
മേൽപ്പാലം തുറന്നു, ദേശീയപാത 66ലൂടെ വാഹനങ്ങൾ ഒഴുകിയെത്തി; മലാപ്പറമ്പിൽ ഇനി എന്തുചെയ്യും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിൽ ഏഴാമത്തെ മേൽപാലവും പൂളാടിക്കുന്നിൽ തുറന്നതോടെ ഒഴുകിയെത്തുന്ന വാഹനങ്ങൾ മലാപ്പറമ്പ് ജംക്ഷനിലെത്തി കുരുക്കിൽ പെടുന്നു. ജംക്ഷനിൽ ആധുനിക പോർട്ടബിൾ സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചിട്ടും ഗതാഗതക്കുരുക്കിനു പരിഹാരമായില്ല. ഇന്നലെ രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് 3 മുതൽ 7.30 വരെയും മലാപ്പറമ്പ് ജംക്ഷനിലും സമീപ റോഡുകളിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർമാരും ചേവായൂർ പൊലീസും ഗതാഗതം നിയന്ത്രിച്ചെങ്കിലും വാഹനങ്ങൾ ഒരേ സമയം കൂടുതൽ എത്തിയതോടെ കുരുക്കായി.
ജില്ലയിൽ കൂടുതൽ മേൽപാലങ്ങൾ തുറന്നതോടെ വാഹനങ്ങൾ വേഗത്തിലാണ് എത്തുന്നത്. മലാപ്പറമ്പ് ജംക്ഷനിൽ ഇതിനനുസരണമായി റോഡ് ഗതാഗത സംവിധാനമില്ലാത്തതിനാൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. സംസ്ഥാനത്ത് ആദ്യത്തെ പോർട്ടബിൾ ട്രാഫിക് സിഗ്നൽ മൂന്നു ലക്ഷത്തോളം രൂപ ചെലവിൽ ദേശീയപാത കരാർ കമ്പനിയായ കെഎംസിയാണ് എത്തിച്ചത്. ഏതു ദിശയിലേക്കും മാറ്റാൻ കഴിയുന്ന സൗകര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണത്തിനു ഉപയോഗപ്രദമാകുമെന്നാണു കരുതിയത്. എന്നാൽ, വാഹനങ്ങൾ പൂർണമായും ദേശീയപാത ഉപയോഗിക്കുന്നതിനാൽ നിയന്ത്രണം തടസ്സപ്പെടുന്നുണ്ടെന്നാണു പൊലീസും ദേശീയപാത അധികൃതരും പറയുന്നത്.
കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് മറ്റൊരു വഴിയുമായി പൊലീസ്
∙ വടക്കുഭാഗത്തു നിന്നു തൊണ്ടയാട് ഭാഗത്തേക്കും വയനാട് ഭാഗത്തേക്കും പോകേണ്ട കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ വേങ്ങേരി പിന്നിട്ടു പ്രോവിഡൻസ് കോളജ് റോഡ് ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞാൽ വേദവ്യാസ സ്കൂളിനു മുന്നിൽ കൂടി മലാപ്പറമ്പ് ജംക്ഷനിൽ എത്താം. അവിടെ നിന്നു തൊണ്ടയാട് ഭാഗത്തേക്കു യുടേൺ ചെയ്തും വയനാട് ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് ആയും യാത്ര തുടരാം. ചെറിയ വാഹനങ്ങൾ ഈ വഴി ഉപയോഗിക്കണമെന്നാണു പൊലീസും ദേശീയപാത അധികൃതരും പറയുന്നത്. ഇതു പാലിച്ചാൽ ഒരുപരിധിവരെ മലാപ്പറമ്പ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും.