
അങ്ങാടിപ്പുറത്തെ ഗതാഗത പരിഷ്കാരം: കുരുക്കു മുറുക്കി നടത്തിപ്പിലെ പാകപ്പിഴകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരത്തിന്റെ നിർവഹണത്തിലെ പാകപ്പിഴകൾ ഇന്നലെ പലപ്പോഴും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. ഇവിടെ തിങ്കൾ, ശനി ദിവസങ്ങളിൽ മുൻപ് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. അത്രയ്ക്ക് കുരുക്ക് ഇന്നലെ അനുഭവപ്പെട്ടില്ല. വാഹന നീക്കം നിലയ്ക്കുന്ന സാഹചര്യം വളരെ കുറഞ്ഞു. പരിയാപുരം റോഡിൽ നിന്നും വളാഞ്ചേരി റോഡിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾക്ക് മലപ്പുറം റോഡിൽ വീതി കുറഞ്ഞ ഭാഗത്ത് ഒരുക്കിയ യു ടേൺ സ്ഥിതി പലപ്പോഴും വഷളാക്കി. റാവറമണ്ണ ശിവക്ഷേത്രത്തിലേക്ക് തിരിയുന്ന റോഡിനു സമീപമാണ് റോഡിനെ താൽക്കാലിക ഡിവൈഡർ വച്ച് വിഭജിച്ച് യൂ–ടേൺ സൗകര്യം ഒരുക്കിയത്. എന്നാൽ ഇവിടെ വാഹനങ്ങൾക്ക് തിരിച്ചെടുക്കാൻ ആവശ്യമായ സ്ഥലമില്ലാത്തതാണ് കുരുക്ക് മുറുക്കിയത്.
യഥാർഥത്തിൽ മലപ്പുറം റോഡിൽ 4 വരിപ്പാതയിലേറെ വീതിയുള്ള കോട്ടപ്പറമ്പ് ഭാഗത്താണ് വാഹനങ്ങൾക്ക് യു ടേണിനായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ റോഡിലുള്ള 2 മരങ്ങൾ മുറിച്ചുനീക്കി വീതി കൂട്ടി ടാറിങ് നടത്തുന്നത് വൈകുകയാണ്. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിലും അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്തിട്ടുള്ളതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം പരിയാപുരം റോഡിൽ നിന്നും ഇടറോഡുകളിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലപ്പുറം റോഡിൽ പോയി യു ടേൺ തിരിയുന്നതിനു പകരം നിയമപാലകരുടെ കണ്ണു വെട്ടിച്ച് ഡിവൈഡർ ഇല്ലാത്ത ഭാഗങ്ങളിൽ ഇടയ്ക്ക് കയറാൻ ശ്രമിച്ചതും സ്ഥിതി വഷളാക്കി. പുതിയ പരിഷ്ക്കാരം സംബന്ധിച്ച ആളുകളുടെ അറിവില്ലായ്മയും പലപ്പോഴും കുരുക്കിനിടയാക്കി. അതേ സമയം വളാഞ്ചേരി, കോട്ടക്കൽ റോഡിൽ ഇന്നലെ അപൂർവമായി മാത്രമാണ് വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായത്. വലിയ ഭാര വാഹനങ്ങളും ബസുകളും കൂടി മേൽപാലം വഴി എത്തി തുടങ്ങുന്നതോടെ മാത്രമേ പരിഷ്കരണത്തിന്റെ ഗുണദോഷങ്ങൾ പൂർണമായും വിലയിരുത്താനാകൂ.