ചേവായൂർ∙ നാടിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ. കക്കോടി കുറ്റിയിൽ തങ്കത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി മോഷണശ്രമത്തിനിടെ വീട്ടുകാർ ബഹളം വച്ചപ്പോൾ ഇറങ്ങിയോടിയ വെസ്റ്റ്ഹിൽ സ്വദേശി തേവർകണ്ടി വീട്ടിൽ അഖിൽ (32) ആണ് അറസ്റ്റിലായത്.
പറമ്പിൽ ബസാറിലെ അടച്ചിട്ട വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം 25 പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് നിലവിൽ കക്കോടി ചെറുകുളം ശശീന്ദ്രബാങ്കിനു സമീപം ഒറ്റത്തെങ്ങ് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന അഖിൽ.
കക്കോടി കേന്ദ്രീകരിച്ച് നടന്ന പതിനഞ്ചോളം മോഷണക്കേസുകൾക്ക് ഇതോടെ തുമ്പായി. ചേവായൂർ, എലത്തൂർ, കാക്കൂർ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളാണിവ.
മോഷണ വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇയാളെ മോഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും ഓണം അവധി ദിവസങ്ങളിൽ വീട് പൂട്ടി ആളുകൾ പോകാൻ സാധ്യതയുണെന്ന് മനസ്സിലാക്കി യൂട്യൂബിൽ നിന്നു മോഷണരീതികൾ മനസ്സിലാക്കിയാണ് മോഷണത്തിന് ഇറങ്ങുന്നതെന്നും മതിലിൽ കയറി വീടിന്റെ ഒന്നാം നിലയിൽ കയറി പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കയറുന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു.
പറമ്പിൽ ബസാറിലെ മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യം പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അഖിൽ അറസ്റ്റിലായത്.
മെഡിക്കൽ കോളജ് എസിപി എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുടുക്കിയത് പൊലീസിന്റെ നിർദേശവും നാട്ടുകാരുടെ ജാഗ്രതയും
സിൽവർ കളർ സ്കൂട്ടർ ഉപയോഗിച്ച് ആണ് മോഷ്ടാവ് എത്തുന്നതെന്നും ജാഗ്രത വേണമെന്നും ചേവായൂർ പൊലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിന് എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിനെ വിളിച്ചു.
അതോടെ സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ ഓടിപ്പോയി. തുടർന്ന് പ്രതി മോരിക്കരയിൽ നിന്നു മോഷ്ടിച്ച മറ്റൊരു സ്കൂട്ടറുമായി കടക്കാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ചേവായൂർ ഇൻസ്പെക്ടർ മഹേഷ്, എസ്ഐമാരായ നിമിൻ കെ.ദിവാകരൻ, മിജോ, ഏലീയാസ്, എസ്സിപിഒ മാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]