
കോഴിക്കോട്∙ നാളെ അത്തം പിറക്കുകയാണ്. മലയാളിക്ക് ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണനാളുകൾ.. ഇത്തിരിമുറ്റത്ത് ഒത്തിരി വലിയ പൂക്കളമൊരുക്കാൻ പൂവും തേടി നാടുതോറും നടക്കുന്ന കാലം കഴിഞ്ഞുപോയി.
കടയിൽപോയി 100 രൂപയ്ക്ക് പൂവാങ്ങി പൂക്കളമൊരുക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഈ ഓണക്കാലത്ത് അത്തത്തെ വരവേൽക്കാൻ പറമ്പുനിറയെ ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്തുണ്ടാക്കിയ സന്തോഷത്തിലാണ് രണ്ടു പൊലീസുകാരും അവരുടെ രണ്ടു കൂട്ടുകാരും.
സിറ്റി ബോംബ് സ്ക്വാഡിലെ അസി.എസ്ഐ ടി.പ്രദീപ്, അയൽവാസിയും ബന്ധുവുമായ എആർ ക്യാംപിലെ എസ്ഐ ശൈലേഷ്, സുഹൃത്തുക്കളായ ഓട്ടമൊബൈൽ ഇലക്ട്രീഷ്യൻ ടി.പി.ഷാജി, ഡ്രൈവർ ഷിബിൻദാസ് എന്നിവർ ചേർന്നാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.
ഈസ്റ്റ്ഹിൽ എടക്കാട് റോഡിൽ വിപ്ലവകലാവേദിക്കു സമീപം സി.കെ റോഡിലാണ് ഇവരുടെ താമസം. ശൈലേഷിന്റെയും പ്രദീപിന്റെയും വീടിനു സമീപത്ത് അയൽവാസിയുടെ 12 സെന്റ് സ്ഥലമുണ്ട്.
മുൻകാലങ്ങളിൽ ഇവിടെ കൃഷി ചെയ്തിരുന്നു. എന്നാൽ, ഏതാനും വർഷം പറമ്പ് കാടുപിടിച്ചു കിടക്കുകയായിരുന്നു.
തുടർന്നാണ് ഈ സ്ഥലത്ത് കൃഷി ചെയ്യാൻ അനുമതി വാങ്ങിയത്. കഴിഞ്ഞ ഓണക്കാലത്ത് ഈ കൂട്ടുകാർ പച്ചക്കറി കൃഷി ചെയ്തു.
സമീപവാസികൾക്ക് പച്ചക്കറികൾ നൽകി. ഇത്തവണ പൂക്കൃഷിയിൽ ഒരു കൈ നോക്കിയാലോ എന്ന ആലോചന വച്ചത് ഷാജിയാണ്.
10 സെന്റിലാണു കൃഷി ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ പൂക്കൃഷി നടത്തിയത് വൻവിജയമായിരുന്നു.
അവിടുത്തെ പൊലീസുകാരനായ ഷിജുവിനെ ബന്ധപ്പെട്ടു.
ഷിജുവിന്റെ നിർദേശപ്രകാരം വെള്ളന്നൂരിൽപോയി വിത്തുകൊണ്ടുവന്നു. കൃഷി ഓഫിസർ നാരായണന്റെ സഹായവും തേടി.
രണ്ടു മാസം മുൻപ് 250 തൈകൾ നട്ടു. എന്നാൽ ഇടയ്ക്ക് മഴ പെയ്തപ്പോൾ ചിലത് കൊഴിഞ്ഞു.
തുടർന്ന് ഇതിനു പകരം തൈകൾ നട്ടു. ആകെ 300 തൈകളാണ് ഇപ്പോൾ പൂത്തു നിൽക്കുന്നത്.
ഇവിടെ നാളെ പൂക്കളുടെ വിളവെടുപ്പാണ്. കൃഷി ഓഫിസർ നാരായണനും കൗൺസിലർ സി.എസ്.സത്യഭാമയുമടക്കമുള്ളവരാണ് വിളവെടുപ്പിന് എത്തുന്നത്. 2016ൽ മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ടി.പ്രദീപ് 2022ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]