കോഴിക്കോട്∙ നഗരത്തിലെ റോഡുകളിൽ ചോര മണം മാറുന്നില്ല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും നിയന്ത്രണമില്ലാതെയും അമിതവേഗത്തിലും വാഹനവുമായി നിരത്തിലിറങ്ങുന്നവർ കാരണം പൊലിയുന്നത് നിരപരാധികളുടെ ജീവൻ.
മദ്യപിച്ചു ലക്കുകെട്ട ഡ്രൈവർമാർ ഓടിക്കുന്ന വാഹനം ഇടിച്ചു കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണു മരിച്ചത്.
രണ്ടാഴ്ചയ്ക്കിടെ 5 പേരുടെ ജീവനാണ് വാഹനാപകടത്തിൽ നഷ്ടമായത്.
ഇതിൽ 2 പേർ മാധ്യമ പ്രവർത്തകരായിരുന്നു. ഇന്നലെ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടാനായി നഗരത്തിലെത്തിയ ഉള്ളിയേരി പാലോറ മലയിൽ ഗോപാലനു ജീവൻ നഷ്ടമായത് സമാന സംഭവത്തിലാണ്.
സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന ഗോപാലനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കൊയിലാണ്ടി സ്വദേശി ഷാഹിദ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കോവിഡിനു ശേഷം മദ്യപിച്ചു വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പൊലീസ് പരിശോധന കുറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ബ്രെത്തലൈസർ ഉപയോഗിച്ചു കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും രാസ ലഹരികൾ ഉപയോഗിച്ചു വാഹന ഓടിച്ചാൽ കണ്ടെത്താൻ കഴിയാത്തതും പൊലീസിനു തലവേദനയാണ്.
സംശയത്തിന്റെ പേരിൽ ആരെയും വൈദ്യ പരിശോധനയ്ക്കു ഹാജരാക്കാനാകില്ല.
ലഹരിയുമായി പിടിക്കപ്പെട്ടാൽ മാത്രമേ ഇവരുടെ വൈദ്യപരിശോധന നടത്താനാകൂ എന്നതാണ് തിരിച്ചടി. എക്സൈസ് വകുപ്പിനു സംശയമുള്ളവരെ പരിശോധിക്കാൻ കഴിയുമെങ്കിലും പരിശോധന നടത്താനുള്ള കിറ്റുകൾ ആവശ്യത്തിന് ഇല്ലാത്തതും തിരിച്ചടിയാണ്. ജില്ലയിലെ 14 എക്സൈസ് ഓഫിസുകൾക്കുമായി കഴിഞ്ഞ വർഷം വിതരണം ചെയ്തത് 75 കിറ്റുകൾ മാത്രമാണ്.
നഗരത്തിലെ വാഹന പരിശോധന കർശനമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
എംഡിഎംഎ പരിശോധനയും വ്യാപകമാക്കും:
നിലവിൽ വൈകിട്ടും രാത്രിയും ബ്രെത്തലൈസർ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നുണ്ട്. രാവിലെ സ്കൂൾ, ഓഫിസ് പ്രവൃത്തി സമയത്ത് വാഹന പരിശോധന നടത്തിയാൽ ഗതാഗതക്കുരുക്കുണ്ടാകും.
ഇനി അതിരാവിലെയും പരിശോധന നടത്തും. എക്സൈസ് വകുപ്പുമായി ചേർന്നു സംയുക്ത എംഡിഎംഎ പരിശോധനയും നഗരത്തിൽ വ്യാപകമാക്കും.
മേജർ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്ക് നിലവിൽ ഒരു ദിവസത്തെ ട്രാഫിക് ബോധവൽക്കരണ ക്ലാസ് ആണു നൽകുന്നത്.
എന്നാൽ ഇനി മുതൽ മേജർ അപകടമുണ്ടാക്കുന്നവർക്ക് 3 ദിവസം എടപ്പാളിലെ കേന്ദ്രത്തിൽ ചെന്ന് ക്ലാസിൽ പങ്കെടുക്കേണ്ടി വരും. ഇതിനുള്ള ഭക്ഷണ, താമസ ചെലവും ഫീസും അടയ്ക്കണം.
ഇതിനു പുറമേ ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
എൽ.സുരേഷ് ബാബു (അസിസ്റ്റന്റ് കമ്മിഷണർ, സിറ്റി ട്രാഫിക് പൊലീസ്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]