തീരാതെ കടുവപ്പേടി; ദൗത്യസംഘം തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാതെ കടുവ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുവാരകുണ്ട് ∙ ദൗത്യസംഘം ഒന്നര മാസമായി തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാത്ത നരഭോജിക്കടുവ പ്രദേശവാസികളിൽ ഭീതിപരത്തുന്നു. 3 തവണ ദൗത്യസംഘത്തിന്റെ മുൻപിൽ കടുവ അകപ്പെട്ടെങ്കിലും മയക്കുവെടി വയ്ക്കാൻ വനപാലകർക്കു കഴിഞ്ഞില്ല. കടുവയെ കണ്ട പാന്തറ, മഞ്ഞൾപ്പാറ, സുൽത്താന, അൻപതേക്കർ, മദാരി, മേലെ പാന്തറ, കേരള എസ്റ്റേറ്റ് പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്.
കടുവഭീതിയിൽ ടാപ്പിങ് അടക്കമുള്ള ജോലികൾക്കു പോകാൻ തൊഴിലാളികൾക്കു കഴിയുന്നില്ല.കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ തോട്ടങ്ങളിൽ കടുവയെ പിടിക്കാൻ 5 കൂടുകളും നൂറിലേറെ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒട്ടേറെ ക്യാമറകളിൽ കടുവയുടെ ദൃശ്യം ലഭിക്കുകയും ചെയ്തു. 2 മയക്കുവെടി വിദഗ്ധരടക്കം വനപാലക സംഘം ഇപ്പോഴും സ്ഥലത്ത് ക്യാംപ് ചെയ്യുകയും രാത്രികാല പട്രോളിങ് നടത്തുകയും ചെയ്യുന്നുണ്ട്.
കടുവയെ വെടിവച്ചു കൊല്ലണം: യുഡിഎഫ്
കരുവാരകുണ്ട് ∙ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകി. കടുവഭീതി കാരണം ജോലിക്കു പോകാൻ കഴിയാത്ത തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിന് സർക്കാരിനും വനം വകുപ്പിനും താൽപര്യമില്ലെന്നതിനാൽ ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി ആവശ്യപ്പെട്ട് 10ന് കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കളായ എൻ.ഉണ്ണീൻ കുട്ടി, എം.പി.വിജയകുമാർ,, വി.ആബിദലി, ടി.ഡി.ജോയ്, എം.കെ.മുഹമ്മദാലി, വി.ഷബീറലി, കെ.ഗോപാലകൃഷ്ണൻ, ടി.ഇംതിയാസ് ബാബു, ജാഫർ, വി.ഷൗക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.
താന്നിപ്പൊട്ടിയിൽ ആനക്കൂട്ടം റബർ തൈകൾ നശിപ്പിച്ചു, വീടിന്റെ മതിൽ തകർത്തു
എടക്കര∙ മൂത്തേടം താന്നിപ്പൊട്ടിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കോടാകേരിയിൽ ജിബിൻ ബിജുവിന്റെ 3 വർഷം പ്രായമായ 110 റബർ തൈകളാണ് ഒടിച്ചുകളഞ്ഞത്. മുണ്ടപ്ലാക്കൽ ബിജുവിന്റെ വീടിന്റെ മതിലും വാഴയും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയത്. തിങ്കളാഴ്ച രാത്രിയിൽ താന്നിപ്പൊട്ടി വനം ഔട്പോസ്റ്റിനു സമീപം ബൈക്ക് യാത്രക്കാരായ 2 പേർക്ക് പിറകെ ആന ഓടിയിരുന്നു.
അൽപം അകലെനിന്ന് ആനയെ കാണാനായതുകൊണ്ടു മാത്രമാണ് ഇവർ രക്ഷപ്പെട്ടത്. ബൈക്ക് തിരിച്ചിട്ട് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. നാട്ടിലേക്കിറങ്ങുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ വൈദ്യുതവേലിയോ കിടങ്ങോ സ്ഥാപിച്ചിട്ടില്ല. കർഷകർ സ്വന്തം ചെലവിലാണ് വേലി സ്ഥാപിച്ചത്. ഇതും ആനക്കൂട്ടം തകർക്കുകയാണ്. പതിവായി നാട്ടിലിറങ്ങുന്ന ആനകളെ തുരത്താൻ ആർആർടിയെ പട്രോളിങ്ങിന് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വനം വകുപ്പ് അധികൃതർ ഇതിനു തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.