
വിധിയെഴുതാൻ 2.32 ലക്ഷം വോട്ടർമാർ; രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പോളിങ്
നിലമ്പൂർ ∙ 2.32 ലക്ഷം വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ ഇന്നലെ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
ഇന്നു പുലർച്ചെ 5.30ന് മോക് പോൾ നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്.
വോട്ടെടുപ്പ് വെബ്കാസ്റ്റിങ് ഉണ്ടാകും. മുൻപ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായ ബൂത്തുകളിലും കേന്ദ്രസേനയുണ്ടാകും.
എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് നിലമ്പൂർ നഗരത്തിലെ കടയിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ.
സുരക്ഷ
സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്രസേനയും സജ്ജം.
ഇലക്ഷൻ ഡ്യൂട്ടിക്കായി നിലമ്പൂർ പൊലീസ് സബ് ഡിവിഷനെ 2 സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂർ, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന നിലമ്പൂർ ഇലക്ഷൻ സബ് ഡിവിഷൻ നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകൽ സ്റ്റേഷനുകൾ എടക്കര ഇലക്ഷൻ സബ് ഡിവിഷനാക്കി എടക്കര ഡിവൈഎസ്പിയുടെ കീഴിലും. ബൂത്തുകളിൽ പട്രോളിങ്ങിന് പൊലീസിന്റെ 17 ഗ്രൂപ്പ്.
ഓരോ ഗ്രൂപ്പിലും ഒരു സബ് ഇൻസ്പെക്ടറും 2 പൊലീസുകാരും. ക്രമസമാധാന പാലനത്തിന് ഓരോ സ്റ്റേഷൻ പരിധിയിലും ഒരു എസ്ഐ, 3 പൊലീസുകാർ എന്നിവരടങ്ങുന്ന 2 പട്രോളിങ് ടീം. ഇതോടൊപ്പം ഒരു എസ്ഐ, 4 പൊലീസുകാർ എന്നിവരുൾപ്പെടുന്ന ദ്രുതപ്രതികരണ സംഘവും.
ഒരു കമ്പനി സായുധ പൊലീസ് ബറ്റാലിയൻ സേനാംഗങ്ങളുമുണ്ട്. സ്ട്രോങ് റൂം ഉള്ള ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നർ കോർഡോൺ ഡ്യൂട്ടിക്കായി ഒരു പ്ലറ്റൂൺ കേന്ദ്ര സായുധ സേനാംഗങ്ങളെയും ഔട്ടർ കോർഡോൺ ഡ്യൂട്ടിക്കായി നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 2 ഇൻസ്പെക്ടർമാരും 6 സബ് ഇൻസ്പെക്ടർമാരും 2 പ്ലറ്റൂൺ സായുധ സേനാംഗങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണം. 1) യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ വല്ലപ്പുഴ ഓട്ടുകമ്പനിയിൽ തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു.
2) എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നിലമ്പൂർ നഗരത്തിൽ വോട്ട് തേടുന്നു.
കാലാവസ്ഥ അനുകൂലമാക്കി അവസാനദിന വോട്ടുതേടൽ
നിലമ്പൂർ ∙ ഇടവിട്ട് നേരിയ ചാറ്റൽ മഴ, തുടർന്ന് ഇളം വെയിൽ. വോട്ടുറപ്പിക്കലിനായി അവസാനവട്ട
ഓട്ടപ്പാച്ചിലിന് ഇന്നലെ അനുകൂല കാലാവസ്ഥയായിരുന്നു. സ്ഥാനാർഥികളും പ്രവർത്തകരും ഇന്നലെ സ്ഥാപനങ്ങളും വീടുകളും കയറി ഇറങ്ങി വോട്ട് തേടി.
പ്രവർത്തകർ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി. സ്ലിപ്പുകൾ വിതരണം ചെയ്തു.
ഇന്ന് വോട്ടെടുപ്പിനു കാലാവസ്ഥ അനുകൂലമാകുമെന്ന പ്രത്യാശയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. വിവിധ ഭാഗങ്ങളിൽനിന്നു നിലമ്പൂരിൽ തമ്പടിച്ച പ്രവർത്തകർ നേതാക്കൾ, മന്ത്രിമാർ എന്നിവർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം മാനിച്ച് പരസ്യപ്രചാരണം അവസാനിപ്പിച്ച് ചൊവ്വാഴ്ച കളം വിട്ടു. ഉന്നത നേതാക്കൾ മണ്ഡലത്തിന്റെ അതിർത്തിയായ വടപുറത്തും പരിസര പ്രദേശത്തും ക്യാംപ് ചെയ്ത് സന്നാഹങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]