കോഴിക്കോട്∙ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡിമാൻഡ് കൂടി ഖാദിയും ഖദറും. ലാളിത്യത്തിന്റെ ഭാഗമായി പഴയ തലമുറ മാത്രമല്ല ‘ഡ്രസ് കോഡി’ന്റെ ഭാഗമായി പുതുതലമുറയും ഖദറിലേക്കു മാറി.
ഖദർ ഷർട്ടും ഒപ്പം മുണ്ടും യുവ സ്ഥാനാർഥികൾക്കിടയിലും ട്രെൻഡാണ്. പലതരം സാരികളുമായി വനിത സ്ഥാനാർഥികളും കളം പിടിച്ചതോടെ കടകൾക്കും ഖാദി ഷോറുമുകൾക്കും കോളടിച്ചു.അൽപം പ്രായമായ സ്ഥാനാർഥികൾക്കു പുറമേ പുതുതലമുറ സ്ഥാനാർഥികളും പാന്റ് ഒഴിവാക്കി മുണ്ടിലേക്ക് ചേക്കേറിയിട്ടുണ്ട്.
സ്ഥാനാർഥിയായതോടെ ഖാദിയുടെയും ഖദറിന്റെയും തുണി വാങ്ങി അടിയന്തരമായി തയ്പിച്ചവരുമുണ്ട്.
രാഷ്ട്രീയ ഭേദമെന്യേ എല്ലാ പാർട്ടിയിലും പെട്ടവർ ഖാദി വാങ്ങുന്നുണ്ട്. സ്ഥാനാർഥി മാത്രം ഖദറും ബാക്കി സ്ക്വാഡ് വർക്കിനു വരുന്നവർ ടീഷർട്ടും ജീൻസും ധരിക്കുന്നത് ബുദ്ധിയല്ലെന്നു കണ്ട് ചില സ്ക്വാഡ് വർക്കുകാരും ഖദറിലേക്കു മാറി.
ഖാദി ഷർട്ടിന് 990–1490 വരെയാണ് വില. വെള്ളമുണ്ടിന് 350–600 രൂപയും.
കലങ്കാരി, കളർ കോട്ടൺ, കോറത്തുണി സാരികളാണ് വനിത സ്ഥാനാർഥികൾക്കിടയിൽ ട്രെൻഡ്. സാരിക്ക് 1750– 4000 രൂപ വരെ ചെലവുണ്ട്.
ഡ്രസ് കോഡിൽ വോട്ടർമാരെ കെട്ടിപ്പിടിച്ച് റീൽസ് എടുക്കുമ്പോൾ ഖദറും ഖാദിയും വേറെ വൈബ് ആണെന്നു സ്ഥാനാർഥികൾ പറയുന്നു.
എന്നാൽ ഖാദിയും ഖദറും അലക്കി കഞ്ഞിപ്പശ മുക്കി തേച്ച് എടുക്കുന്നത് അത്ര എളുപ്പമല്ലെന്നു സമ്മതിക്കുന്നു. ഖാദിയും ഖദറും ഇട്ട് ഓരോ ദിവസവും രംഗത്തിറങ്ങുന്നതു വലിയ ചെലവുള്ള പരിപാടിയാണ്.
യുവതലമുറ ലിനനും പരീക്ഷിക്കുന്നുണ്ട്. ഒരു ഖാദി കുപ്പായം കഞ്ഞി മുക്കി തേച്ച് എടുക്കാൻ കടയിൽ കൊടുത്താൽ 80 രൂപയാണ് ചെലവ്.
അലക്കി കഞ്ഞി മുക്കി തേക്കുമ്പോൾ പിന്നെയും ചെലവ് കൂടും.
ഏകദേശം 110–120 രൂപ ഒരു ഷർട്ടിനു ചെലവു വരുമെന്നു കോഴിക്കോട്ടെ തേപ്പുകട ജീവനക്കാരൻ പറയുന്നു.തിരഞ്ഞെടുപ്പ് അടുത്തതോടെ തേപ്പ് കടക്കാർക്കും കോളടിച്ചിട്ടുണ്ട്. ചെലവും മെനക്കേടും ആലോചിക്കുമ്പോൾ ഖാദിയും ഖദറും ഇച്ചിരി പാടാണെന്ന് സ്ഥാനാർഥികൾ പറയുന്നു.
എന്നാലും തൽക്കാലം തിരഞ്ഞെടുപ്പ് കഴിയും വരെ തുടരാൻ തന്നെയാണ് തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

