ചക്കവരട്ടി, ചക്ക ബർഫി, ചക്ക ഹൽവ, ചക്ക പ്രഥമൻ, പച്ചച്ചക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കപ്പഴം ഉണക്കിയത്, ഏത്തയ്ക്കാ ചിപ്സ്, ഏത്തപ്പഴം ഉണക്കിയത്, പൈനാപ്പിൾ ജാം, അവലു കപ്പ, ഉപ്പേരിക്കപ്പ, ഉണക്കക്കപ്പ, കപ്പപ്പൊടി, കപ്പ പായസം, വെള്ളു കപ്പ, മാമ്പഴം ഉണക്കിയത്, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക ബിരിയാണി, പച്ചമാങ്ങാ തെര … കൂരാച്ചുണ്ട് കോയിപ്പറമ്പ് അറയ്ക്കൽ ഷൈല ജോസ് തയാറാക്കുന്ന ഈ മൂല്യവർധിത ഉൽപന്നങ്ങൾ ഒരേ സമയം പ്രാദേശിക വിപണിയിലും രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തിയിരിക്കുകയാണ്.
ജില്ലയിലെ വിവിധയിടങ്ങളിലും യുഎസ്, യുകെ, ഓസ്ട്രേലിയ, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഷൈലയുടെ ഉൽപന്നങ്ങൾ വേറിട്ട രുചികളായി എത്തുന്നു.
കൂരാച്ചുണ്ടിലെ വീട്ടിൽ നിന്നു ഹോളി ഏദൻ എന്ന ബ്രാൻഡിലും മറ്റിടങ്ങളിൽ ‘ഗ്രാമപ്രഭ’ എന്ന ബ്രാൻഡിലുമാണ് ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുന്നത്.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി, പന്തലായനി ബ്ലോക്കുകളിലെ ഫാംപ്ലാൻ കർഷകർ ചേർന്ന് അവരുടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന് രൂപീകരിച്ച ഗ്രാമപ്രഭ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ അംഗം കൂടിയാണു ഷൈല. വീടിരിക്കുന്ന 4 ഏക്കർ പുരയിടത്തിൽ നിന്നുള്ള ചക്കയും മാങ്ങയും ഉൾപ്പെടെയുള്ളവ ഇതിനായി എടുക്കുന്നു.
ഇതിനു പുറമേ ഭർത്താവ് ജോസ് സ്ഥലം പാട്ടത്തിനെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമായി 60 ഏക്കറിലധികം സ്ഥലത്തു പൈനാപ്പിൾ ഉൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നുണ്ട്. അവിടങ്ങളിൽ നിന്നു വിഭവങ്ങളും ഷൈലയുടെ വീടിനോടു ചേർന്നു സ്ഥാപിച്ച ഹോളി ഏദൻ ചിപ്സ് യൂണിറ്റിലേക്ക് എത്തുന്നു.
കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെ 8 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിച്ചത്.
ഉൽപന്നങ്ങൾ ഏതുസമയവും ഉണക്കിയെടുക്കാൻ ഡ്രയറുമുണ്ട്. പ്രമേഹ രോഗികൾക്ക് ഉൾപ്പെടെ കഴിക്കാവുന്ന അവലു കപ്പയും വർഷക്കാലത്തു പോലും പച്ചമാങ്ങയുടെ രുചി നൽകുന്ന പച്ചമാങ്ങാ തെരയുമാണ് ഉൽപന്നങ്ങളിലെ ഹൈലൈറ്റ്.
കപ്പ പൊളിച്ചു നന്നായി കഴുകി ഗ്രേറ്ററിൽ ഉരച്ച ശേഷം വീണ്ടും കഴുകി തിളച്ച വെള്ളത്തിൽ തവി കൊണ്ടു വാട്ടിയെടുക്കുന്നതാണു അവലുകപ്പ.
ഇത് ഉപയോഗിച്ചു പുട്ട്, അവൽ, ഉപ്പുമാവ്, മിക്സ്ചർ, ലഡ്ഡു തുടങ്ങിയവ ഉണ്ടാക്കാം. കപ്പയുടെ നൂറ് കളയുന്നതിനാൽ പ്രമേഹരോഗികൾക്ക് കഴിക്കാം. പഴുത്ത മാങ്ങാ തെര തയാറാക്കുന്നതിനു സമാനമായാണു പച്ചമാങ്ങാ തെരയും.
റബർഷീറ്റ് പോലെ ഉണക്കിയെടുക്കുന്ന ഇതിന്റെ ഒരു കഷ്ണം ഇട്ടാൽ പച്ചമാങ്ങയുടെ രുചി കിട്ടും. കുറ്റിക്കുരുമുളകു തൈ വിൽപനയിലും പോർട്രേയിൽ തയാറാക്കുന്ന ഇഞ്ചി വിത്തുവിൽപനയിലും ഷീല സജീവമാണ്.
∙ തുടക്കം 2018ൽ
കാർഷികോൽപന്നങ്ങളുടെ വിലയിടിവ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കുടുംബത്തെ സാമ്പത്തികമായി വട്ടംകറക്കിയതോടെയാണ് എന്തെങ്കിലും സംരംഭം ചെയ്താലോ എന്നു ഷൈല ചിന്തിച്ചത്.
വീട്ടിൽ സ്വന്തമായി ജാം, സ്ക്വാഷ് തുടങ്ങിയവ ഉണ്ടാക്കിയിരുന്ന ഷൈല, ഭർത്താവ് ജോസിന്റെ പിന്തുണ കിട്ടിയതോടെ പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ (കെവികെ) പരിശീലനത്തിനു ചേർന്നു.
ഒരു മാസത്തെ ഹോംസയൻസ് പരിശീലനം ഷൈലയുടെ സംരംഭക താൽപര്യങ്ങൾക്കു പ്രോത്സാഹനമായി. കെവികെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് എ.ദീപ്തിയുടെ പ്രോത്സാഹനവും മാർഗനിർദേശവും തുണയായി.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും തൃശ്ശൂരിലെ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നും നൂതന ഉൽപന്നങ്ങൾ തയാറാക്കുന്നതിലും അവ മാർക്കറ്റ് ചെയ്യുന്നതിലും പരിശീലനം ലഭിച്ചു.
∙ പുതിയ മേഖല
ഭക്ഷ്യവസ്തുക്കളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിൽ ക്ലാസ് എടുക്കുന്ന പരിശീലകയായി മാറിക്കഴിഞ്ഞു ഷൈല. കൃഷി വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തിൽ ഇതിനകം ഒട്ടേറെ ക്ലാസുകൾ എടുത്തു.
മക്കൾ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ ഡിലിൻ ജോസ്, അധ്യാപികയായ ഡിൽന ജോസ്. (ഷൈലയുടെ ഫോൺ : 95675 23118) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

