
ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം: എ.പി അസ്ലം റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ, അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ പുനരധിവാസ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേരളത്തിലും ഗൾഫിലും കാരുണ്യപ്രവർത്തനങ്ങളാൽ നിരവധിയാളുകൾക്ക് സുപരിചിതനായിരുന്ന എ.പി. അസ്ലത്തിന്റെ പേരിൽ തുടങ്ങിയ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സെന്ററിലെ വെർച്വൽ റിയാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും ഫിസിക്കൽ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയും നിർവഹിച്ചു.
എ.പി. അസ്ലം എന്ന മനുഷ്യസ്നേഹി തുടങ്ങിവെച്ച കാരുണ്യപ്രവർത്തികൾ ഒക്കെയും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരും കുടുംബവും തുടർന്നുകൊണ്ട് പോകുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആ തുടർച്ചയിലെ മഹത്തായ ഒരു അധ്യായമാണ് ഈ റീഹാബിലിറ്റേഷൻ സെന്റർ. ആളുകൾ സഹായം ചോദിച്ച് വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം, സഹായം എവിടെയാണോ ആവശ്യമുള്ളത് അവിടെ ഓടിയെത്തുന്നു എന്നതാണ് ഇവരുടെ പ്രത്യേകതയെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് എ.പി. അസ്ലം റീഹാബിലിറ്റേഷൻ കേന്ദ്രം പുതിയൊരു അധ്യായത്തിന് തുടക്കമിടുന്നതെന്ന് എ.പി. അസ്ലത്തിന്റെ മകനും ഗൾഫ് വ്യവസായിയുമായ റാഷിദ് അസ്ലം പറഞ്ഞു. മലപ്പുറം ജില്ലയിൽ എ.പി. അസ്ലത്തെ അറിയാത്തവർ ചുരുക്കമാണ്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം പഠിപ്പിച്ച ജീവകാരുണ്യത്തിന്റെ വഴിയേ തന്നെയാണ് ഒരു മകനെന്ന നിലയിൽ താനും നടക്കാൻ ശ്രമിക്കുന്നതെന്ന് റാഷിദ് അസ്ലം പറഞ്ഞു. ഉപ്പ തുടങ്ങിവെച്ച പല സാമൂഹ്യക്ഷേമ പദ്ധതികളും ഇന്നും അതേപടി തുടർന്നുകൊണ്ടുപോകുന്നതിൽ തന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് റീജൻസി ഗ്രൂപ്പിന്റെ ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിദീൻ മമ്മു ഹാജി, മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, മറ്റ് ഡയറക്ടർമാരായ അബ്ദുസമദ്, അബ്ദുറഹ്മാൻ, ആസാദ് എ.പി എന്നിവരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ. ജീവിതത്തിൽ എത്രവലിയ പ്രശ്നങ്ങൾ ഉണ്ടായാലും തോറ്റുകൊടുക്കാൻ തയാകാത്ത മനുഷ്യർക്ക് പ്രതീക്ഷയായി എന്നും നിലകൊള്ളുമെന്നും റാഷിദ് അസ്ലം പറഞ്ഞു. അതിഥികൾക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ൽ ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ച ഫിസിയോതെറാപ്പി സെന്റർ ആണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ന്യൂറോ റീഹാബ് വിഭാഗത്തിൽ ഫിസിയോതെറാപ്പി, ഗെയ്റ്റ് തെറാപ്പി, റിബൗണ്ട് തെറാപ്പി, ഇലക്ട്രോ തെറാപ്പി, ഷോക്ക് വേവ് തെറാപ്പി, എക്സസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ ലഭ്യമാകും. അത്യാധുനിക സംവിധാനങ്ങളായ വെർച്വൽ റിയാലിറ്റി യൂണിറ്റ്, ബോഡി വെയിറ്റ് സപ്പോർട്ട് ട്രെഡ്മിൽ ട്രെയിനർ, ആക്റ്റീവ്-പാസീവ് റീഹാബ് ട്രെയിനിങ് ബൈക്ക് എന്നിവയും സജ്ജമാണ്. കുട്ടികൾക്ക് വേണ്ടി അഡ്വാൻസ്ഡ് സെൻസറി ഇന്റഗ്രെഷൻ യൂണിറ്റ്, സ്പെഷ്യൽ എജുക്കേഷൻ, സ്പീച്ച് തെറാപ്പി, സൈക്കോളജി, ഒക്ക്യൂപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നീ സേവനങ്ങളും ലഭ്യമാണ്. നിർധനരായ രോഗികൾക്ക് ചികിത്സയും പരിചരണവും തീർത്തും സൗജന്യമായിരിക്കും.
ആരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാതെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുമുള്ള മാതൃകാപരമായ പ്രവർത്തനമാണ് ഈ ട്രസ്റ്റ് കാഴ്ചവെക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. ട്രസ്റ്റിന്റെ തുടക്കം മുതൽ അതിന്റെ പ്രവർത്തനങ്ങൾ നേരിൽക്കണ്ടറിയുന്ന ആളെന്ന നിലയിൽ, ഈ പ്രവർത്തനങ്ങൾ ഒന്നിനും പകരംവെയ്ക്കാനാകാത്ത സഹായമാണ് അബലർക്ക് നൽകുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു.
അർഹരായവർക്ക് നൽകിവരുന്ന പലിശരഹിത സഹായനിധി, തണൽ ഹൗസിങ് പ്രോജക്റ്റ്, പ്രതിമാസ ഭക്ഷണ കിറ്റ് പദ്ധതി, അനാഥരായ കുട്ടികൾക്കും വിധവകൾക്കുമുള്ള ഫോസ്റ്റർ കെയർ, തണൽ പോളിക്ലിനിക് എന്നിവയാണ് ട്രസ്റ്റിന്റെ കീഴിൽ നടത്തിവരുന്ന മറ്റ് പ്രധാന പദ്ധതികൾ. സമീപ പ്രദേശങ്ങളിലെ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കണ്ടെത്തി സൗജന്യ പരിശോധനയും മരുന്നും കൗൺസിലിംഗും നൽകുന്ന എംഹാറ്റ് റീഹാബിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനവും തുടരും. നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ, താങ്ങാനാവുന്ന നിരക്കിൽ ചികിത്സയും മരുന്നും നൽകുന്ന ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയും ട്രസ്റ്റിന് കീഴിലുണ്ട്.
മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഐ.എ.എസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫിസർ സമീർ മച്ചിങ്ങൽ എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ, “തണൽ വടകര”യുടെ ചെയർമാൻ ഡോ. ഇദ്രീസ്, ഐ.എം.ബി കേരളയുടെ പ്രസിഡന്റ് ഡോ. പി.എ. കബീർ എന്നിവർ ആശംസകൾ അറിയിച്ചു.