
നാടുകാണിയിൽ ഇ–പാസ് കുരുക്ക്; 4 കിലോമീറ്റർ കടക്കാൻ 4 മണിക്കൂറിലേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര ∙ പെരുന്നാൾ ആഘോഷത്തിന് ചുരംകയറിയ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നാടുകാണി ചെക്പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. 4 കിലോമീറ്റർ ദൂരം കടക്കാൻ നാലു മണിക്കൂർ സമയമാണെടുത്തത്. രണ്ടാം പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ മുതൽ ചുരം വഴി തമിഴ്നാട്ടിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. 9 മണിയായതോടെ നാടുകാണി ടോൾ ചെക്പോസ്റ്റിൽ ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 4 കിലോമീറ്റർ താഴെ സംസ്ഥാന അതിർത്തിവരെ വാഹനങ്ങളുടെ നിര നീണ്ടു.
9മണിക്ക് സംസ്ഥാന അതിർത്തിയിൽ വന്ന വാഹനങ്ങൾ ചെക്പോസ്റ്റ് കടന്നപ്പോഴേക്കും സമയം ഒരു മണിയായിരുന്നു. 4 കിലോമീറ്റർ ദൂരം അരിച്ചരിച്ചാണു നീങ്ങിയത്. പെരുന്നാൾ ആഘോഷിക്കാൻ ഊട്ടിയിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ച യാത്രക്കാരായിരുന്നു കൂടുതലും. ഊട്ടി പ്രവേശനത്തിന് ഇ-പാസ് നിർബന്ധമായതിനാൽ ചെക്പോസ്റ്റിൽ പരിശോധിച്ചാണു കടത്തിവിടുന്നത്.
ഇ-പാസെടുക്കാതെ എത്തിയവരായിരുന്നു കൂടുതലും. ഇ-പാസെടുക്കാനുള്ള സമയമാണ് ഗതാഗത തടസ്സത്തിന് ഇടവരുത്തിയത്. ഊട്ടിയിലേക്കല്ലാത്ത വാഹനങ്ങളെ ഇ-പാസ് എടുക്കാതെ കടത്തിവിട്ടിട്ടും താമസം നേരിട്ടു. തമിഴ്നാട് പൊലീസും ക്യൂബ്രാഞ്ച് വിഭാഗവും സ്ഥലത്തെത്തിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. നാടുകാണി ചുരമിറങ്ങിയെത്തിയ വാഹനങ്ങളും മണിക്കൂറുകൾ ഗതാഗത തടസ്സത്തിൽപെട്ടു.
ഇ–പാസ് പരിശോധന മേലേ ഗൂഡല്ലൂരിലേക്ക് മാറ്റണമെന്ന് പൊലീസ്
ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഇ-പാസ് പരിശോധന നാടുകാണിയിൽനിന്ന് മേലേ ഗൂഡലൂരിലേക്ക് മാറ്റണമെന്ന് പൊലീസ്. ഗൂഡല്ലൂർ-ഊട്ടി റോഡിൽ മേലേ ഗൂഡല്ലൂർ വനം ചെക്പോസ്റ്റിനു സമീപം പരിശോധന മാറ്റണമെന്നാണ് ദേവാല ഡിവൈഎസ്പി നീലഗിരി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന അവിടേക്ക് മാറ്റുന്നതോടെ വയനാട്, ഗൂഡല്ലൂർ, കർണാടക എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ നാടുകാണി ചെക്പോസ്റ്റിൽ നേരിടുന്ന യാത്രാദുരിതം ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാട്ടി. മേലേ ഗൂഡല്ലൂർ ചെക്പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങൾ ഊട്ടിയിലേക്കു മാത്രം ഉള്ളതായിരിക്കും.
നീലഗിരിയിൽ ഇന്ന് വ്യാപാരി ഹർത്താൽ
ഊട്ടിയിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഏർപ്പെടുത്തി ഇ-പാസ് നിബന്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നീലഗിരിയിൽ വ്യാപാരികൾ ഇന്ന് ഹർത്താൽ ആചരിക്കും.ഇ-പാസ് ഉൾപ്പെടെയുള്ള നിയന്ത്രണം വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായിരിക്കയാണെന്നും ആഘോഷ വേളകളിലുള്ള വ്യാപാരത്തെ ആശ്രയിച്ചാണ് നിലഗിരിയിലെ വ്യാപാരമേഖല നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണം കാരണം ഹോട്ടലുകളും ലോഡ്ജുകളും റിസോർട്ടുകളുമെല്ലാം നടത്തുന്നവർ കടക്കെണിയിലാകുകയാണെന്ന് വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. നീലഗിരിയിലെ വർധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുക, പതിറ്റാണ്ടുകളായി കൈവശം വച്ചു വരുന്ന ഭൂമിക്ക് പട്ടയം നൽകുക, നീലഗിരിയിലെ റോഡുകൾ യാത്രായോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇന്ന് രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ 24 മണിക്കൂറാണ് ഹർത്താൽ.