
ഷാബാ ഷരീഫ് വധക്കേസ്: മാപ്പുസാക്ഷിയെ സൃഷ്ടിച്ച കേസ്; തെളിവുകൾക്ക് മുന്നിൽ തന്ത്രങ്ങൾ തോറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
നിലമ്പൂർ ∙ ഷാബാ ഷരീഫ് വധക്കേസിൽ കുടുങ്ങാതിരിക്കാൻ പ്രതികൾ പയറ്റിയത് പല തന്ത്രങ്ങൾ. പക്ഷേ, ആഴത്തിൽ അന്വേഷിച്ച് പൊലീസ് കണ്ടെത്തിയ തെളിവുകൾ ഒടുവിൽ അഭിമാന നേട്ടമായി. പ്രതികളുടെ അതിബുദ്ധിയും ഒരുവേള കേസിൽ തിരിച്ചടിച്ചു.
മാപ്പുസാക്ഷിയെ സൃഷ്ടിച്ച കേസ്
2022 ഏപ്രിൽ 24ന് തന്റെ മുക്കട്ടയിലുള്ള വീട് ആക്രമിക്കുകയും തന്നെ മർദിക്കുകയും പണവും ലാപ്ടോപും മൊബൈൽ ഫോണും കവർച്ച ചെയ്തതായും ഷൈബിൻ അഷ്റഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പൊലീസ് ബത്തേരിയിലെത്തി തങ്ങളകത്ത് നൗഷാദിന്റെ ജ്യേഷ്ഠൻ അഷ്റഫിനെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ നൗഷാദ് അടക്കം 5 പേർ സെക്രട്ടേറിയേറ്റിനുമുന്നിൽ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയത് വാർത്തയായി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലീസിനു കൈമാറി. ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നൗഷാദ് പിന്നീട് മാപ്പുസാക്ഷിയായത് കേസിൽ പ്രധാന വഴിത്തിരിവായി. ഇതും കേസ് തെളിയിക്കുന്നതിന് അനുകൂലമായി.
പ്രളയം കൊണ്ടുപോയ തെളിവുകൾ
മൈസുരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഷാബാ ഷരീഫിനെ ഒന്നേകാൽ വർഷം പീഡിപ്പിച്ചിട്ടും പാരമ്പര്യ വൈദ്യ രഹസ്യം കിട്ടാതായതാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം വെട്ടിനുറുക്കി എടവണ്ണ സീതി ഹാജി പാലത്തിന് സമീപമാണ് ചാലിയാറിൽ ഒഴുക്കിയത്. ഇവിടെ അഗ്നി രക്ഷാസേനയ്ക്കു പുറമേ നാവികസേന മുങ്ങൽ വിദഗ്ധരെ വരെ വരുത്തിയാണ് പൊലീസ് തിരച്ചിൽ നടത്തിയത്. സംഭവം നടന്ന് 2 മഴക്കാലം കഴിഞ്ഞിരുന്നതിനാൽ ശരീരാവശിഷ്ടങ്ങൾ ഒന്നും കിട്ടിയില്ല.
ഷാബാ ഷരീഫിനെ തടങ്കലിട്ടിരുന്ന മുറിയിൽ നിന്നു രക്തക്കറ കിട്ടാതിരിക്കാൻ പ്രതികൾ രാസലായനി ഉപയോഗിച്ചു പല തവണ കഴുകി വൃത്തിയാക്കിയിരുന്നു. അതിനാൽ വാഷ് ബേസിന്റെ കുഴലുകൾ,, മലിനജലക്കുഴി ഉൾപ്പെടെ ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചു. രക്തക്കറ കിട്ടിയിരുന്നെങ്കിലും ഡിഎൻഎ ടെസ്റ്റ് നടത്താൻ പര്യാപ്തമായിരുന്നില്ല.
കാറിന്റെ പേരിലും രക്ഷപ്പെടാനായില്ല
ഷാബാ ഷെരിഫിനെ തട്ടിക്കൊണ്ടുവരാനുപയോഗിച്ച കാർ പ്രധാനപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവിന്റെ പേരിലാണ് റജിസ്റ്റർ ചെയ്തത്. വാഹനം തന്റെ ഉപയോഗത്തിലുള്ളതല്ലെന്നു വിചാരണ വേളയിൽ ഷൈബിൻ വാദിച്ചു. ഷൈബിൻ കാർ ഓടിക്കവേ കുന്നംകുളം സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിന്റെ എഫ്ഐആർ ഹാജരാക്കി പൊലീസ് വാദമുന ഒടിച്ചു. കാറിൽ നിന്നു കണ്ടെടുത്ത മുടിയിഴ ഷാബാ ഷരീഫിന്റേതാണെന്നു തെളിയിക്കാൻ പൊലീസിനു സാധിച്ചു.
രോഗിയെ പരിശോധിക്കാനെന്ന പേരിൽ ഷൈബിന്റെ മാനേജർ ഷിഹാബുദ്ദീനാണ് ഷാബാ ഷരിഫിനെ വീട്ടിൽ നിന്നു ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത്. അതിനാൽ ഷാബാ ഷരീഫിന്റെ ഭാര്യ തന്നെ തിരിച്ചറിയുമോ എന്ന ഭയം ഷിഹാബുദ്ദീനുണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാൻ ഷിഹാബുദ്ദീൻ ഭക്ഷണം വളരെ കുറച്ച് ശരീരത്തിന് രൂപമാറ്റം വരുത്തിയെങ്കിലും അതും വിലപ്പോയില്ല. കുറ്റകൃത്യം നടന്ന ഷൈബിന്റെ മുക്കട്ടയിലെ ആഡംബര വസതി ജുഡീഷ്യൽ കസ്റ്റഡിയിൽ പരിസരം കാട് കൂടി അടഞ്ഞുകിടക്കുകയാണ്: കേസിൽ ഉൾപ്പെട്ട 3 ആഡംബര കാറുകൾ നിലമ്പൂർ ഡിവൈഎസ്പി ഓഫിസ് പരിസരത്തുണ്ട്.
ഒളിവിലുള്ളയാൾക്ക് വേറെ വിചാരണ
ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയതിൽ ഉൾപ്പെടെ പങ്കുള്ള പ്രതി പൊരി ഷമീം ഒളിവിലാണെങ്കിലും അയാൾ പിടിയിലാകുന്ന മുറയ്ക്ക് കേസിന്റെ വിചാരണ വീണ്ടും നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കു പുറമേ എസ്ഐമാരായ നവീൻ രാജ്, എം.അസൈനാർ, എഎസ്ഐമാരായ റെനി ഫിലിപ്പ്, അനിൽകുമാർ, വി.കെ.പ്രദീപ്, എ.ജാഫർ, സിപിഒ സന്ധ്യ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഷാബാ ഷെരീഫ് കേസിന്റെ നാൾ വഴി
2019 ഓഗസ്റ്റ് ഒന്ന് : ഷാബാ ഷെരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു പോകൽ
2020 ഒക്ടോബർ 8: ഷാബാ ഷെരീഫിന്റെ കൊലപാതകം
2020 ഒക്ടോബർ 9 : മൃതദേഹം ചാലിയാറിൽ ഒഴുക്കി
2022 ഏപ്രിൽ 23 : ഷൈബിന്റെ വീട്ടിൽ ഒരു സംഘം പേർ അതിക്രമിച്ചു കയറിയെന്നു നിലമ്പൂർ പൊലീസിൽ പരാതി.
2022 ഏപ്രിൽ 28: സെക്രട്ടേറിയറ്റിൽ പ്രതികളുടെ ആത്മഹത്യാ ഭീഷണി, കുറ്റകൃത്യങ്ങളുെടെ വെളിപ്പെടുത്തൽ, പെൻഡ്രൈവ് ഉയർത്തി കാണിച്ച് ദൃശ്യങ്ങൾ ഉണ്ടെന്ന് പറയുന്നു
2022 ഏപ്രിൽ 29: തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പ്രതിഷേധിച്ച 5 പേരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലീസിന് കൈമാറി
2022 മേയ് 3. നിലമ്പൂർ പൊലീസിനു പ്രതികളിൽനിന്നു കൊലപാതക വിവരം ലഭിക്കുന്നു.
2022 മേയ് 8 : കൊലപാതകത്തിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നു
2022 മേയ് 28 : വണ്ടൂർ സ്വദേശി മിഥുൻ അറസ്റ്റിൽ
2022 ജൂലൈ 28: അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരെ എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്യുന്നു.
2022 ഓഗസ്റ്റ് 10: റിട്ട.എസ്ഐ സുന്ദരൻ കീഴടങ്ങി.
2023 ഫെബ്രുവരി: കേസിന്റെ വിചാരണ തുടരുന്നു
2024 മാർച്ച് 20: 3 പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിക്കുന്നു.
ഷാബാ ഷരീഫ് വധം: 3 പ്രതികൾ കുറ്റക്കാർ
മഞ്ചേരി ∙ പാരമ്പര്യ വൈദ്യൻ മൈസൂരു രാജീവ് നഗർ സ്വദേശി ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾ കുറ്റക്കാർ. ജഡം ലഭിക്കാത്ത സാഹചര്യത്തിൽ ഷാബാ ഷരീഫിന്റെ മുടിയുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ പരിശോധനാഫലമാണു പ്രധാന തെളിവായത്. ഒന്നാം പ്രതി പ്രവാസി വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ് (37), ഷൈബിന്റെ മാനേജറായ രണ്ടാം പ്രതി വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ് (32) എന്നിവരെയാണ് മഞ്ചേരി അഡീഷനൽ സെഷൻസ് ജഡ്ജി എം.തുഷാർ കുറ്റക്കാരെന്നു കണ്ടെത്തിയത്. 9 പ്രതികളെ വിട്ടയച്ചു. ശിക്ഷ നാളെ വിധിക്കും.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന ഷാബാ ഷരീഫിനെ നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചു. ഉദ്ദേശ്യം നടക്കാതായതോടെ 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കി എന്നാണു പ്രോസിക്യൂഷൻ കേസ്. ഒന്നരവർഷം സംഭവം ആരുമറിഞ്ഞില്ല. 2022 ഏപ്രിൽ 28ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ കേസിലെ മാപ്പുസാക്ഷി നൗഷാദ് അടക്കം അഞ്ചുപേർ ആത്മഹത്യാഭീഷണി മുഴക്കി ഷൈബിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ മനോരമ ന്യൂസ് ടിവി ചാനൽ പുറത്തുവിട്ടതാണ് കേസിലേക്കു നയിച്ചതും പ്രതികൾ കുടുങ്ങാൻ ഇടയാക്കിയതും.