
ഷാബാ ഷെരീഫ് വധം: ഇനി ഉറ്റുനോക്കുന്നത് അബുദാബി ഇരട്ടക്കൊലപാതകത്തിന്റെ വിധി
നിലമ്പൂർ ∙ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അബുദാബി ഇരട്ടക്കൊലപാതക കേസിലേക്കാണു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും ഉറ്റുനോക്കുന്നത്. 2020 മാർച്ച് 5ന് ആണ് ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് ഈസ്റ്റ് മലമ്മൽ സ്വദേശി തത്തങ്ങപറമ്പിൽ കുറുപ്പംതൊടി ഹാരിസ്, മാനേജർ ഡെൻസി ആന്റണി എന്നിവർ അബുദാബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്.
Read Also
ഷാബാ ഷരീഫ് വധക്കേസ്: മാപ്പുസാക്ഷിയെ സൃഷ്ടിച്ച കേസ്; തെളിവുകൾക്ക് മുന്നിൽ തന്ത്രങ്ങൾ തോറ്റു
Malappuram News
ഷാബാ ഷെരീഫ് വധത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഷൈബിൻ അഷ്റഫ്, നിഷാദ്, വെറുതേ വിട്ട ഷബീബ് റഹ്മാൻ, മുഹമ്മദ് അജ്മൽ, ചീര ഷഫീഖ്, സുന്ദരൻ സുകുമാരൻ, ഒളിവിലുള്ള പൊരി ഷമീം, മരിച്ച ഫാസിൽ, കേസിലെ മാപ്പുസാക്ഷി തങ്ങളകത്ത് നൗഷാദ്, കൂടാതെ ഹാരിസിന്റെ മുൻ ഭാര്യ കെ.സി.നസ്ലീമ, നസ്ലീമയുടെ പിതാവ് റഷീദ് എന്നിവരാണ് കേസിൽ പ്രതികൾ.
അബുദാബിയിൽ ലഹരി മരുന്ന് ഇടപാടിൽ ഷൈബിൻ പിടിക്കപ്പെട്ടത് ഹാരിസ് കാരണമാണെന്ന സംശയവും, നസ്ലീമയുമായി ഷൈബിന്റെ അടുപ്പവും കൊലപാതകത്തിന് പ്രേരണയായെന്നാണ് കേസ്. ഷൈബിൻ അയച്ച കൊലയാളി സംഘം ആദ്യം ഡെൻസിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.
തുടർന്ന് ഹാരിസിനെ കൈഞരമ്പ് മുറിച്ചു ബാത്ത് ടബിൽ തള്ളി. ഡെൻസിയെ കൊന്ന ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്ന് തെളിവുകൾ സൃഷ്ടിച്ചു സംഘം നാട്ടിലേക്ക് മടങ്ങി.
വിഡിയോ കോൾ വഴി ഷൈബിൻ കൊലയാളികൾക്ക് തത്സമയ നിർദേശങ്ങൾ നൽകിയതായി അന്വേഷണ സംഘം കണ്ടെത്തി. ഷാബാ ഷെരീഫ് വധം അന്വേഷണത്തിനിടെയാണ് ഇരട്ട
കൊലപാതകം വെളിച്ചത്ത് വന്നത്. ഹാരിസിന്റെ മാതാവിന്റെയും സഹോദരിയുടെയും പരാതിയിൽ നിലമ്പൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.
ഡിവൈഎസ്പി സജു കെ ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി നാട്ടിലെത്തിച്ചു സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു.
എസ്പി ദിവ്യ സാറ തോമസ്, ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ജയിലിലുള്ള പ്രതികൾ ഉൾപ്പെടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒളിവിലുള്ള പൊരി ഷമീം ഒഴികെയുള്ളവർക്കെതിരെ എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ തുടങ്ങിയില്ല.
പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]