
അങ്ങാടിപ്പുറം മേൽപാലം: പണി അന്തിമഘട്ടത്തിൽ; 6ന് റോഡ് തുറക്കും, ഭാരവാഹനങ്ങൾക്ക് നിരോധനം 11 വരെ തുടരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡിന്റെ നവീകരണ ജോലികൾ അന്തിമ ഘട്ടത്തിൽ. പൂട്ടുകട്ട പതിക്കൽ മുൻ നിശ്ചയപ്രകാരം നാളെത്തന്നെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. ആറു മുതൽ ഇതുവഴി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും. കട്ട പതിച്ചത് ബലപ്പെടുത്തുന്നതിനായി ഒരാഴ്ച ഭാരവാഹനങ്ങൾക്ക് നിരോധനം തുടരും. ചെറിയ വാഹനങ്ങൾ മാത്രമാണു കടത്തിവിടുക. 11–ാം തീയതിയോടെ പൂർണമായി തുറന്നു നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മേൽപാലത്തോടു ചേർന്ന് അങ്ങാടിപ്പുറം ഭാഗത്ത് 70 മീറ്ററോളം വരുന്ന സ്ഥലത്താണ് പൂട്ടുകട്ട പതിക്കുന്നത്. 10 സെന്റിമീറ്റർ കനത്തിലുള്ള കട്ടയാണ് പതിക്കുന്നത്. കട്ട പതിക്കൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഒരടിയോളം ഉയരമുള്ള ബീമിനോട് ചേർന്ന ഭാഗത്ത് കട്ട പതിച്ച് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പണിയാണ് ശേഷിക്കുന്നത്. അതേപോലെ റോഡിന്റെ മേൽപാലം ഭാഗത്തും മറുവശത്തും വശങ്ങൾ കോൺക്രീറ്റ് ചെയ്ത് കട്ട ബലപ്പെടുത്തണം. ഇവിടെ ഓവുചാലിലെ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സൗകര്യവും പൂർത്തിയാക്കാനുണ്ട്. ഈ ജോലികളും നാളെയോടെ പൂർത്തിയാക്കും.
മേൽപാലത്തിൽ അങ്ങിങ്ങായി കൂടിക്കിടന്ന് വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്ന മണ്ണും പുല്ലുമെല്ലാം അങ്ങാടിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നീക്കം ചെയ്തു. അങ്ങാടിപ്പുറം ജംക്ഷൻ പരിസരത്തുനിന്ന് മേൽപാലം വരെയെത്തുന്ന അഴുക്കുചാലുകളിലെ ചെളി നീക്കുന്ന ജോലിയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അങ്ങാടിപ്പുറം ഭാഗത്തെ ഓട നവീകരിക്കുന്നതിനും മേൽപാലം റീടാറിങ് നടത്തുന്നതിനും വെവ്വേറെ പദ്ധതികൾ ദേശീയപാത അധികൃതർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കേണ്ടതുണ്ട്.
പാലം തുറന്നാൽ ഗതാഗത പരിഷ്കാരം
റോഡ് പൂർണമായി തുറന്നുനൽകുമ്പോൾ അങ്ങാടിപ്പുറത്ത് പുതിയ ഗതാഗത പരിഷ്കാരവും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുമാന്ധാംകുന്ന് റോഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ മേൽപാലത്തിനു താഴെ യു ടേൺ എടുത്തുവേണം യാത്ര തുടരാൻ. ഇതിനായി മേൽപാലത്തിനു താഴെയുള്ള റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡ് വീതികൂട്ടി ടാറിങ് നടത്തുന്നുണ്ട്. മഞ്ഞളാംകുഴി അലി മുൻകയ്യെടുത്താണ് ഈ പണി നടത്തുന്നത്. പുതിയ പരിഷ്കരണത്തിൽ അങ്ങാടിപ്പുറം ജംക്ഷനിലും തിരുമാന്ധാംകുന്ന് ജംക്ഷനിലും നേരിട്ടുള്ള വാഹന ക്രോസിങ് അനുവദിക്കില്ല. പരിയാപുരം റോഡിൽനിന്നും വളാഞ്ചേരി റോഡിൽനിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മലപ്പുറം റോഡിൽ കോട്ടപ്പറമ്പിലെത്തി യു ടേൺ എടുത്ത് മടങ്ങേണ്ടി വരും.