
താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയിലെന്ന് സ്ഥിരീകരണം; കെട്ടിടം അടച്ചിടാൻ ഉത്തരവ്, സാധനങ്ങൾ മാറ്റിത്തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ പ്രധാന ബ്ലോക്ക് ഇനി ഔദ്യോഗികമായിത്തന്നെ ‘അൺഫിറ്റ്’. ശോച്യാവസ്ഥയിലായ കെട്ടിടത്തിലെ സാധനങ്ങൾ ഇന്നലെ മുതൽ മാറ്റിത്തുടങ്ങി. ആശുപത്രി പ്രവർത്തനങ്ങൾ നിർത്തി കെട്ടിടം പൂർണമായും അടച്ചിടാൻ നിർദേശിച്ച് ആശുപത്രി സൂപ്രണ്ടിന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക കത്തുനൽകി. അത്യാഹിത വിഭാഗത്തിലെ കിടക്കകളും അനുബന്ധ ഉപകരണങ്ങളും പിറകിലെ പുതിയ ഒപി കെട്ടിടത്തിലേക്കാണു മാറ്റിയത്. ഒപിയിലെ പ്രവേശന കവാടത്തോടു ചേർന്ന് ബിപി പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സ്ഥലത്തായിരിക്കും കാഷ്വൽറ്റി ഇനി പ്രവർത്തിക്കുക. മൾട്ടി പാരാ മോണിറ്ററോടു കൂടിയ 5 ബെഡുകളും ഒരു ഫ്രീ ബെഡും ഉൾപ്പെടെ ഇവിടെ സജ്ജമാക്കും.
പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും. ഒട്ടേറെ മാനദണ്ഡങ്ങൾ പൂർത്തിയാക്കി മാത്രമേ ബ്ലഡ് സ്റ്റോറേജ് മറ്റൊരിടത്തേക്ക് മാറ്റാനാകൂ. ഇതു വേഗത്തിൽ നടപ്പാക്കുക പ്രായോഗികമല്ല. എക്സ് റേ യൂണിറ്റ് മാറ്റാനുള്ള സൗകര്യം നിലവിൽ ആശുപത്രിയിലില്ല. പകരം പോർട്ടബിൾ എക്സ് റേ യൂണിറ്റ് ഉപയോഗിക്കും. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് കേന്ദ്രം നൂറേങ്ങൽ, ആലത്തൂർപടി എന്നിവിടങ്ങളിലെ ഏതെങ്കിലും ഒരു വെൽനെസ് സെന്ററിലേക്കു മാറ്റും. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഫിസിയോതെറപ്പി യൂണിറ്റും ഇവിടേക്കു മാറ്റും.
നഴ്സുമാരുടെയും നഴ്സിങ് സൂപ്രണ്ടിന്റെയും ഓഫിസ്, ആർഎംഒ മുറി എന്നിവയ്ക്ക് ആശുപത്രിയിൽ തന്നെയുള്ള മറ്റിടങ്ങളിൽ സൗകര്യമൊരുക്കും.അതേസമയം മരുന്നു സൂക്ഷിക്കാൻ ഇടമില്ലാത്തത് വെല്ലുവിളിയാണ്. ഒരു കോടിയോളം രൂപ വിലവരുന്ന മരുന്നുകൾ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലെ സ്റ്റോറേജ് റൂമിലുണ്ട്. മരുന്നുകൾ മാറ്റാൻ എസിയുള്ള വിശാലമായ സ്ഥലം ആവശ്യമാണ്. ആശുപത്രിയിൽ അതിനുള്ള സ്ഥലസൗകര്യമില്ല. സ്റ്റോറേജ് കേന്ദ്രം മലപ്പുറം നഗരസഭയുടെ സഹായത്തോടെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാനാണു നീക്കം.\\