
നാമ്പ്രാണി തടയണയുടെ നിർമാണം പുനരാരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ വേനൽ മഴയെ തുടർന്നു നിർമാണം താൽക്കാലികമായി അനിശ്ചിതത്വത്തിലായിരുന്ന കടലുണ്ടിപ്പുഴയിലെ നാമ്പ്രാണി തടയണയുടെ നിർമാണം പുനരാരംഭിച്ചു. മുൻ തീരുമാനപ്രകാരം ഈ മാസം 15ന് അകം പ്രവൃത്തി പൂർത്തിയാക്കുന്നതിനു ത്വരിതഗതിയിൽ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേനൽ മഴ മൂലം നിർമാണം മുടങ്ങിയത്.കടലുണ്ടി പുഴയിലൂടെ അധികമായി എത്തിയ വെള്ളം ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യമൊരുക്കിയ പശ്ചാത്തലത്തിൽ മേയ് 15ന് അകം പൂർത്തിയാക്കാൻ കഴിയുമെന്ന് ഇതു സംബന്ധിച്ചു ചേർന്ന ഉന്നതതല യോഗം അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു മലപ്പുറം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 15 കിലോമീറ്ററോളം വ്യാപ്തിയിലെ ജനങ്ങൾക്കു ജലസുരക്ഷയും ജലലഭ്യതയും ലഭ്യമാക്കുന്നതിനു വേണ്ടി മലപ്പുറം സിവിൽ സ്റ്റേഷനു പിറകുവശം നാമ്പ്രാണിയിൽ തടയണ നിർമാണം ആരംഭിച്ചത്.
വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ജലഅതോറിറ്റി നിർമിച്ച തടയണ കാലപ്പഴക്കം മൂലം ദ്രവിക്കുകയും മദ്രാസ് ഐഐടി ഉൾപ്പെടെയുള്ളവർ പഠനം നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മലപ്പുറം നഗരസഭ നാമ്പ്രാണി തടയണയുടെ നിർമാണത്തിനു മുന്നോട്ടുവന്നത്. കേന്ദ്രസർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 25.5 കോടി രൂപ ചെലവിലാണ് തടയണ നിർമാണം പൂർത്തിയാക്കുന്നത്. തടയണയുടെ തൂണുകളുടെ നിർമാണം പൂർത്തിയായി.
ഇവയ്ക്കിടയിൽ ഘടിപ്പിക്കുന്ന ഷട്ടറുകളുടെ നിർമാണ പ്രവർത്തനവും പൂർത്തിയായിട്ടുണ്ട്. തടയണയ്ക്കു മുകളിൽ ഷട്ടർ സ്ഥാപിക്കുകയും മറ്റു മെഷിനറികൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇനി അവശേഷിക്കുന്നത്.പ്രവൃത്തി പൂർത്തിയാകുന്നതോടെ പുഴയിൽ പമ്പിങ്ങിന് ആവശ്യമായ ജലം ലഭ്യമല്ലെന്ന മലപ്പുറം നഗരസഭയിലെയും സമീപ പഞ്ചായത്തുകളുടെയും പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരമാകും.
യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ പി.കെ.സക്കീർ ഹുസൈൻ, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി.ആയിശാബി, നഗരസഭ കൗൺസിലർ കെ.പി.എ.ഷരീഫ്, നഗരസഭ സെക്രട്ടറി കെ.പി.ഹസീന, മുനിസിപ്പൽ എൻജിനീയർ പി.ടി.ബാബു, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇ.അജ്മൽ, അസിസ്റ്റന്റ് എൻജിനീയർ പി.ഷബീബ്, ഇറിഗേഷൻ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ.പുഷ്പരാജ് ഇ.കെ, ഇറിഗേഷൻ ഓവർസീയർ കെ.റാഹില, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ എം.മുഹമ്മദ് റെനീഷ് എന്നിവർ പങ്കെടുത്തു.