
കോഴിക്കോട്∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞതുമായി ബന്ധപ്പെട്ടു ജില്ലയിൽ രാഷ്ട്രീയ വിവാദം. എംപിയെ തടഞ്ഞതിനെതിരെ കോൺഗ്രസും യുഡിഎഫും രംഗത്തെത്തിയപ്പോൾ പ്രതിഷേധക്കാർക്കെതിരെ എംപി നടത്തിയത് വെറും ചീപ്പ് ‘ഷോ’ ആണെന്ന പ്രതികരണവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി.വടകര ലോക്സഭ തിരഞ്ഞെടുപ്പു മുതൽ ഷാഫി പറമ്പിലും ഡിവൈഎഫ്ഐയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയവൈരമാണ് ഇന്നലെ നടുറോഡിലെ വാക്കേറ്റത്തിലേക്ക് എത്തിയത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ തുടക്കം മുതൽ ഡിവൈഎഫ്ഐയും സിപിഎമ്മും കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഷാഫി പറമ്പിലിനെ തടയുമെന്ന തരത്തിൽ പ്രചാരണവും നടക്കുന്നതിനിടെയാണ് ഇന്നലെ വടകരയിൽ ടൗൺഹാളിനു സമീപത്തു ഡിവൈഎഫ്ഐ പ്രവർത്തകർ കാർ തടഞ്ഞതും വാക്കേറ്റമായതും.
തനിക്കെതിരെ സമരക്കാർ അസഭ്യം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി റോഡിലിറങ്ങി പ്രതിഷേധിച്ചത്.
അതേസമയം എംപിക്കൊപ്പം കാറിലുണ്ടായിരുന്നവർ സമരക്കാരെ തെറിവിളിക്കുകയായിരുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഷാഫിയെ തടഞ്ഞതിനെതിരെ ഇന്ന് പഞ്ചായത്തുതലത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വടകരയിലെ വീടുകളിൽ കയറിയിറങ്ങി ഷാഫിക്ക് എതിരെയുള്ള സമരം തുടരുമെന്നു ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാഫിയുടെ ‘ഷോ വർക്ക്’ നാട് തിരിച്ചറിയും: ഡിവൈഎഫ്ഐ
വടകര എംപി ഷാഫി പറമ്പിലിന് എതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി വരുന്ന നേട്ടങ്ങളെ വ്യക്തിപരമായി ഉപയോഗിക്കാനുള്ള ശ്രമമാണു ഷാഫി പറമ്പിൽ നടത്തുന്നതെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
ഇതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് അന്നത്തെ എംഎൽഎയും ഇന്നത്തെ വടകര എംപിയുമായ ഷാഫി പറമ്പിൽ.രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ താൻ ജനകീയനാണെന്നു സ്വയം വരുത്തിത്തീർക്കാനാണു ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തത്. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ റിവ്യൂ യോഗങ്ങളുടെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥർ എംപിയെ അറിയിച്ചത്.
ഷാഫിയുടെ ഈ ‘ഷോ’ വർക്ക് ജനങ്ങൾ തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ഷാഫി പറമ്പിലിനെ പരസ്യമായി തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ല. വടകരയിൽ ഉണ്ടായതു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ്.
ജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഒറ്റപ്പെട്ട എംപി ഒരു കൂട്ടം ആളുകളെ സംഘടിപ്പിച്ചു പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമം നടത്തുന്നുണ്ട്.
ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണു പോകരുത്. രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണം നൽകുന്ന ഷാഫി പറമ്പിൽ എംപിക്ക് എതിരായ പ്രതിഷേധം വീടുകളിൽ കയറി ജനങ്ങളെ സംഘടിപ്പിച്ച് ഇനിയും ഉയർത്തിക്കൊണ്ടു വരും.
പി.സി.ഷൈജു, ഡിവൈെഎഫ്ഐ ജില്ലാ സെക്രട്ടറി
ഷാഫി പറമ്പിലിന് എതിരെ നടന്നത് ഗുണ്ടായിസം.
ആരെങ്കിലും കേസിൽ ആരോപണ വിധേയനായാൽ അയാളുടെ സുഹൃത്തുക്കളെ ആക്രമിക്കുക എന്നത് എവിടുത്തെ നീതിയാണ്. പൊലീസിനു പകരം സിപിഎം തന്നെ കേസെടുക്കുകയും ശിക്ഷ വിധിക്കുകയും ആണ്. ഷാഫിക്കെതിരെ അക്രമമുണ്ടാകുമെന്നു നേരത്തേ തന്നെ സൂചനയുണ്ടായിരുന്നിട്ടും പൊലീസ് ഇടപെട്ടില്ല.
ഇവിടുത്തെ ബ്രാഞ്ച്, ലോക്കൽതലം മുതലുള്ള സിപിഎം നേതാക്കളുടെ പല കഥകളും അവരുടെ നാട്ടിൽ പോയി പറയേണ്ട അവസ്ഥ ഉണ്ടാക്കരുത്.
കെ.പ്രവീൺ കുമാർ, ഡിസിസി പ്രസിഡന്റ്
എംപിക്കെതിരെ ബാലിശമായ കാരണങ്ങൾ നിരത്തി ഡിവൈഎഫ്ഐ നടത്തിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ്.
‘കാഫിർ’ സ്ക്രീൻഷോട്ട് പ്രയോഗം മുതലുള്ള എല്ലാ വ്യാജ പ്രചാരവേലകളും തള്ളി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫി പറമ്പിൽ എംപിയുടെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് സിപിഎമ്മും ഡിവൈഎഫ്ഐയും തടയുന്നത്.
അഹമ്മദ് പുന്നക്കൽ, യുഡിഎഫ് കൺവീനർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]