
വഴിമുടക്കി ദേശീയപാത വികസനം; പ്രതിഷേധവുമായി കച്ചവടക്കാരും ജനപ്രതിനിധികളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എആർ നഗർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ വഴിയടച്ച് നടപ്പാത നിർമിക്കുന്നതിനെതിരെ പ്രതിഷേധം. മമ്പുറം അടിപ്പാത മുതൽ അരീത്തോട് അങ്ങാടി വരെ കടകളിലേക്ക് പ്രവേശിക്കാനാകാത്ത വിധം നടപ്പാത ഉയർത്തിക്കെട്ടുന്നതിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. എന്നാൽ പൊലീസ് സംരക്ഷണയിൽ കരാറുകാർ പണി നടത്തി. ദേശീയപാതയിൽ സർവീസ് റോഡിലാണ് നടപ്പാത നിർമിക്കുന്നത്. ഒരു അടി ഉയരത്തിലാണ് നിർമാണം. മമ്പുറം അടിപ്പാത മുതൽ അരീത്തോട് അങ്ങാടി വരെ കടകളിലേക്ക് കയറാനാകാത്ത വിധത്തിലാണ് നിർമാണമെന്നു പറഞ്ഞാണ് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പ്രതിഷേധിച്ചത്. ദിവസങ്ങൾക്കു മുൻപ് നിർമാണത്തിന് വന്നപ്പോഴും ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. കലക്ടർക്ക് നിവേദനവും നൽകി.
ഈ ഭാഗത്ത് ഒട്ടേറെ ചെറുകിട കച്ചവടക്കാരുണ്ട്. ഈ കടകളിലേക്കൊന്നും വഴി വിടാതെയാണ് നിർമാണം നടത്തുന്നത്. വർക്ഷോപ് ഉൾപ്പെടെ വാഹനങ്ങൾ കയറേണ്ട കച്ചവടക്കാരാണ് ഇവിടെയുള്ളത്. നേരത്തേ പഴയ കച്ചവടക്കാർക്ക് വഴി വിട്ടുനൽകുമെന്ന് പറഞ്ഞിരുന്നതായി വാർഡ് അംഗം സി.ജാബിർ പറഞ്ഞു. പിന്നീട് നടന്ന ചർച്ചയിൽ കൂടുതൽ ചെറുകിട കച്ചവടക്കാർക്ക് വഴി വിട്ടുനൽകാമെന്നും പറഞ്ഞിരുന്നത്രേ. എന്നാൽ ഇതു പാലിക്കാതെ വഴി തടസ്സപ്പെടുത്തി നിർമാണം നടത്തുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. എന്നാൽ കരാർ കമ്പനി ഇത് അംഗീകരിക്കാൻ തയാറായില്ല.കലക്ടറുടെ നിർദേശത്തെ തുടർന്ന് സിഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിന്റെ സംരക്ഷണയിൽ നിർമാണ ജോലികൾ നടത്തി.
മറ്റു പ്രദേശങ്ങളിലെല്ലാം വഴി വിട്ടുനൽകിയിട്ടുണ്ടെന്നും ഇവിടെ മാത്രമാണ് വഴി നൽകാത്തതെന്നും കച്ചവടക്കാർ പറഞ്ഞു. വഴി വിട്ടുനൽകണമെങ്കിൽ നിശ്ചിത ഫീസ് അടക്കണമെന്നാണ് കരാർ കമ്പനി പറയുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് പറഞ്ഞു. 2,80,000 രൂപയാണു ഫീസ്. കൂടാതെ ഏജൻസി ഫീസ് 45,000 രൂപയോളം വരും. മൊത്തം 3.15 ലക്ഷം രൂപ വരും. ചെറുകിട കച്ചവടക്കാർക്ക് ഇത്ര ഭീമമായ ഫീസ് താങ്ങാൻ കഴിയാത്തതാണ്. കടയിലേക്കുള്ള വഴിയൊരുക്കി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കച്ചവടക്കാരും ചേർന്നു പ്രതിഷേധിച്ചു.