
തിരൂർ ജില്ലാ ആശുപത്രിയിൽ നിർമിച്ച 35 കോടിയുടെ ഒൻപതു നില കെട്ടിടം ഏഴു വർഷമായി അനാഥം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ∙ ജില്ലയിലെയും അയൽജില്ലകളിലെയും കാൻസർ രോഗികൾക്കു ചികിത്സയൊരുക്കാൻ തിരൂർ ജില്ലാ ആശുപത്രിയിൽ നിർമിച്ച ഒൻപതു നില ഓങ്കോളജി കെട്ടിടം ഏഴു വർഷമായി അനാഥമായിക്കിടക്കുന്നു. നബാർഡിന്റെ 30 കോടിയോളം രൂപയും ജില്ലാ പഞ്ചായത്തിന്റെ അഞ്ചു കോടി രൂപയും ഉപയോഗിച്ചാണു നിർമാണം പൂർത്തിയാക്കിയത്. പണി കഴിഞ്ഞിട്ട് വർഷങ്ങളായി. ഇതുവരെ തുറന്നിട്ടില്ല.ഇതിനിടെ, ഒൻപതു നിലകളിൽ കാൻസർ ചികിത്സ വേണ്ടെന്ന നിലപാടിലായി സർക്കാർ. മൂന്നു നിലകൾ തുറക്കാമെന്നും ഇതിൽ ഒരു നിലയിൽ കാൻസർ ചികിത്സ നടത്താമെന്നും മറ്റു നിലകളിൽ ആശുപത്രിയിലെ മറ്റു വിഭാഗങ്ങൾക്കു പ്രവർത്തിക്കാമെന്നുമുള്ള നിർദേശവും വന്നു. അതും ഫയലുകളിലൊതുങ്ങി.തുറക്കുമെന്നു പലതവണ പ്രഖ്യാപനമുണ്ടായിട്ടുണ്ട്.
2023 മാർച്ചിൽ തുറക്കുമെന്നായിരുന്നു ആദ്യം. കഴിഞ്ഞ മേയ് മാസത്തിൽ ‘ഉടൻ തുറക്കും’ എന്നായിരുന്നു ഉറപ്പ്. അതും കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടു.കെട്ടിടനമ്പർ ഇനിയും കിട്ടിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ കെട്ടിടത്തിന് ഭാഗിക കൈവശാവകാശം നൽകാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിരുന്നു. അതും നടപടിയായില്ല.
ഓർക്കണം ഈ വാർത്തകൾ: നഴ്സ് മിനിയുടെ ഓർമകൾ
∙ തിരൂർ ജില്ലാ ആശുപത്രിയിലെ ഇനിയും തുറക്കാത്ത ഓങ്കോളജി കെട്ടിടത്തിനൊരു ദുരന്ത ഓർമയുണ്ട്. അവിടത്തെ ഹെഡ് നഴ്സ് ആയിരുന്ന മിനിയെക്കുറിച്ചുള്ള നൊമ്പരം. കെട്ടിടത്തിലെ ഒന്നാം നിലയിൽനിന്നു താഴേക്കുവീണു പരുക്കേറ്റാണു മിനി മരിച്ചത്. വാതിലില്ലാതിരുന്ന ഭാഗത്തേക്കു കാലെടുത്തു വച്ചതായിരുന്നു.
ലിഫ്റ്റ് തകർന്നും പരുക്ക്
തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണും അപകടമുണ്ടായിട്ടുണ്ട്. 2022 ജനുവരിയിലായിരുന്നു അപകടം. 5–ാം നിലയിൽ നിന്നാണു ലിഫ്റ്റ് വീണത്. അപകടത്തിൽ എട്ടു പേർക്കു പരുക്കേറ്റിരുന്നു. രോഗികൾക്കുള്ള ലിഫ്റ്റാണ് പൊട്ടിവീണത്.
കെട്ടിടം കത്തിയത് ‘രക്ഷയായി’
തിരൂർ ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നിർദേശം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കവേയുണ്ടായ അപകടം മറ്റൊരു തരത്തിൽ രക്ഷയായിട്ടുമുണ്ട്. 2021 ഫെബ്രുവരിയിൽ ഈ കെട്ടിടത്തിലെ ഓപ്പറേഷൻ തിയറ്റർ കത്തിനശിച്ചു. ഇതോടെ കെട്ടിടം ഉപയോഗിക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ട് വന്നു. തുടർന്നു പൂർണമായും പൊളിച്ചുമാറ്റി. ഇവിടെ മോർച്ചറി, കന്റീൻ കെട്ടിടം എന്നിവ നിർമിക്കുമെന്ന് അധികൃതർ പറയുന്നു. തറ നിർമാണ നടപടികൾ തുടങ്ങിയെങ്കിലും ഇപ്പോൾ പണി നിലച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി കന്റീനിന്റെ ഭാഗം പൊളിച്ചതിനാൽ അതുമില്ല. പുറത്തുള്ള ഹോട്ടലിനു കരാർ നൽകിയാണ് ഇപ്പോൾ ആശുപത്രിയിൽ ഭക്ഷണമെത്തിക്കുന്നത്.