
നാദാപുരം∙ പേമാരിക്കിടയിൽ വെള്ളിയാഴ്ച തുടങ്ങിയ ചുഴലിക്കൊടുങ്കാറ്റ് ഇന്നലെയും ഗ്രാമീണ മേഖലയെ ദുരിതത്തിലാഴ്ത്തി. വെള്ളിയാഴ്ച ജാതിയേരി വയലോളി താഴെ ഭാഗത്തും ശനിയാഴ്ച കല്ലാച്ചിയിലും പരിസരങ്ങളിലുമായിരുന്നു കാറ്റ് കാര്യമായ നഷ്ടം വിതച്ചത്.വിലങ്ങാട്ട് ഉരുൾ പൊട്ടലിന്റെ ഒന്നാം വാർഷികം നാളെയാണെന്നിരിക്കെ, പെയ്തുകൊണ്ടിരിക്കുന്ന പേമാരിക്കിടയിൽ ദുരിതങ്ങളില്ലാതിരിക്കാനുള്ള മുൻ കരുതലും വീടുകളൊഴിഞ്ഞു പോക്കും തുടരുന്നതിനിടയിലാണ് വിലങ്ങാടിന്റെ പല ഭാഗത്തായി ഇന്നലെ കാറ്റിന്റെ താണ്ഡവം.
വൈദ്യുതി തൂണുകളും ലൈനുകളും ഏറെ പൊട്ടിത്തകർന്നു കിടക്കുകയാണ്.മലയങ്ങാട്, ഉരുട്ടി, ഇന്ദിരാ നഗർ, വാളൂക്ക് ഭാഗങ്ങളിലായി കാർഷിക വിളകളും വ്യാപാകമായി നശിച്ചു. ടാപ്പിങ് തുടങ്ങിയ റബർ മരങ്ങളും കായ്ച്ചു നിൽക്കുന്ന തെങ്ങുകളും കാറ്റിലൊടിഞ്ഞാണ് കാര്യമായ നഷ്ടം.
വാഴ, കമുക് തുടങ്ങിയവയും നശിച്ചു.ചിയ്യൂർ, കുറ്റിപ്രം, വിഷ്ണുമംഗലം, കല്ലാച്ചി, വരിക്കോളി തുടങ്ങിയവിടങ്ങളിൽ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല.ലൈനുകൾ നന്നാക്കുന്നതിനിടയിൽ വീണ്ടും തകരാറുകൾ സംഭവിക്കുന്നതാണ് പ്രശ്നം.ഇന്നലെ ഉച്ച കഴിഞ്ഞു മഴ അൽപം വിട്ടു നിന്നത് ആശ്വാസമായി.
കെഎസ്ഇബിക്കു ലക്ഷങ്ങളുടെ നഷ്ടമാണ് മഴയിലും കാറ്റിലുമുണ്ടായിരിക്കുന്നത്.കല്ലാച്ചിയിലെ വള്ളേരിക്കുനി ഹാരിസിന്റെ വീടിനോടു ചേർന്ന തേങ്ങാക്കൂടയ്ക്ക് കനത്ത നഷ്ടമുണ്ട്. 3 പ്ലാവുകളും 12 വാഴകളും തെങ്ങുകളും നശിച്ചു.
സമീപത്തെ കേളോത്ത് അമ്മദ്, മകൻ അഷ്റഫ് എന്നിവരുടെ തെങ്ങുകളും നശിച്ചു. വള്ളേരി സൂപ്പിയുടെ കാർ ഷെഡിനു മുകളിൽ മാവ് പൊട്ടി വീണു നഷ്ടമുണ്ടായി.
ഈ ഭാഗത്ത് വ്യാപകമായി വൈദ്യുതി ലൈനുകളും തകരാറിലായി.തെരുവൻപറമ്പിൽ കല്ലിൽ സുരയുടെ വീടിനു മുകളിൽ തെങ്ങു വീണു. പി.വി.ചാത്തുവിന്റെ മതിൽ തകർന്നു.
ചിയ്യൂർ അമ്പിടാണ്ടി നാരായണിയുടെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു തകരാറു പറ്റി. തൂണേരി വെള്ളൂർ മുടപ്പിലായി രജീഷിന്റെ വീടിനു മുകളിൽ തെങ്ങു വീണു വീടു തകർന്നു.
നാദാപുരം ഒന്നാം വാർഡിൽ ഇയ്യങ്കോട് പാറകെട്ടിൽ വിശ്വനാഥന്റെ വീടിനു മുകളിൽ പ്ലാവ് വീണു വീടിനു നഷ്ടം പറ്റി.വിഷ്ണുമംഗലം പെരുവങ്കര പരപ്പന പരദേവത ക്ഷേത്രം ഓഫിസിനു മുകളിൽ 2 തെങ്ങുകൾ പൊട്ടി വീണു ഓഫിസിനു വിള്ളൽ വീണു.വിലങ്ങാട്ട് നരിപ്പണയിൽ പത്മരാജന്റെ വീടിനു മുകളിലേക്ക് മരങ്ങൾ വീണു വീടിനു വൻ നഷ്ടം സംഭവിച്ചു.
വട്ടോളി ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം
കക്കട്ടിൽ∙ കനത്ത കാറ്റിൽ വട്ടോളി ഭാഗങ്ങളിൽ പലയിടങ്ങളിൽ തെങ്ങുകളും മറ്റും കടപുഴകി വീണു. മധുകുന്നിലെ മൊട്ടേമ്മൽ മനോജന്റെ വീടിനു മുകളിൽ മരം പൊട്ടിവീണു.
വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. മകളുടെ പുസ്തകങ്ങൾ അടക്കം മഴയത്ത് നശിച്ചു.
മധുകുന്ന് റോഡില കെട്ടിടത്തിൽ നിന്ന് കൂറ്റൻ ഷീറ്റ് പാറിപ്പോയി.ചാത്തോത്ത് ഭാഗത്ത് പലയിടത്തും മരങ്ങൾ പൊട്ടി വീണു.തൊട്ടിൽപാലം∙ മിന്നൽ ചുഴലിക്കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശം. കരിങ്ങാട് റോഡിൽ താഴെ കരിങ്ങാട് ഭാഗത്ത് മരം വീണു 3 വൈദ്യുതിത്തൂണുകൾ തകർന്നു.
പ്രദേശത്തേക്ക് വൈദ്യുതി വിതരണം നിലച്ചു.പൊയിലിൽ അശോകന്റെ വീടിന് മുകളിൽ മരം വീണു കേടുപാടുകൾ സംഭവിച്ചു. കരിങ്ങാട് സ്കൂൾ റോഡിലും മരങ്ങൾ വീണ് വൈദ്യുതി വിതരണം നിലച്ചു.ചാത്തങ്കോട്ടുനട
ട്രാൻസ്ഫോമർ മരം വീണ് നിലം പൊത്തി. മലയോര മേഖല ഇരുട്ടിലായി.പാതിരിപ്പറ്റ സ്കൂൾ ബസ് തെങ്ങ് വീണ് തകർന്നു.
മീത്തൽ വയലിൽ കെ.പി.രവീന്ദ്രന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബസ്.പാതിരിപ്പറ്റ∙ കാറ്റിൽ പ്ലാവ് വീണ് മഠത്തിൽപറമ്പത്ത് ശശിയുടെ കോഴിഫാം തകർന്നു. വീടിന് മുകളിൽ കമുക് പൊട്ടി വീഴുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]