
കോഴിക്കോട് ∙ സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 കോഴിക്കോട് ബീച്ചിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് ഏഴിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ശേഷം രാജസ്ഥാനി നാടോടി ബാൻഡായ മംഗാനിയാർ സെഡക്ഷൻ സംഗീത പരിപാടി അരങ്ങേറും.
ഓണാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്തു.
പ്രധാന വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും പാർക്കിങ് കുറ്റമറ്റതാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓരോ വേദിയിലും എത്ര പ്രേക്ഷകരെ പ്രതീക്ഷിക്കുന്നു എന്ന കൃത്യമായ കണക്ക് മുൻകൂറായി തയാറാക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
എല്ലാ വേദികളിലും ആവശ്യമായ വൊളന്റിയർമാരെ വിന്യസിക്കും. ഇതിനായി എൻഎസ്എസ്, ടീം കേരള, ടൂറിസം ക്ലബ് അംഗങ്ങളെ നിയോഗിക്കും.
വേദികളിൽ ആവശ്യമായ മെഡിക്കൽ യൂണിറ്റ് സേവനം ഉറപ്പാക്കും. യോഗത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തന പുരോഗതി വിശദീകരിച്ചു.
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ, എഡിഎം പി.സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാർ, കോഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
∙ മെഗാ പൂക്കള മത്സരത്തിനായി ഓഗസ്റ്റ് 28 വരെ റജിസ്റ്റർ ചെയ്യാം
മാവേലിക്കസ് 2025നോടനുബന്ധിച്ച് നടത്തുന്ന മെഗാ പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 28 വരെ സൗജന്യമായി റജിസ്റ്റർ ചെയ്യാം.
ഓഗസ്റ്റ് 31-ന് നഗര പരിധിയിലെ നൂറോളം വേദികളിൽ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ആകെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സ്കൂളുകൾ, കോളജുകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ വകുപ്പുകൾ, വ്യാപാരി വ്യവസായി, മാധ്യമ സ്ഥാപനങ്ങൾ, സാമ്പത്തിക-സഹകരണ സ്ഥാപനങ്ങൾ, ഐടി സ്റ്റാർട്ടപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകൾക്ക് മത്സരത്തിനായി റജിസ്റ്റർ ചെയ്യാം. മാനാഞ്ചിറയിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ നേരിട്ടെത്തിയും 8089985722, 8714063483, 9895613615 നമ്പറുകളിൽ വിളിച്ചും മാവേലിക്കസ് ആപ്പിലൂടെയും റജിസ്റ്റർ ചെയ്യാം.
സ്കൂളുകൾക്ക് വിദ്യാഭ്യാസ ഓഫിസുകൾ, ബിആർസികൾ എന്നിവ വഴി റജിസ്റ്റർ ചെയ്യാം. കുടുംബശ്രീ യൂണിറ്റുകൾക്ക് കുടുംബശ്രീ കോഓർഡിനേറ്റർ മുഖേന റജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമായി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ.
വൃത്താകാരത്തിൽ പരമാവധി 1.5 മീറ്റർ വ്യാസമുള്ള പൂക്കളമാണ് തീർക്കേണ്ടത്. മത്സരത്തിൽ ജില്ലാതലത്തിൽ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ആദ്യ മൂന്നു മെഗാ സമ്മാനത്തിനു പുറമേ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവർക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]