എടപ്പാൾ മേഖലയിലെ പല പ്രധാന റോഡുകളും തകർന്നു; റോഡിൽ വാഴനടലും മീൻപിടിത്തവും
എടപ്പാൾ ∙ മേഖലയിലെ പല പ്രധാന റോഡുകളുടെയും തകർച്ച പൂർണം. വാഹനങ്ങളും കാൽനടയാത്രക്കാരും ദുരിതത്തിൽ.
വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ റോഡിൽ വാഴനടലും മീൻപിടിത്തവും പ്രതിഷേധങ്ങളും നടക്കുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. എടപ്പാൾ ടൗണിൽ നിന്ന് പട്ടാമ്പിയിലേക്ക് പോകുന്ന റോഡിൽ വട്ടംകുളം സർവീസ് സ്റ്റേഷന് സമീപം പലയിടത്തും വഴിയ കുഴികളാണ്.
മഴ പെയ്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർ വീണ് പരുക്കേൽക്കുന്നത് പതിവായി. അധികൃതർ ക്വാറിപ്പൊടി വിതറി താൽക്കാലികമായി ഓട്ടയടയ്ക്കൽ നടത്തിയെങ്കിലും മഴ ശക്തമായതോടെ പഴയപടിയായി. പോത്തനൂർ – നരിപ്പറമ്പ് റോഡിന്റെ അവസ്ഥയും മറിച്ചല്ല.
ചെളി നിറഞ്ഞ ഈ റോഡിലൂടെ സാഹസിക യാത്രയാണ്. വട്ടംകുളം എരുവപ്രക്കുന്ന് റോഡ്, വട്ടംകുളം – ചേകനൂർ റോഡ് എന്നിവയുടെ സ്ഥിതിയും മറിച്ചല്ല.
മറ്റു പല ഗ്രാമീണ റോഡുകളിലൂടെയും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി. ജലജീവൻ പദ്ധതിക്കായി കുഴിച്ച കുഴികൾ ശരിയായ വിധം നികത്താത്തതാണ് പ്രശ്നം.
പല റോഡുകൾക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജോലികൾ ആരംഭിച്ചിട്ടില്ല. തകർന്ന റോഡിൽ നിന്ന് ചെളി കോരിമാറ്റി കോൺഗ്രസിന്റെ വേറിട്ട
സമരം. വട്ടംകുളം – ചേകനൂർ റോഡിൽ ആയിരുന്നു കോൺഗ്രസ് വട്ടംകുളം മണ്ഡലം കമ്മിറ്റി സമരം നടത്തിയത്. കെ.ഭാസ്കരൻ വട്ടംകുളം, മണ്ഡലം പ്രസിഡന്റ് എൻ.വി.അഷ്റഫ്, പി.സുബ്രഹ്മണ്യൻ, മാനു തൈക്കാട്, വി.വി.മനോജ്, രഘു പരിയപ്പുറം, കൊട്ടിലിൽ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ∙ വട്ടംകുളം എരുവപ്രക്കുന്ന് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
എൽസി സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. എ.വി.മുഹമ്മദ്, ഇ.ഇബ്രാഹിം, സി.വി.ഷരീഫ, ഇ.കെ.ഹംസ, എം.മത്തുക്കോയ, എം.പി.ബിജു, എ.വി.സിദ്ദിഖ്, എ.വി.സ്രാജു, ഇ.വേലായുധൻ, പി.ശശി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]