പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറി കുത്തിയൊലിച്ചു വരുന്ന പുഴ. ഓളങ്ങൾക്കൊപ്പം കുതിച്ചുയർന്നും വെട്ടിച്ചുമാറിയും തെന്നിത്തെന്നി വരുന്ന കയാക്ക്.
ഇരു തലയുള്ള പങ്കായം കൊണ്ട് അതിസാഹസികമായി ഒഴുക്കിന് അനുസരിച്ചു ഗതി മാറ്റി കയാക്കിങ് താരം. കരയിലിരുന്ന് കാണുന്നവന്റെ നെഞ്ചിടിപ്പേറും.
തലയിൽ കൈവച്ച് ‘അയ്യോ’ എന്നു പറയും. അതിസാഹസികതയുടെ ഉത്സവമേളമാണ് നടക്കുന്നത്.
നേരിട്ടു കാണണമെങ്കിൽ ഇന്ന് പുല്ലൂരാംപാറയിലേക്ക് പോകാം. പുലിക്കയത്തും പുല്ലൂരാംപാറയിലും കയാക്കിങ്ങ് പുലികൾ നടത്തിവന്ന ‘പുലി’ക്കയാക്കിന്റെ ആവേശോജ്വലമായ ക്ലൈമാക്സ് ദിനം ഇന്നാണ്.
∙ സ്പോർട്സ് മാപ്പിലെ ഇടം
റബറിന്റെയും പൈനാപ്പിളിന്റെയും വിലയിലെ ചാഞ്ചാട്ടത്തിൽ നെഞ്ചിടിപ്പോടെ ജീവിക്കുന്ന കർഷകരാണ് മലയോരമേഖലയിലുള്ളത്.
പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന മനുഷ്യർ. ഇവിടെയുള്ള കോടമഞ്ഞും മഴയും പുഴയും പാറക്കെട്ടുകളുമെല്ലാം ജീവിതത്തിൽ ആസ്വദിക്കാനുള്ളതാണെന്ന് അവർക്ക് അറിയില്ലായിരുന്നു.
വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തുറന്നതോടെ മലയോരമേഖല സജീവമായിത്തുടങ്ങി. കൃഷിയും ഫാം ടൂറിസവും ഹോംസ്റ്റേകളും റിസോർട്ടുകളും സജീവമായി.
എന്നാൽ മലയോര മേഖലയിൽ അതിസാഹസിക കായികവിനോദങ്ങളുടെ സാധ്യത കണ്ടെത്തിയതോടെ കളി മാറി. അതിനൊരു വിദേശി ഇവിടെ തേടിയെത്തേണ്ടിവന്നു.
∙ പുഴ തേടിയെത്തിയ വിദേശി
ഇറ്റലിക്കാരനായ ജാക്കപ്പോ നെരോദ്രയും സുഹൃത്തും പുണെയും സ്വദേശിയുമായ മാണിക് തനേജയും ഗൂഗിൾ എർത്തിൽ തിരഞ്ഞുതിരഞ്ഞാണ് കോടഞ്ചേരിയിലെ പുലിക്കയത്ത് എത്തിച്ചേർന്നത്.
കയാക്കിങ്ങിന് പറ്റിയ ഇടം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അന്ന് ചെന്നൈയിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജാക്കപ്പോ.
2011ലാണ് ഇരുവരും ആദ്യമായി വന്നത്. തൊട്ടടുത്തവർഷം കയാക്കിങ് മത്സരത്തിനു തുടക്കമിട്ടു.
2012ലും 2013ലും മത്സരങ്ങൾ ഇരുവരും ചേർന്ന് നടത്തുകയായിരുന്നു. ആവേശോജ്വലമായ മത്സരം സാഹസിക വിനോദസഞ്ചാരത്തിന്റെ സാധ്യത തുറന്നിടുന്നതു കണ്ട് വിനോദസഞ്ചാരവകുപ്പ്, ഡിടിപിസി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാപഞ്ചായത്ത് തുടങ്ങിയവർ മത്സരത്തിന്റെ നടത്തിപ്പ് ആവേശകരമായി മുന്നോട്ടുകൊണ്ടുപോയി.
പുലിക്കയത്ത് വിനോദസഞ്ചാരവകുപ്പ് രാജ്യാന്തര കയാക്കിങ് സെന്റർ കെട്ടിടവും നിർമിച്ചു.കോവിഡ് കാലത്ത് രണ്ടു വർഷം നിർത്തിവച്ചു. അതൊഴികെ ബാക്കി ഓരോ വർഷവും കൂടുതൽ കൂടുതൽ വിദേശ താരങ്ങൾ മത്സരിക്കാനായി പുലിക്കയം തേടിയെത്തുകയാണ്.
സാങ്കേതിക സഹായവുമായി ഈ പതിനൊന്നു വർഷവും മാണിക് തനേജ കയാക്കിങ് വേദിയിലുണ്ട്.
∙ കോടഞ്ചേരി ടു ഒളിംപിക്സ്
പുലിക്കയത്തെ ചാലിപ്പുഴയിലും പുല്ലൂരാംപാറയിലെ ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. പുതുതായി കയാക്കിങ് നടത്തുന്ന താരങ്ങൾക്കുള്ള അമച്വർ വിഭാഗം ബോട്ടർ ക്രോസ്, എക്സ്ട്രീം സ്ലാലം, ഡൗൺ റിവർ മത്സരങ്ങളാണ് മലബാർ റിവർ ഫെസ്റ്റിൽ നടക്കുന്നത്.പുഴയിൽ പലയിടത്തായി സ്ഥാപിച്ച ചുവപ്പ്, പച്ച ഗേറ്റുകളിലൂടെ കടന്നുപോയി പോയിന്റ് നേടുന്ന ഇനമാണിത്.സ്റ്റാർട്ടിങ് പോയിന്റിൽനിന്ന് ഓരോരുത്തരെയായി വിടുന്നു.
മികച്ച സമയം കുറിക്കുന്നയാളാണ് വിജയി. ഏതെങ്കിലും ഗേറ്റിലൂടെ പ്രവേശിക്കാൻ കഴിയാതെ വന്നാൽ മൽസരാർഥിയുടെ സമയത്തിൽനിന്ന് 50 സെക്കൻഡ് കുറയ്ക്കും.
കയാക്കിങ് ബോട്ട് ഗേറ്റിൽ തട്ടിയാൽ 15 സെക്കൻഡും കുറയ്ക്കും.
കിലിയൻ ഇവേലിച്ചും ഡയ്ലയും രണ്ടാംദിനത്തിൽ ജേതാക്കൾ
മലബാർ റിവർ ഫെസ്റ്റ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ നടന്ന പ്രഫഷനൽ എക്സ്ട്രീം സ്ലാലം മത്സരത്തിൽ പുരുഷവിഭാഗത്തിൽ ചിലെയിൽനിന്നുള്ള കിലിയൻ ഇവേലിച്ച് ഒന്നാംസ്ഥാനത്തെത്തി. റഷ്യൻ സ്വദേശി റയാൻ ഒ കോണർ രണ്ടാംസ്ഥാനവും യുഎസിൽനിന്നുള്ള ജോസഫ് ടോഡ് മൂന്നാംസ്ഥാനവും നേടി.വനിതാ വിഭാഗത്തിൽ ന്യൂസീലൻഡിൽ നിന്നുള്ള ഡയ്ല വാഡ് ഒന്നാമതെത്തി.
റഷ്യക്കാരി ഡാരിയ കുസിച്ചേവ രണ്ടാംസ്ഥാനവും ന്യൂസീലൻഡ് സ്വദേശി റാറ്റാ ലോവൽ സ്മിത് മൂന്നാംസ്ഥാനവും നേടി.മലബാർ റിവർ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഇന്നു വൈകിട്ട് പുല്ലൂരാംപാറയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ചാംപ്യൻഷിപ്പിന്റെ വേഗരാജാവ്, വേഗറാണി എന്നിവർക്കുള്ള കിരീടങ്ങൾ മന്ത്രി നൽകും.
മർസി മ്യൂസിക് ബാൻഡിന്റെ സംഗീതപരിപാടിയും അരങ്ങേറും.
∙ ലോകത്തെ 5 മികച്ച വൈറ്റ് വാട്ടർ കയാക്ക് ചാംപ്യൻഷിപ്പുകളിലൊന്നായി ഫ്രഞ്ച് മാഗസിൻ ‘കയാക്ക് സെഷൻ’ തിരഞ്ഞെടുത്തത് മലബാർ റിവർ ഫെസ്റ്റിനെയാണ്. ∙ ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.
∙ ഒളിംപിക്സിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിന്റെ തിരഞ്ഞെടുപ്പ് പുലിക്കയത്താണ് നടക്കുന്നത്. ∙ രാജ്യാന്തര കനൂയിങ് അസോസിയേഷന്റെ (ഐസിഎഫ്) അംഗീകാരമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]