
കോഴിക്കോട്∙ നഗരത്തിൽ വിവിധയിടങ്ങളിൽ വീട് വാടകയ്ക്കെടുത്ത് ഉടമയറിയാതെ മറിച്ചു പണയത്തിനു നൽകി വൻ തുക വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിൽ അശോകപുരം കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്കെടുത്ത വീടു സ്വന്തം വീടാണെന്നു തെറ്റിധരിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിക്കു പണയത്തിനു നൽകി 25 ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.
സമാന രീതിയിൽ തട്ടിപ്പു നടത്തി മറ്റു രണ്ടു യുവതികളിൽ നിന്നു യഥാക്രമം 2.80 ലക്ഷം രൂപയും 7 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. നടക്കാവ്, ചേവായൂർ, എലത്തൂർ സ്റ്റേഷൻ പരിധിയിൽ പ്രതികൾ വീടു വാടകയ്ക്കെടുത്ത് ഉടമയറിയാതെ പണയത്തിനു നൽകി തട്ടിപ്പു നടത്തിയതായും പരാതികൾ ലഭിച്ചു.പുതുതായി വീട് നിർമിക്കുന്നവരോടു വീടിന്റെ നിർമാണപ്രവൃത്തി ചെയ്തു തരാമെന്നു പറഞ്ഞു പണം വാങ്ങിയതായും പൊലീസ് പറഞ്ഞു. മെർലിൻ ഡേവിസിനെ പാലക്കാട്ടു നിന്നും നിസാറിനെ നടക്കാവിൽ നിന്നുമാണു പൊലീസ് പിടികൂടിയത്.
നടക്കാവ് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എൻ.ലീല, എസ്സിപിഒ ബൈജു, സിപിഒമാരായ അരുൺ, ഐശ്വര്യ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികൾ ഒട്ടേറെപ്പേരിൽ നിന്നു കോടികളുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. വഞ്ചിക്കപ്പെട്ടവർ കഴിഞ്ഞ ദിവസം മെർലിൻ ഡേവിസിന്റെ വീടു തേടി അശോകപുരത്ത് എത്തിയിരുന്നു.
എന്നാൽ വീട്ടിൽ മെർലിൻ ഡേവിസ് ഇല്ലെന്നു ബോധ്യപ്പെട്ടതോടെ മടങ്ങിപ്പോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]