ഇത് ജനകീയ റോഡ്
പേരാമ്പ്ര ∙കാലങ്ങളായി അവഗണിക്കപ്പെട്ട റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയമായി നിർമിച്ചു നാടിനു സമർപ്പിച്ചു.
നൊച്ചാട് പഞ്ചായത്തിലെ ഏലിപ്പാറ താഴെ 150 മീറ്റർ റോഡ് ആണ് ജനകീയമായി നിർമിച്ചു പഞ്ചായത്ത് മെംബർ മാതൃകയായത്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും റോഡിനായി ആവശ്യം ഉന്നയിച്ചെങ്കിലും എവിടെയും എത്താതെ പോകുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച റസ്ല സിറാജ് നാട്ടുകാർക്കു കൊടുത്ത വാക്കായിരുന്നു ജയിച്ചാലും തോറ്റാലും റോഡ് നിർമിക്കും എന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിർത്തി പങ്കിടുന്ന 12–ാം വാർഡ് മെംബർ പി.സി.നസീറയുടെ സഹകരണത്തോടെ സ്ഥല ഉടമകളുമായി സംസാരിച്ചു അന്തിമ രൂപ രേഖ തയാറാക്കി റോഡ് പണി തുടങ്ങുകയായിരുന്നു. പ്രദേശത്തെ മുഴുവൻ ജനങ്ങളും പങ്കെടുത്ത നിർമാണ പ്രവർത്തനത്തിനു ശേഷം മധുര വിതരണവും നടത്തി.
ജനകീയ നിർമാണ പ്രവൃത്തി വാർഡ് മെംബർമാരായ റസ്ല സിറാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബർ പി.സി.നസീറ അധ്യക്ഷത വഹിച്ചു. പി.ഗോപാലൻ വൈദ്യർ, ഇ.ടി.ബഷീർ, ഇ.ടി.ഹമീദ്, പി.സി.മുഹമ്മദ് സിറാജ്, തച്ചർകണ്ടി കുഞ്ഞിക്കണാരൻ, ഇ.പി.ലസിത്ത്, ഇ.പി.അമ്മദ്, ഇ.പി. സിദ്ദിഖ്, ടി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.
കൊയിലാണ്ടിയിൽ റീ ടാറിങ് തുടങ്ങി
കൊയിലാണ്ടി∙ ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ റീ ടാറിങ് തുടങ്ങി. റോഡ് സഞ്ചാര യോഗ്യമല്ലെന്നു വാർത്ത മലയാള മനോരമ നൽകിയിരുന്നു.
അറ്റകുറ്റപ്പണി നടത്തിയ റോഡിൽ രണ്ടിഞ്ച് കനത്തിൽ ടാർ ചെയ്ത് വാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കം അനുഭവപ്പെടുന്ന നിലയിലായിരുന്നു.
അരങ്ങാടത്ത് പാലം മുതൽ കോടതിക്ക് സമീപം വരെ 2.7 കിലോമീറ്റർ റോഡ് ആണ് സഞ്ചാര യോഗ്യമല്ലാതായത്. കഴിഞ്ഞദിവസം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് റോഡ് റീ ടാറിങ് നടത്താൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് പണി തുടങ്ങിയത്. ഇല്ലിപ്പിലായി– മണിച്ചേരി റോഡ്; നടപടി തുടങ്ങി
കൂരാച്ചുണ്ട് ∙ പൊതുമരാമത്ത് വകുപ്പിന്റെ ഇല്ലിപ്പിലായി– മണിച്ചേരി – വയലട
റോഡിനു പുതിയ അലൈൻമെന്റ് തയാറാക്കുന്നതിനു ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചു. ഒരു വർഷം മുൻപ് പിഡബ്ല്യുഡി റോഡിന്റെ അലൈൻമെന്റ് തയാറാക്കി നൽകിയിരുന്നെങ്കിലും കിഫ്ബി അനുമതി നൽകിയിരുന്നില്ല.
പിന്നീട് നാട്ടുകാർ റോഡിനു കയറ്റം കുറയുന്ന വിധത്തിൽ കൂടുതൽ ഭൂമി വഴിയ്ക്കായി വിട്ടുനൽകാൻ തയാറായി.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് പുതിയ അലൈൻമെന്റ് ഇൻവെസ്റ്റിഗേഷനു 15.2 ലക്ഷം രൂപ അനുവദിച്ചു. ഈ പ്രവൃത്തിയുടെ ടെൻഡർ ഒരു മാസം മുൻപ് പൂർത്തീകരിച്ചു.
ഇൻവെസ്റ്റിഗേഷൻ നടപടികൾ ഇന്നലെ ആരംഭിച്ചു.
1.5 കിലോമീറ്ററോളം സർവേ നടത്തി. ഒന്നര കിലോമീറ്ററോളം സർവേ ഇനിയും പൂർത്തീകരിക്കാനുണ്ട്.
കരാർ കാലാവധി 6 മാസമാണ്. പുതിയ അലൈൻമെന്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും.
അലൈൻമെന്റ് അംഗീകരിച്ചാൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ച് ഫണ്ട് അനുവദിക്കണം.
കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട ടൂറിസ്റ്റ് കേന്ദ്രങ്ങളെയും, കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
കോട്ടക്കുന്ന്, മണിച്ചേരി ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കും യാത്രാ സൗകര്യമൊരുങ്ങും.ബ്ലോക്ക് മെംബർ അരുൺ ജോസ്, മെംബർമാരായ സണ്ണി കാനാട്ട്, എൻ.കെ.കുഞ്ഞമ്മദ്, സിപിഎം ലോക്കൽ സെക്രട്ടറി എ.സി.ഗോപി, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
തിരുവങ്ങൂർ അടിപ്പാതയുടെ സമീപം അപകടം പതിവാകുന്നു
തിരുവങ്ങൂർ∙ വെങ്ങളം ദേശീയപാത റീച്ച് അവസാനിക്കുന്ന തിരുവങ്ങൂർ അടിപ്പാതയുടെ സമീപം അപകടം പതിവ്. കഴിഞ്ഞദിവസം ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അയ്യപ്പ ഭക്തർക്ക് പരുക്കേറ്റിരുന്നു. ഒരു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് നടന്നത്.
വെങ്ങളം ദേശീയപാത അവസാനിച്ച സർവീസ് റോഡിലേക്ക് കയറുന്ന സ്ഥലത്ത് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടുത്തെത്തിയാൽ മാത്രമാണ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്നത്.
വെങ്ങളം ഭാഗത്തുനിന്നു തിരുവങ്ങൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തൊട്ടടുത്ത കള്ളു ഷാപ്പിനു സമീപം ഇന്നലെ ഇടിച്ചു കയറി. സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഒരു ബൈക്കിനെ കാർ ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരന് പരുക്കേറ്റിട്ടുണ്ട്.
ദേശീയപാതയിൽ നിന്നു ഡിവൈഡർ മാറ്റാനുള്ള പ്രവൃത്തി അധികൃതർ തുടങ്ങിയിട്ടുണ്ട്.
മലയോര ഹൈവേ യുഡിഎഫ് മുടക്കാൻ ശ്രമിച്ചു: സിപിഎം
ചക്കിട്ടപാറ ∙ മലയോര ഹൈവേയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും പദ്ധതിക്കെതിരെ കേസിന് പോയവർക്ക് പിന്തുണ നൽകി വികസനം മുടക്കാനാണു ശ്രമിച്ചതെന്നും സിപിഎം ചക്കിട്ടപാറ ലോക്കൽ കമ്മിറ്റി യോഗം ആരോപിച്ചു.
ഓവു ചാലിനായി നിർമിച്ച കുഴികൾ മണ്ണിട്ടു മൂടുമെന്നു യുഡിഎഫ് സമീപനം മലയോര ഹൈവേ വികസനത്തിന് എതിരാണെന്ന പ്രഖ്യാപനമാണ്. മലയോര ഹൈവേ നിർദിഷ്ട
വീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

