കോഴിക്കോട്∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണ നിർദേശങ്ങൾ അവതരിപ്പിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുകയും ആവശ്യമായ പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് കലക്ടർ അറിയിച്ചു.
ഒരു കുടുംബത്തിലെ മുഴുവൻ വോട്ടർമാരും ഒരേ ബൂത്തിൽ ഉൾപ്പെടും. വീടിനടുത്തു പോളിങ് ബൂത്ത് ലഭിക്കാനുള്ള ക്രമീകരണങ്ങളും നടത്തും.
വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകളിൽ 75% ഫോമുകൾ തിരികെ വാങ്ങി ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായ ശേഷം മരണപ്പെട്ടതോ മറ്റു ബൂത്തു പരിധികളിൽ സ്ഥിരതാമസമാക്കിയതോ ഡ്യൂപ്ലിക്കേറ്റ് വോട്ട് ഉള്ളതോ ആയി കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക ബിഎൽഒമാർ ബൂത്ത് ലവൽ ഏജന്റുമാരുടെ യോഗത്തിൽ അവതരിപ്പിക്കും. എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാ വോട്ടർമാരും ഡിസംബർ 9ന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിലുണ്ടാകും.
കരട് വോട്ടർ പട്ടികയിലുള്ള അവകാശ-ആക്ഷേപങ്ങൾ ഒരു മാസത്തിനകം സമർപ്പിക്കാം.
ഏതെങ്കിലും കാരണവശാൽ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ വോട്ടർമാരെ ഉൾപ്പെടുത്താൻ അവസരമൊരുക്കുമെന്നും ജനങ്ങളുടെ സമ്മതിദായകാവകാശം ഉറപ്പ് വരുത്തുമെന്നും കലക്ടർ അറിയിച്ചു. യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ഡോ. എസ്.മോഹനപ്രിയ, സബ് കലക്ടർ എസ്.ഗൗതം രാജ്, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, ജില്ലയിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഉദ്യോഗസ്ഥർക്ക് നാളെ ക്ലാസ്
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട
പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ എന്നിവർക്കുള്ള പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ജീവനക്കാർക്ക് നാളെ രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഇതുവരെ പരിശീലന ക്ലാസിൽ പങ്കെടുക്കാത്ത മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും അല്ലാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

