
ആയിരങ്ങൾ സാക്ഷി; കൊണ്ടോട്ടി നേർച്ചയ്ക്ക് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊണ്ടോട്ടി∙ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം, കൊണ്ടോട്ടി നേർച്ചയ്ക്ക് തുടക്കംകുറിച്ചു മൂന്നു കതിനകൾ പൊട്ടി. തോക്കെടുക്കൽ ചടങ്ങിന്റെ ഭാഗമായുള്ള ആ കാഴ്ചയ്ക്ക്, നഗരമധ്യത്തിൽ സാക്ഷിയായത് ആയിരങ്ങൾ. കൊണ്ടോട്ടി ഫെസ്റ്റ് നടക്കുന്ന മൈതാനത്തായിരുന്നു ചടങ്ങ്. വൈകിട്ട് ആറരയോടെ മൈതാനം ആളുകളെക്കൊണ്ടു നിറഞ്ഞു. തോക്കെടുക്കൽ എന്ന പേരിലറിയപ്പെടുന്ന പീരങ്കി പ്രദർശനത്തോടെയാണ്, പരമ്പരാഗതമായി കൊണ്ടോട്ടി നേർച്ച തുടങ്ങാറുള്ളത്. മലപ്പുറം എആർ ക്യാംപിൽ സൂക്ഷിച്ചിരുന്ന പീരങ്കികൾ ജില്ലാ പൊലീസ് മേധാവിയുടെയും കലക്ടറുടെയും അനുമതിയോടെ കഴിഞ്ഞ ദിവസമാണ് ഏറ്റെടുത്ത് കൊണ്ടോട്ടിയിൽ എത്തിച്ചത്.
സ്ഥാനീയൻ കെ.ടി.റഹ്മാൻ തങ്ങൾ പ്രാർഥനയ്ക്കു നേതൃത്വം നൽകി. ടി.വി.ഇബ്രാഹിം എംഎൽഎ, നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, നിയുക്ത സ്ഥാനീയൻ കെ.ടി.കുഞ്ഞുമോൻ തങ്ങൾ, കെ.ടി.ശിഹാബുദ്ദീൻ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി.റഫീഖലി തങ്ങൾ, പുതിയറക്കൽ സലീം, പി.അബ്ദുറഹ്മാൻ, പുലാശ്ശേരി മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. സിഐ പി.എം.ഷമീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വൈകിട്ടു സി.ഹംസയുടെ ആത്മീയ പ്രഭാഷണവും ലിറാർ അമീനിയുടെ സൂഫി സംഗീതവിരുന്നുമുണ്ടായി. ഇന്ന് നേർച്ചയിൽ വള്ളുവനാട്ടുകര പെട്ടിവരവും രാത്രിയിൽ തക്കിയൻസ് ഖവാലിയും. നാളെയും മറ്റന്നാളും വിവിധ ദേശക്കാരുടെ പെട്ടിവരവുകൾ. സമാപന ദിവസമായ 15നു രാവിലെ 9.30നു തട്ടാൻ പെട്ടിവരവ്, 11നു ചന്ദനമെടുക്കൽ, സിൽസിലാ പാരായണം എന്നിവയുണ്ടാകും.