
ദേശീയപാത പൊയിൽക്കാവിൽ ഗതാഗതക്കുരുക്ക്; രാവിലെയും വൈകിട്ടും മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊയിൽക്കാവ് ∙ ദേശീയപാതയിൽ പൊയിൽക്കാവിൽ ഗതാഗതക്കുരുക്കു പതിവായതോടെ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിര. കോഴിക്കോട് – കണ്ണൂർ ദേശീയപാതയിലെ മുഴുവൻ വാഹനങ്ങളും കടന്നുപോകുന്ന പൊയിൽക്കാവിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾക്ക് പോകാൻ കൃത്യമായ റോഡ് നിർമിച്ചിട്ടില്ല. മഴപെയ്തു ചെളി നിറഞ്ഞു റോഡ് ഗതാഗതയോഗ്യമല്ല. രോഗികളുമായി എത്തുന്ന ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽപെട്ട് മണിക്കൂറുകൾക്കു ശേഷമാണ് കോഴിക്കോട് നഗരത്തിലെ ആശുപത്രികളിൽ എത്തുന്നത്.
മഴ തുടങ്ങിയതിന് പിന്നാലെ പൊയിൽക്കാവ് റോഡുകൾ തകർന്നിരുന്നു. മണ്ണിട്ട് താൽക്കാലിക റോഡ് ഒരുക്കിയതിനാൽ വാഹനങ്ങൾ ചെളിയിൽ താഴ്ന്നു പോകുന്നുമുണ്ട് . ഇന്നലെയും വാഹനം ചെളിയിൽ താഴ്ന്നു ഗതാഗത തടസ്സം നേരിട്ടു. പൊയിൽക്കാവിൽ ദേശീയപാതയുടെ നിർമാണം വൈകുന്നതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. സർവീസ് റോഡുകളിലെ കുഴികൾ കൃത്യസമയത്ത് അടയ്ക്കാതെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ പതുക്കെയാണു പോകുന്നത്. ഗർത്തങ്ങളിൽ വീണ് വാഹനങ്ങൾക്കു കേടുപാട് സംഭവിക്കുന്നതും പതിവായി. പൊയിൽക്കാവിലെ ദേശീയപാത നിർമാണം അശാസ്ത്രീയമാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
നീർച്ചാലുകൾ മണ്ണിട്ട് നികത്തിയതിനു പുറമേ അഴുക്കുചാൽ കൃത്യമായി നിർമിക്കാത്തതും കാരണം പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ സർവീസ് നിർത്തിവച്ചു. ഇന്നലെ ഉച്ചയോടെയാണ് ബസ് സർവീസ് നിർത്തിവച്ചത്. കോഴിക്കോട് – കണ്ണൂർ ബസുകളിൽ ഇതിനെത്തുടർന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബസുകൾക്ക് സമയക്രമം പാലിക്കാൻ സാധിക്കുന്നില്ല. ഗതാഗതക്കുരുക്കിൽ പെട്ട് ട്രിപ്പ് മുടങ്ങുന്ന അവസ്ഥയാണ്.
യുഡിഎഫ് റോഡ് ഉപരോധിച്ചു
പൊയിൽക്കാവ്∙ ദേശീയപാതയുടെ നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് പൊയിൽക്കാവിൽ യുഡിഎഫ് ദേശീയ പാത ഉപരോധിച്ചു. കെപിസിസി അംഗം സി.വി.ബാലകൃഷ്ണൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി.പി.പ്രമോദ്, പഞ്ചായത്ത് അംഗം സാദിഖ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ – കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തു. ദേശീയപാത അധികൃതർ ഇടപെട്ടു ബസ് തൊഴിലാളികളുടെയും യാത്രക്കാരുടെയും പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ ബസ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് സി.മുരളി, ജനറൽ സെക്രട്ടറി പി.പി.കുഞ്ഞാൻ എന്നിവർ ആവശ്യപ്പെട്ടു.