കോഴിക്കോട് ∙ കോഴിക്കോടിന്റെ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (ഡിസിഐപി) 10 വർഷം പൂർത്തിയാക്കുന്നു. ജില്ലാ തലത്തിൽ ഭരണ നിർവഹണ രംഗത്ത് യുവജനങ്ങൾക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇന്റേൺഷിപ് പ്രോഗ്രാമാണിത്.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി ചേർന്ന് 2015 ജൂണിൽ കമ്പാഷ്യനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് പ്രോഗ്രാം ആരംഭിച്ചത്. കോഴിക്കോട് ഐഐഎം, അസീം പ്രേംജി യൂനിവേഴ്സിറ്റി, എൻഎസ്എസ് എന്നിവർ പദ്ധതിയുടെ സഹകാരികളാണ്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വികസന, സാമൂഹികക്ഷേമ പദ്ധതികളിലും പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
പാർശ്വവൽകരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ ഇതുവഴി അവസരം ലഭിക്കും.
വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
വിവിധ കാരണങ്ങളാൽ സമൂഹത്തിൽ പ്രയാസം അനുഭവിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാർ, പട്ടികവർഗ വിഭാഗക്കാർ, വിധവകൾ, തെരുവിൽ അലയുന്നവർ, സർക്കാർ ക്ഷേമ ഭവനങ്ങളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ജില്ലയുടെ നിപ്പ പ്രതിരോധത്തിലും പ്രളയത്തിന്റെ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിലുമെല്ലാം നിർണായക പങ്കു വഹിക്കാൻ ഡിസിഐപിക്ക് സാധിച്ചു.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്കാരങ്ങളും ഡിസിഐപിക്ക് ലഭിച്ചു.
പത്ത് വർഷത്തിനിടയിൽ ജില്ലയുടെ പ്രധാന പദ്ധതികളായ ഓപ്പറേഷൻ സുലൈമാനി, കുതിരവട്ടം മാനസികാശുപത്രിയിലെ ഇടപെടലുകൾ, കമ്പാഷ്യനേറ്റ് കോഴിക്കോട് സ്കോളർഷിപ് വിതരണം, സീറോ വേസ്റ്റ് കോഴിക്കോട്, എനേബ്ലിങ് കോഴിക്കോട്, ക്യാംപസസ് ഓഫ് കോഴിക്കോട്, നമ്മുടെ കോഴിക്കോട്, കൈയെത്തും ദൂരത്ത്, സിഡിഎംസി, ക്രാഡിൽ, അദാലത്തുകൾ, ഹാപ്പി ഹിൽ, ഉദയം, ഉയരാം ഒന്നിച്ച്, പുതുലഹരി എന്നിവയിലെല്ലാം നിർണായക പങ്കുവഹിച്ചു.
ഉദ്യോഗ ജ്യോതി തൊഴിൽ പിന്തുണ പദ്ധതി, ‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടിക വർഗ വിഭാഗങ്ങളുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന സൗകര്യ വികസനം, ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച ബോധവൽകരണം, മെഡിക്കൽ ക്യാംപുകൾ, ഇലക്ടറൽ ലിറ്ററസി ക്ലബ് രൂപീകരണം, വോട്ടർ റജിസ്ട്രേഷൻ, ആഭ്യന്തര – രാജ്യാന്തര വിനോദ സഞ്ചാര പ്രചാരണ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങൾ, സമൂഹ മാധ്യമ ക്യാംപെയ്നുകൾ തുടങ്ങിയ സാമൂഹിക ക്ഷേമ, വികസന മേഖലകളിലും നിലവിൽ പ്രവർത്തിച്ചു വരുന്നു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഐഐഎം, ഐഐടികൾ, എൻഐടികൾ, ജെഎൻയു, ജാമിയ മിലിയ ഇസ്ലാമിയ, പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, അസിം പ്രേംജി യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നുൾപ്പെടെ മുന്നൂറിലധികം വിദ്യാർഥികൾ ഇതിനകം പരിപാടിയുടെ ഭാഗമായിട്ടുണ്ട്. കൂടാതെ ഈ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ പത്തോളം ജില്ലകളിൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിലായി പദ്ധതി ആരംഭിക്കുകയും ചെയ്തു.
∙ ജില്ലാ കലക്ടറുടെ ഇന്റേണുകളാവാൻ അവസരം
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 നവംബർ-2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ ഇതിലൂടെ അവസരം ലഭിക്കും.
2015ൽ ആരംഭിച്ച പ്രോഗ്രാമിന്റെ 31–ാമത്തെ ബാച്ചിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ www.dcip.co.in സന്ദർശിച്ച് നിർദിഷ്ട
ഫോമിൽ ഒക്ടോബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. നാലു മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി.
സ്റ്റൈപൻഡ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
പുതിയ ബാച്ച് നവംബർ ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങൾക്ക് 9847764000, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]