
നടപ്പാതയുടെ സ്ലാബുകൾ തകർന്ന് അപകടഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ അത്ര സുരക്ഷിതമല്ല വണ്ടൂർ അങ്ങാടിയിലെ യാത്ര. നടപ്പാതകളുടെ സ്ലാബുകൾ തകർന്നു പലയിടത്തും ‘ചതിക്കുഴി’ രൂപപ്പെട്ടിരിക്കുകയാണ്. സംസ്ഥാന പാതയിലടക്കം ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ മലിനജലം കുത്തിയൊഴുകുന്നത് റോഡിലൂടെ. ഓടകൾക്കു മുകളിൽ സ്ലാബിട്ടു നിർമിച്ച നടപ്പാത പലയിടത്തും തകർന്നു. മഴ പെയ്യുമ്പോൾ വെള്ളം മൂടി നടപ്പാതയിലെ കുഴികളും നിറയും. കുഴിയുണ്ടെന്നറിയാതെ വെള്ളത്തിൽ ചവിട്ടി ഓടയിൽ കാൽ കുടുങ്ങിയുള്ള അപകടങ്ങളും പതിവായിരിക്കുകയാണ്.
ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ റോഡിന്റെ ടാർ ചെയ്ത ഭാഗത്തുകൂടി വാഹനങ്ങൾക്കിടയിലൂടെയാണ് വിദ്യാർഥികൾ ഉൾപ്പെടെ നടക്കുന്നത്. ഇതും അപകടത്തിനു കാരണമാകുന്നുണ്ട്. മിക്ക ദിവസങ്ങളിലും സ്കൂൾ വിടുമ്പോൾ ശക്തമായ മഴയുണ്ട്. കൂട്ടത്തോടെ വരുന്ന കുട്ടികൾ ചെളി വെള്ളത്തിൽ വഴുതി വീഴുന്നതും പതിവു കാഴ്ചയാണ്. ജംക്ഷനിൽ നിന്നു നിലമ്പൂർ, പാണ്ടിക്കാട് റോഡുകളിലാണ് കൂടുതലും വെള്ളക്കെട്ടുള്ളത്. നിലമ്പൂർ റോഡിന്റെ തുടക്കത്തിൽ 100 മീറ്ററോളം ദൂരത്തിൽ ചെളിവെള്ളം കെട്ടിക്കിടക്കും. മഴ മാറി ഏറെ നേരം കഴിഞ്ഞാലാണ് വെള്ളം ഒഴുകിപ്പോകുന്നത്.
മണലിമ്മൽ ബസ് സ്റ്റാൻഡിൽ നിന്നു മഞ്ചേരി റോഡിലേക്കുള്ള മാർക്കറ്റ് റോഡും തകർന്നു കുഴികളായി.വില്ലേജ്, പൊലീസ്, പഞ്ചായത്ത് കാര്യാലയങ്ങൾ വണ്ടൂർ അങ്ങാടിയിൽ തന്നെയാണ്. കാളികാവ് റോഡിൽ വളരെയടുത്ത് പിഡബ്ല്യുഡി കാര്യാലയവുമുണ്ട്. ജനത്തിനു യാത്രാസുരക്ഷ ഒരുക്കാൻ കൂടി ബാധ്യതയുള്ള അധികൃതരുടെയും ജനപ്രതിനിധികളുടെയും കൺവെട്ടത്താണ് ഒരിക്കലും ‘നടക്കാൻ’ പാടില്ലാത്ത വിധത്തിൽ വഴികൾ തകർന്നു കിടക്കുന്നത്. കോടികൾ അനുവദിച്ച അങ്ങാടി സൗന്ദര്യവൽക്കരണ പദ്ധതി അനന്തമായി നീളുന്നതും ജനത്തിന്റെ ‘ക്ഷമ’ പരീക്ഷിക്കുകയാണ്.