
വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോ പിടിക്കാൻ നെട്ടോട്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ കിട്ടാതെ യാത്രക്കാർ വലയുന്നു. ട്രെയിൻ സമയങ്ങളിൽ ഓട്ടോ പ്രതീക്ഷിച്ച് വരി നിൽക്കുന്നുണ്ടെങ്കിലും ഓട്ടോ കിട്ടാറില്ല. ഇതു കാരണം യാത്രക്കാർ ലഗേജുമായി നടന്നു പോകുന്നതു പതിവുകാഴ്ച. സ്റ്റേഷനിൽ നിർത്തുന്ന ഓട്ടോറിക്ഷകൾക്ക് റെയിൽവേ ഫീ ഏർപ്പെടുത്തിയ ശേഷമാണ് ഈ പ്രശ്നം. അതു വരെ സ്റ്റേഷനിലും പരിസരത്തുമായി ഒട്ടേറെ ഓട്ടോകൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഫീ അടച്ചു നിർത്തുന്നത് 300 ഓട്ടോ മാത്രം.
ഇത്രയും ഓട്ടോ ഒരേ സമയം സ്റ്റേഷനിലുണ്ടാവില്ല. ഇതു കാരണം, ട്രെയിൻ വരുന്ന സമയങ്ങളിൽ ഓട്ടോ കിട്ടാതെ യാത്രക്കാർ ദുരിതത്തിലാകുന്നു. യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്ന, ഫീ അടയ്ക്കാത്ത ഓട്ടോയിൽ ആളെ എടുക്കാനും അനുവാദമില്ല. ഇതു കാരണം ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ തർക്കം പതിവാണ്. സ്റ്റേഷൻ മതിൽക്കെട്ടിനു പുറത്ത് ഓട്ടോ നിർത്തി ആളെ എടുക്കുന്നുണ്ട്. ദീർഘദൂര ഓട്ടം കിട്ടിയാലേ ഇവിടെയുള്ള മിക്ക ഓട്ടോകളും ആളെ കയറ്റുന്നുള്ളൂ. ഇതും തർക്കത്തിനു കാരണമാകുന്നു. രാത്രിയും മഴയുള്ളപ്പോഴും ലഗേജുമായി ഒട്ടേറെ യാത്രക്കാർ എടോടിയിലോ പഴയ ബസ് സ്റ്റാൻഡ് പരിസരത്തോ പോയി ഓട്ടോ പിടിക്കുകയാണിപ്പോൾ.