മാനിച്ചത്. സാമ്പത്തിക സുരക്ഷിതത്വം. തൃശൂർ കോലോത്തുംപാടത്തെ പട്ടിണിക്കൂരയിൽനിന്നു വന്ന വിജയൻ ആദ്യമായി വലിയ ഒരു തുക ഒരുമിച്ചു കാണുന്നതു പൊലീസിൽ ചേർന്നതിനു ശേഷമാണ്. ജോലികിട്ടിയ ശേഷം ആദ്യം ചെയ്തത് അമ്മ കൊച്ചമ്മുവിന് ഒരു താലി വാങ്ങിക്കൊടുക്കുകയായിരുന്നു. പാട്ടപെറുക്കിയും കൂലിപ്പണിയെടുത്തും കഴിഞ്ഞിരുന്ന കാലത്ത് ഒരുമിച്ചു ജീവിച്ചു തുടങ്ങിയതായിരുന്നു വിജയന്റെ അമ്മ കൊച്ചമ്മുവും അച്ഛൻ മണിയും.
താലി വാങ്ങാനൊന്നും പൈസ ഇല്ലാതിരുന്നതിനാൽ കൊച്ചമ്മുവിന്റെ കഴുത്തിലൊരു ചരടേ ഉണ്ടായിരുന്നുള്ളൂ. വിജയനു ജോലികിട്ടും മുൻപ് 1982–ൽ അപകടത്തിൽ പിതാവ് മണി മരിച്ചെങ്കിലും അമ്മയ്ക്കൊരു താലി വിജയന്റെ സ്വപ്നമായിരുന്നു. അമ്മയുടെ പേരിൽ സെവൻസ് ടൂർണമെന്റെന്ന മറ്റൊരു സ്വപ്നം ഈ വർഷം യാഥാർഥ്യമായി. പ്രഥമ കൊച്ചമ്മു സ്മാരക അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഈ മാസം ആദ്യമാണു തൃശൂരിൽ പൂർത്തിയായത്.
ഡോ.ഐ.എം.വിജയൻ
∙ അഞ്ചാം ക്ലാസിൽ അഞ്ചു കൊല്ലം പഠിച്ചതിന്റെ റെക്കോർഡ് തന്റെ പേരിലാണെന്നു വിജയൻ പറയാറുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോഴാണു പൊലീസ് ടീമിൽ അംഗമാകുന്നത്. ഇതേ വിജയനു റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി 2022ൽ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ആഞ്ഞുശ്രമിച്ചാൽ ഏതൊരാൾക്കും ചിലപ്പോൾ ഐഎഎസ് വരെ നേടാനായേക്കും. പക്ഷേ, ഐ.എം.വിജയനാവുക അസാധ്യം.
കേരള പൊലീസ് ടീം രൂപീകരിച്ചതിന്റെ നാൽപതാം വാർഷികം ആഘോഷിച്ചതു മാസങ്ങൾക്കു മുൻപാണ്. ഐ.എം.വിജയനെത്തേടി പത്മശ്രീ പുരസ്കാരമെത്തിയത് ഈ ജനുവരിയിൽ. മാസങ്ങൾക്കിപ്പുറം, തന്റെ ഫുട്ബോൾ വളർച്ചയ്ക്കു തുടക്കമിട്ട കേരള പൊലീസിൽനിന്നു വിജയൻ വിരമിക്കുന്നു. അതും കാൽപന്തിന്റെ സ്വന്തം നാടായ മലപ്പുറത്തുനിന്ന്. മനോഹര ഫുട്ബോൾ നിമിഷങ്ങൾ നാടിനു സമ്മാനിച്ച പ്രതിഭയ്ക്കിരിക്കട്ടെ ഒരു ഗോൾഡൻ സല്യൂട്ട്.
വീട് എന്ന സ്വപ്നം
∙ കോലോത്തുംപാടത്ത് രണ്ടരസെന്റിലെ ഓലപ്പുരയിൽ വളർന്ന വിജയനു സ്വന്തമായി ഒരു വീട് എന്നും സ്വപ്നമായിരുന്നു. ആ ആഗ്രഹം കലശലായതോടെ 1991 അവസാനത്തോടെ ഐ.എം.വിജയൻ പൊലീസ് വിട്ട് മോഹൻ ബഗാനിലേക്കു ചേക്കേറി. ഒപ്പം യു.ഷറഫലിയും. ഒരു വർഷത്തിനു ശേഷം വീണ്ടും കേരളത്തിലേക്കു മടങ്ങി. കേരളത്തിനായി സന്തോഷ് ട്രോഫി നേടുകയായിരുന്നു ലക്ഷ്യം. 1993 കൊച്ചി സന്തോഷ് ട്രോഫിയിൽ ആ ആഗ്രഹവും സഫലം. സന്തോഷ് ട്രോഫി വിജയത്തിന്റെ ഭാഗമായി അന്നത്തെ സർക്കാർ, ടീം അംഗങ്ങളിലെ സർക്കാർ ജോലിക്കാർക്കു പ്രമോഷൻ നൽകിയിരുന്നു.
എന്നാൽ അതിനു കാത്തുനിൽക്കാതെ വീണ്ടും പ്രഫഷനൽ ഫുട്ബോളിന്റെ ലോകത്തേക്കു പോകാനായിരുന്നു വിജയന്റെ തീരുമാനം. രാജ്യത്തെ പല പ്രമുഖ ക്ലബ്ബുകളിൽ കളിച്ചശേഷം 2011ൽ ആണു വീണ്ടും പൊലീസിൽ പുനർപ്രവേശനം നേടുന്നത്. അന്നു പൊലീസ് സേനയിൽ തുടർന്നിരുന്നെങ്കിൽ ഇതിലും മികച്ച തസ്തികയിൽനിന്നു വിരമിക്കാമായിരുന്നു എന്നു പലരും പറഞ്ഞേക്കാം. പക്ഷേ, ലോകം അറിയുന്ന താരമായി വിജയനെ മാറ്റിയെടുത്തത് ഈ ഫുട്ബോൾ തീർഥാടനമായിരുന്നെന്നു തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും.
ഗോൾഡൻ ജനറേഷൻ
∙ യു.ഷറഫലി, കുരികേശ് മാത്യു, വി.പി.സത്യൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, ഐ.എം.വിജയൻ. ഇതിലും ഭേദം മൂന്നാംമുറയാണെന്ന് ഏത് എതിർ ടീമിനും തോന്നിപ്പോകും വിധം ശക്തമായിരുന്നു അന്നത്തെ പൊലീസ് ടീം. 1990ൽ അഖിലേന്ത്യാ പൊലീസ് ഗെയിംസിൽ ബിഎസ്എഫിന്റെ പട്ടാളപ്പടയെ അട്ടിമറിച്ചു കിരീടം നേടിയാണു ദേശീയതലത്തിൽ കേരള പൊലീസ് ശ്രദ്ധപിടിച്ചു പറ്റുന്നത്. അതേ വർഷം തന്നെ ഫെഡറേഷൻ കപ്പിൽ ആദ്യമായി പൊലീസ് ടീം മുത്തമിട്ടു.
ചാംപ്യൻഷിപ്പിലെ മികച്ച കളിക്കാരൻ മറ്റാരുമായിരുന്നില്ല. ഐ.എം.വിജയൻ തന്നെ. ഇതോടെ കറുത്തു കൊലുന്നനെയുള്ള ഈ തൃശൂരുകാരൻ പയ്യൻ കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളുടെ കണ്ണിലുടക്കി. തൊട്ടടുത്ത വർഷവും വിജയനുൾപ്പെട്ട പൊലീസ് ടീം ഫെഡറേഷൻ കപ്പ് മറ്റാർക്കും വിട്ടുകൊടുത്തില്ല. ഫെഡറേഷൻ കപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി മൂന്നു കിരീടം നേടാനായത് കേരളത്തിൽ രണ്ടേ രണ്ടുപേർക്കാണ്. ഐ.എം.വിജയനും യു.ഷറഫലിക്കും. 1990, 91 വർഷങ്ങളിൽ കേരള പൊലീസിനു വേണ്ടിയും 1992ൽ മോഹൻ ബഗാനു വേണ്ടിയും. വിവിധ ടീമുകൾക്കായി ഏഴു ഫെഡറേഷൻ കപ്പ് ഫൈനലുകളിൽ കളിച്ചെന്ന റെക്കോർഡ് വിജയനുമാത്രം സ്വന്തം.