കോഴിക്കോട്∙ ബദ്ധവൈരികളുടെ പോരാട്ടം. ഏറനാട്ടിൽനിന്ന് പോരിനെത്തിയ മലപ്പുറം എഫ്സിയുടെ കരുത്തരെ തന്ത്രം മെനഞ്ഞ് വരിഞ്ഞുകെട്ടി കാലിക്കറ്റ് എഫ്സി.
സൂപ്പർലീഗ് കേരളയിലെ അവസാന ഹോം മത്സരത്തിൽ കാലിക്കറ്റ് എഫ്സി (3–1) മലപ്പുറത്തെ തോൽപിച്ച് തിരിച്ചയക്കുമ്പോൾ ഗാലറി ആടിയുലയുകയായിരുന്നു. 34,123 പേരാണ് ഇന്നലെ കളികാണാൻ ഗാലറിയിലെത്തിയത്.
ഒരു വശം നിറയെ കാലിക്കറ്റ് എഫ്സിയുടെ ആരാധകരുടെ ബീക്കൺസ് ബ്രിഗേഡ് നീലപ്പടയാണെങ്കിൽ മറുവശത്ത് മലപ്പുറം അൾട്രാസിന്റെ ചെമ്പട.
ഗാലറിയിലെ ഒരു സീറ്റു പോലും ഒഴിഞ്ഞു കിടന്നില്ല.കഴിഞ്ഞ സീസണിൽ ഫൈനൽ കാണാനെത്തിയവരെക്കാൾ കൂടുതൽ ആരാധകരാണ് ഇന്നലെ ലീഗ് റൗണ്ടിൽ മത്സരം കാണാനെത്തിയത്. 33,200 പേരായിരുന്നു കഴിഞ്ഞ ഫൈനലിന് എത്തിയത്.ഇന്നലെ പതിമൂന്നാം മിനിറ്റിലാണ് സൂപ്പർലീഗ് കേരളയിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന് പിറന്നത്.
കാലിക്കറ്റിന്റെ ഫോർവേഡ് പി.പി.മുഹമ്മദ് റോഷൽ മൈതാനത്തിന്റെ മധ്യവരയ്ക്കടുത്തുനിന്നു നൽകിയ പാസ് ജോനാഥൻ നഹുവൽ പെരേര കാലുകൊണ്ട് ഉന്നംപിടിക്കുമ്പോൾ മുന്നിൽ മലപ്പുറത്തിന്റെ പ്രതിരോധപ്പട ഒന്നടങ്കമുണ്ട്.
അതിനപ്പുറത്ത് ഗോളി മുഹമ്മദ് ജസീനുണ്ട്.
പക്ഷേ പെരേരയുടെ ഇടംകാലടി കോട്ടകളെ തുളയ്ക്കുന്ന പീരങ്കിപോലെ വലയിലേക്ക് തുളച്ചുകയറി. കാലിക്കറ്റ് എഫ്സി (1–0) മുന്നിലെത്തി.54ാം മിനിറ്റിൽ മുഹമ്മദ് റോഷലിനെ ഫൗൾ ചെയ്ത് രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം ചുവപ്പുകാർഡ് കണ്ടു പുറത്തായി.
പതിനെട്ടാം മിനിറ്റിൽ ആസിഫിനെ ഫൗൾ ചെയ്തതിന് ഗനി അഹമ്മദ് നിഗം മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. 79ാം മിനിറ്റിൽ അനാവശ്യമായി റോയ് കൃഷ്ണയെ ഫൗൾ ചെയ്ത റിച്ചാർഡ് ഓസേ മഞ്ഞക്കാർഡ് വാങ്ങി.
എൺപതാം മിനിറ്റിൽ ഫ്രീകിക്കെടുത്ത അയ്റ്റെർ അൽഡെലിർ പന്ത് നേരെ വലയിലെത്തിച്ചത്തോടെ മലപ്പുറം (1–1) സമനില പിടിച്ചു.
പക്ഷേ 84ാം മിനിറ്റിൽ കാലിക്കറ്റ് എഫ്സി അർജന്റീന താരം അലക്സിസ് സോസയ്ക്കു പകരം സെബാസ്റ്റ്യൻ റിങ്കൺ ലൂസിമിയെ കളത്തിലിറക്കി.88ാം മിനിറ്റിൽ കാലിക്കറ്റ് എഫ്സിയുടെ സൂപ്പർതാരം മുഹമ്മദ് അജ്സൽ തിരിച്ചടിച്ചു.ഡി. അരുൺകുമാർ നൽകിയ പാസ് സെബാസ്റ്റ്യൻ റിങ്കൺ ലൂസിമി പോസ്റ്റിനുമുന്നിലേക്ക് കൈമാറി.
അജ്സൽ മിന്നൽപോലെ പന്ത് വലിയെത്തിച്ചു. ആ ആഘോഷം തീരുംമുൻപേ അടുത്ത ഗോളും പിറന്നു.
91ാം മിനിറ്റിൽ സെബാസ്റ്റ്യൻ ലൂസിമിയുടെ പാസ് പാട്ടുംപാടി ഫ്രെഡറിക്കോ ബോസോ ഫ്യൂറി വലയിലെത്തിച്ചത്. ഇതോടെ ഗാലറിയിൽ നൃത്തച്ചുവടുകൾ തുടങ്ങി.സെമിഫൈനലും ഫൈനലും കോഴിക്കോട്ടെത്തുമെന്ന പ്രതീക്ഷയുമായാണ് ഇന്നലെ ആരാധകർ ഗാലറി വിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

