കോഴിക്കോട്∙ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് നികുതി സ്വീകരിക്കുന്നതിന് 16 ലക്ഷത്തിലേറെ രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ കോഴിക്കോട് വിജിലൻസ് സംഘം പരാതിക്കാരന്റെ കാറിൽ നിന്ന് പണം വാങ്ങുന്നതിനിടയിൽ പിടികൂടി.
ഒളവണ്ണ വില്ലേജ് ഓഫിസർ കോട്ടയം സ്വദേശിയും എറണാകുളത്ത് താമസക്കാരനുമായ കെ.ആർ.ഉല്ലാസ് മോനെ(42) ആണ് വിജിലൻസ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ ചേവായൂർ എൻജിഒ ക്വാർട്ടേഴ്സ് പരിസരത്തു നിന്നു പിടികൂടിയത്. ഇയാളിൽ നിന്ന് വിജിലൻസ് അടയാളപ്പെടുത്തി നൽകിയ 50,000 രൂപ അന്വേഷണ സംഘം കണ്ടെടുത്തു.
ഒളവണ്ണ സ്വദേശിയുടെ ഒളവണ്ണ വില്ലേജിലുള്ള 1.62 ഏക്കർ ഭൂമിയുടെ തരംമാറ്റൽ നടപടി തുടരുന്നതിന് ഭൂമിയുടെ നികുതി അടയ്ക്കാൻ വില്ലേജ് ഓഫിസറെ സമീപിച്ചപ്പോഴാണ് ഒരു സെന്റിന് 10,000 രൂപ വീതം മൊത്തം 16,20,000 രൂപ ആവശ്യപ്പെട്ടത്.
പരാതിക്കാരൻ ഈ ഭൂമി നേരത്തേ ബാങ്കിൽ പണയം വച്ചത് ജപ്തി നടപടി ആരംഭിച്ച സാഹചര്യത്തിൽ നികുതി അടച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നികുതി അടയ്ക്കാൻ എത്തിയത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കൈക്കൂലിപ്പണം 8 ലക്ഷമാക്കി കുറയ്ക്കാമെന്നും മുൻകൂറായി 50,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് പരാതിക്കാരൻ കഴിഞ്ഞ 21ന് വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
ഇന്നലെ വൈകിട്ട് ചേവായൂർ എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ആളില്ലാത്ത റോഡിൽ പണവുമായി എത്താൻ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടതു പ്രകാരം എത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്. എറണാകുളത്തു നിന്നു പണം തിരിമറി നടത്തിയതിനെ തുടർന്നാണ് ഉല്ലാസ് മോനെ 3 വർഷം മുൻപ് കോഴിക്കോട്ടേക്കു സ്ഥലം മാറ്റിയതെന്നു വിജിലൻസ് പറഞ്ഞു. ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

