
ഒരു ലീറ്റർ പെട്രോളിന് വെറും 63 പൈസ! മലബാർ സമരകാലത്ത് ഇന്ധനമടിച്ച തുക വൈകിച്ചു, പിന്നെ വെട്ടി ബ്രിട്ടിഷുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ മലബാർ സമരം അടിച്ചമർത്താൻ ബ്രിട്ടിഷുകാർ ഉപയോഗിച്ച വണ്ടികൾക്ക് ഇന്ധനമടിച്ചതിനു മൂന്നര വർഷത്തോളം പെട്രോൾ കമ്പനിക്കു പണം നൽകിയില്ലെന്നു ചരിത്രരേഖ. പിന്നീടു കമ്പനിയുടമകൾ എഴുത്തുകുത്തുകളുമായി നിരന്തരം ബന്ധപ്പെട്ടതോടെ ചെറുതായി വഴങ്ങി. എന്നിട്ടും പെട്രോൾ ബില്ലിലെ പകുതിയിലേറെ തുക വെട്ടിയെന്നാണു രേഖകൾ പറയുന്നത്. കോഴിക്കോട് റീജനൽ ആർക്കൈവ്സിലെ ഗവേഷണത്തിനിടെ മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ.എം.സി.വസിഷ്ഠിനാണ് ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചത്. 1924 ഒക്ടോബർ ഒന്നിനു മലബാറിലെ ജില്ലാ മജിസ്ട്രേട്ട് ജെ.എ.ത്രോം മലബാറിലെ ജില്ലാ പൊലീസ് സൂപ്രണ്ടിനയച്ച കത്തിലും 1925 ഫെബ്രുവരി 20ന് പെട്രോൾ കമ്പനി ദക്ഷിണ മലബാർ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിനയച്ച കത്തിലുമാണു പ്രധാന സൂചനകൾ.
കോഴിക്കോട്ടെ ‘ദി ഏഷ്യാറ്റിക് പെട്രോൾ കമ്പനി’ ആണു മലബാർ സമരകാലത്തു ബ്രിട്ടിഷ് പൊലീസടക്കം ഉപയോഗിച്ച വാഹനങ്ങൾക്കു പെട്രോൾ നൽകിയത്. 525 രൂപയും 6 അണയുമാണു ഭരണകൂടം നൽകേണ്ടതെന്നാണു കമ്പനി അറിയിച്ചത്. ഈ തുകയാണു മൂന്നര വർഷത്തോളം നൽകാതിരുന്നത്. പല ഇടപെടലുകൾക്കു ശേഷമാണു പണം നൽകാൻ തയാറായത്. എന്നാൽ നൽകിയതാകട്ടെ 217 രൂപ മാത്രം. വെട്ടിയത് 308 രൂപയും 6 അണയും. ബില്ലുകൾക്കൊപ്പം മതിയായ വൗച്ചറുകളില്ല എന്നാണു തുക നൽകാതിരിക്കാൻ കാരണം പറഞ്ഞത്. അതേസമയം അയച്ച ബില്ലുകളും വൗച്ചറുകളും പര്യാപ്തമാണെന്നു ചിറക്കൽ സർക്കിൾ ഇൻസ്പെക്ടർ കുട്ടിശങ്കര പണിക്കർ അറിയിച്ചിരുന്നുവെന്നു കമ്പനി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, പിന്നീട് എന്തെങ്കിലും സംഭവിച്ചോയെന്നതു സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടില്ല.
ഒരു ലീറ്റർ പെട്രോളിന് വെറും 63 പൈസ!
1921ലെ മലബാറിലെ പെട്രോൾ വില സംബന്ധിച്ച കൗതുകംകൂടി വെളിപ്പെടുത്തുന്നതാണ് ഈ കത്തുകൾ. 96 ഗാലൻ പെട്രോളിന്റെ വിലയായ 217 രൂപയാണു കമ്പനിക്ക് അനുവദിച്ചത് എന്നു കത്തുകളിൽ സൂചിപ്പിക്കുന്നുണ്ട്.
ഏതാണ്ട് 350 ലീറ്റർ പെട്രോൾ.
അക്കാലത്ത് ഒരു രൂപ എന്നാൽ 100 പൈസ ആയിരുന്നില്ല, മറിച്ച് 64 പൈസ ആയിരുന്നു. ഈ കണക്കെടുത്താൽ അന്നത്തെ ഒരു ലീറ്റർ പെട്രോളിന്റെ വില 63 പൈസ!