
ഓല കൊണ്ട് മറയ്ക്കാനാകുമോ അനാസ്ഥ; സ്ലാബില്ലാത്ത ഓടയിൽ വീണ് കരൾരോഗിയുടെ കാലൊടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ഉണങ്ങിയ ഓല കൊണ്ട് മൂടിയ നിലയിൽ സ്ലാബില്ലാതെ തുറന്നുകിടന്ന ഓടയിലേക്കു വീണ് ഗൃഹനാഥന്റെ കാലൊടിഞ്ഞു. കരൾമാറ്റ ചികിത്സയ്ക്കായി ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം കിഴിശേരി പുത്രത്തൊടി വീട്ടിൽ സി.ജയചന്ദ്ര ബാബുവിനാണ് ദുരവസ്ഥ. ചികിത്സാകാലത്ത് ഒന്നര മാസത്തോളം താമസിക്കാൻ ആശുപത്രിക്കു സമീപം വീട് അന്വേഷിച്ചു പോകുന്നതിനിടയിലാണ് അപകടം. ഇതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മുടങ്ങി.
കഴിഞ്ഞ 30ന് അവസാനഘട്ട സ്കാനിങ്ങിനു ശേഷമാണ് ജയചന്ദ്രബാബു വീട് അന്വേഷിച്ചിറങ്ങിയത്. മിംസ് ആശുപത്രിക്കു സമീപത്തു നിന്ന് വളയനാട് ക്ഷേത്ര റോഡിലേക്കുള്ള കോർപറേഷൻ വഴിയിലാണ് അപകടം. രണ്ടു സ്ലാബുകൾക്ക് ഇടയിൽ തുറന്ന് ഇട്ടിരിക്കുന്ന ഭാഗം ഓല കൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഇരുട്ടിൽ ഈ അപകടം കാണാതെ നടക്കുമ്പോഴാണ് ജയചന്ദ്രബാബു ഓടിയലേക്ക് വീണത്. തുറന്നുകിടക്കുന്ന ഭാഗത്ത് മുന്നറിയിപ്പുകളോ അടയാളങ്ങളോ ഉണ്ടായിരുന്നില്ല.
സംഭവ സ്ഥലത്തു തന്നെ അമിത രക്തസ്രാവം ഉണ്ടായ ജയചന്ദ്രബാബുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടിന് കാലിൽ ശസ്ത്രക്രിയ നടത്തി. ഈ പരുക്ക് ഭേദമായ ശേഷമേ കരൾമാറ്റിവയ്ക്കൽ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കാലിന്റെ ശസ്ത്രക്രിയയ്ക്കു മാത്രം ഇതിനിടെ ലക്ഷങ്ങൾ ചെലവായതായി ജയചന്ദ്രബാബു നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ വരെ ഐസിയുവിൽ കിടത്തിയാണ് ചികിത്സ. കോർപറേഷന്റെ അനാസ്ഥ മൂലം തങ്ങൾ ഭാരിച്ച സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണെന്ന് ഭാര്യ ടി.സുജാത മുഖ്യമന്ത്രിക്കും കോർപറേഷൻ മേയർക്കും പരാതി നൽകി.