
ഒരു പോക്കിൽ 100 കിലോഗ്രാം വരെ തേൻ കിട്ടും; ആഴ്ചകളും മാസങ്ങളും നീണ്ടുപോകാവുന്ന തേൻ യാത്രകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആഴ്ചകളും മാസങ്ങളും നീണ്ടുപോകാവുന്ന തേൻ യാത്രകൾ. ഒടുവിൽ എന്താണോ കിട്ടുന്നത് അത് കൂട്ടത്തിലുള്ളവരുമായി പങ്കുവച്ചുകൊണ്ട് മടക്കം. ദേഹത്ത് തേനീച്ച കുത്തിയതിന്റെയും ശരീരം മരത്തിൽ വലിഞ്ഞുമുറുകിയതിന്റെയും പാടുകൾ. എല്ലാം ആ മധുരമൂറും സ്വർണത്തിനു വേണ്ടിയാണ്. ഞങ്ങളുടെ തേനിൽ മായമില്ല സാറേ.. ഇതിൽ മായം ചേർക്കണമെങ്കിൽ ഞങ്ങൾ ആ മായവും പണം കൊടുത്ത് വാങ്ങണ്ടേ. പിന്നെ അതുകൊണ്ട് മലയും കുന്നും കയറിപ്പോകണം….’ ജീവൻ പോലെ കരുതുന്ന തേനിൽ ആദിവാസികൾ മായം ചേർക്കും എന്ന ആരോപണത്തോട് ഇവർക്കു പറയാനുള്ളത് ഇത്ര മാത്രമാണ്.
എത്രവരെ ശേഖരിക്കും?
മരത്തിൽനിന്നു ശേഖരിക്കുന്ന വൻ തേനിന്റെ സീസണാണ് മാർച്ച്, ഏപ്രിൽ മാസങ്ങൾ. ഈ സമയത്ത് ഒരു പോക്കിൽ 80–100 കിലോഗ്രാം വരെ തേൻ കിട്ടും. എന്നാൽ മേയ് മാസം മുതൽ പൊത്തുകളിൽനിന്നു ശേഖരിക്കുന്ന തൊടുംതേനിന്റെ സീസണാണ്. ഈ സമയത്ത് പരമാവധി 4–5 കിലോഗ്രാം വരെയേ ഒരു പോക്കിൽ കിട്ടൂ. ഇതിനു ശേഷവും വള്ളികളിൽനിന്നു ശേഖരിക്കുന്ന തേനും കൊൽത്തേനും ഉൾപ്പെടെ ലഭിക്കും. മഴക്കാലത്തോടെ ഒരു വർഷത്തെ തേൻകാലം അവസാനിക്കുന്നു. മുൻ കാലങ്ങളിൽ ആദിവാസികളിൽനിന്ന് നിലമ്പൂർ കോവിലകമായിരുന്നു ഈ തേൻ വാങ്ങിയിരുന്നത്. 2002 മുതലാണ് വനസംരക്ഷണ സമിതി (വിഎസ്എസ്) തേൻ ശേഖരണം ആരംഭിച്ചത്.
എൻജിഒ ശ്രമങ്ങൾ
തേനിനും മറ്റു വനവിഭവങ്ങൾക്കും കൃത്യമായ വിപണി ഉറപ്പാക്കാനും തേൻ ശേഖരിക്കുന്നവർക്ക് കൃത്യമായ പ്രതിഫലം ഉറപ്പാക്കാനും ആരംഭിച്ച എൻജിഒ ആണ് കീസ്റ്റോൺ. നിലമ്പൂരിലെ മുതുവാൻ ഗോത്രവിഭാഗത്തിൽ നിന്നുതന്നെ ഉയർന്നുവന്ന ശ്യാംജിത് എന്ന ചെറുപ്പക്കാരനാണ് ഇതിനു തുടക്കം കുറിച്ചത്. ഗ്രൂപ്സ് ഓർഗനൈസ്ഡ് ഫോർ ട്രൈബൽ ഹെറിറ്റേജ് റിസർച് ആൻഡ് ആക്ഷൻ (ഗോത്ര) എന്ന സംഘം വഴിയാണ് ഇവർ തേനും മറ്റു വനവിഭവങ്ങളും ശേഖരിക്കുന്നത്. ഗോത്രയുടെ 100 കസ്റ്റമേഴ്സിൽ 50 പേർ പ്രവാസികളാണെന്ന് ശ്യാം പറയുന്നു. വിദേശ മാർക്കറ്റുകൾ കണ്ടെത്തുന്നത് തേനിന്റെ വിപണിയെ വളരെയധികം സഹായിക്കും.
കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന സാധ്യത
ആദിവാസി വിഭാഗത്തിലെ ചെറുപ്പക്കാർ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കുകയാണ്. കോവിഡും പ്രളയങ്ങളും തുടരുന്ന വന്യജീവി ആക്രമണങ്ങളും തേൻ എന്ന ഉപജീവന മാർഗത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുകയാണ്. ഇവിടെയാണ് കമ്യൂണിറ്റി ഫൗണ്ടേഷനുകളുടെ സാധ്യത വർധിക്കുന്നത്. ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള ചെറുപ്പാക്കാരെത്തന്നെ തേനിന്റെ വിപണനത്തിനും മാർക്കറ്റിങ്ങിനും പ്രേരിപ്പിക്കുന്ന കീസ്റ്റോൺ മാതൃകകൾക്ക് വലിയൊരളവ് മാറ്റമുണ്ടാക്കാൻ കഴിയും. എന്നാൽ ഇവിടെയെല്ലാം വിലങ്ങുതടിയാകുന്നത് പണം തന്നെയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ എപ്പോഴും ഇത്തരം പദ്ധതികളോടു മുഖം തിരിച്ചാണ് നിന്നിട്ടുള്ളതെന്ന് ശ്യാം പറയുന്നു. ആദിവാസികളെ അവരുടെ പരമ്പരാഗത തൊഴിൽ ചെയ്യുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് പലപ്പോഴും സർക്കാരുകൾ സ്വീകരിക്കുന്നത്. എന്നാൽ അവരുടെ പരമ്പരാഗത കഴിവുകളെയും ആധുനിക സാങ്കേതിക വിദ്യകളെയും സമന്വയിപ്പിച്ച് ഇത്തരം സംരംഭങ്ങളെ വിജയിപ്പിക്കുകയാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം.
മൂല്യവർധിത ഉൽപന്നങ്ങൾ
തേനിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതും വലിയ സാധ്യതയാണ്. തേൻ എടുത്തശേഷം ബാക്കിവരുന്ന മെഴുക് തേനിനെക്കാൾ വിലയുള്ള വസ്തുവാണ്. ഇവ ബാം, സോപ്പ് എന്നിവയുടെ നിർമാണത്തിൽ പരമാവധി ഉപയോഗിക്കാവുന്നതാണ്.കാടുവിട്ടു പോകുന്നതിനല്ല പ്രോത്സാഹനം കൊടുക്കേണ്ടത്. അന്യംനിന്നു പോകുന്ന കാട്ടറിവുകളെ സംരക്ഷിച്ച്, അവയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണു ശ്രമങ്ങൾ ആരംഭിക്കേണ്ടത്. ഇവർക്കിതു കേവലം ജീവനോപാധില്ല, ജീവിതം തന്നെയാണ്…
നിലമ്പൂർ ഹണിയുടെ മാർക്കറ്റ്
നീര് കൂടുതലുള്ള പലതരം മിനറലുകൾ അടങ്ങിയ തേനാണ് നിലമ്പൂർ കാടുകളിൽനിന്നു കിട്ടുന്നത്. സ്വർണത്തിന്റെ സാന്നിധ്യം ഉള്ള ചാലിയാറിൽ നിന്ന് തേനീച്ചകൾ നീരു കുടിക്കുന്നതിനാൽ തേനിലും സ്വർണത്തിന്റെ സാന്നിധ്യമുണ്ടെന്നാണു വിശ്വാസം. മലപ്പുറത്തു മാത്രമല്ല പ്രവാസികളിലൂടെ വിദേശ രാജ്യങ്ങളിലും നിലമ്പൂർ ഹണി പ്രസിദ്ധമാണ്. പല സീസണിൽ തേനീച്ച തേനെടുക്കുന്ന പൂക്കളുടെ വ്യത്യസ്തതകൊണ്ട് തേനിന്റെ നിറത്തിലും ഗുണത്തിലും വ്യത്യാസം വരാറുണ്ട്. എന്നാൽ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെടാത്തതിനാലും കയറ്റുമതി ഉൾപ്പെടയുള്ളവയിലെ സാധ്യതതകൾ അന്വേഷിക്കാത്തതിനാലും ഈ ഗുണങ്ങൾകൊണ്ടൊന്നും കാര്യമില്ലാതെ പോവുകയാണ്. പലപ്പോഴും ശേഖരിച്ച തേൻ എടുക്കാനാളില്ലാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.