
നല്ലളം∙ ചുറ്റുപാടും കാടു പടർന്ന നല്ലളം പി ആൻഡ് ടി ക്വാർട്ടേഴ്സിൽ ഭയചകിതരായി താമസക്കാർ. 2.5 ഏക്കർ വിസ്തൃതിയുള്ള ക്വാർട്ടേഴ്സ് വളപ്പ് ആകെ കാടുമൂടി.
ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സങ്കേതമായി മാറിയ ക്വാർട്ടേഴ്സ് വളപ്പ് സാമൂഹികവിരുദ്ധരും കയ്യടക്കി. കാറ്റിലും മഴയിലും കടപുഴകിയ മരങ്ങൾ പോലും ഇതുവരെ നീക്കിയിട്ടില്ല.
നേരത്തേ അധികൃതർ ഇടപെട്ട് വർഷം തോറും ക്വാർട്ടേഴ്സ് വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
പലപ്പോഴും താമസക്കാർ ഇടപെട്ടാണു വഴിയിലെ കാടുവെട്ടുന്നത്.
ടെലികോം–തപാൽ വകുപ്പ് ജീവനക്കാർക്കായി 1984ൽ നിർമിച്ചതാണ് നല്ലളം ആന റോഡിലെ പി ആൻഡ് ടി ക്വാർട്ടേഴ്സ്. 126 ക്വാർട്ടേഴ്സുകളിൽ 73 എണ്ണത്തിൽ ടെലികോം ജീവനക്കാരും 53 എണ്ണത്തിൽ തപാൽ ജീവനക്കാരുമായിരുന്നു കഴിഞ്ഞത്.
എന്നാൽ ഇപ്പോൾ 15 എണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. അതു തപാൽ ജീവനക്കാർ. ബാക്കിയുള്ള മുഴുവൻ കെട്ടിടങ്ങളും ഉപയോഗശൂന്യമായി.
ആൾത്താമസമില്ലാത്ത ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തീർത്തും നശിച്ചു.
യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് തകർച്ചയ്ക്ക് വഴിവച്ചത്. ഉയർന്ന വാടക നൽകി വൃത്തിഹീനമായ കെട്ടിടത്തിൽ താമസിക്കാൻ ജീവനക്കാർ മടിച്ചതോടെയാണു ക്വാർട്ടേഴ്സുകൾ അനാഥമായത്. കാടുകയറിയ ക്വാർട്ടേഴ്സ് പരിസരത്തെ താമസക്കാരും ആശങ്കയിലാണ്.
തെരുവുനായ്ക്കളും ഇഴജന്തുക്കളും മതിലിനു തൊട്ടടുത്ത വീടുകളിലേക്ക് എത്തുന്നുണ്ട്. ക്വാർട്ടേഴ്സിലേക്കുള്ള വഴിയിലെ തെരുവു വിളക്കുകൾ പലതും കണ്ണടച്ചു. ജോലി കഴിഞ്ഞു രാത്രി തിരിച്ചെത്തുന്നവർ ഭയത്തോടെയാണു താമസ സ്ഥലത്തേക്ക് പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]