
കോഴിക്കോട് ∙ നഗരത്തിന്റെ രക്ഷാകവചമായി മുൻഗണന നൽകേണ്ട ബീച്ച് ഫയർ ആൻഡ് റെസ്ക്യൂ ആസ്ഥാന മന്ദിരം പുനർനിർമാണം 2 വർഷമായി കടലാസിൽ തന്നെ. താൽക്കാലികമായി ജീവനക്കാരുടെ ക്വാർട്ടേഴ്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബീച്ച് ഫയർ സ്റ്റേഷൻ യൂണിറ്റിലെ 22 ജീവനക്കാർ ഏതു നിമിഷവും തകർന്നു വീഴാറായ കെട്ടിടത്തിൽ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഉപയോഗിക്കാൻ കഴിയാത്ത ക്വാർട്ടേഴ്സ് കെട്ടിടത്തിന് പൊതുമരാമത്ത് കെട്ടിട
വിഭാഗം ഫിറ്റ്നസ് തടഞ്ഞെങ്കിലും കോൺക്രീറ്റ് അടർന്നു വീണു, മഴ നനഞ്ഞു ചോർന്നൊലിക്കുന്ന കെട്ടിടത്തിന് അടിയിലാണ് ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങളും ജീവനക്കാരും കഴിയുന്നത്.
കെട്ടിടം അപകടത്തിലാണെന്നു മുന്നറിയിപ്പുണ്ടെങ്കിലും താൽക്കാലിക സംവിധാനം ഒരുക്കുന്നതിൽ കോർപറേഷനും ജില്ലാ ഭരണകൂടത്തിനും ഗുരുതര വീഴ്ചയാണ് ഉണ്ടായത്. നഗരത്തിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കാൻ സർക്കാർ ഭൂമിയും താൽക്കാലിക സംവിധാനങ്ങളും ഉണ്ടായിരിക്കെ തുടർനടപടികൾ ഉണ്ടായില്ല.
അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ആസ്ഥാന മന്ദിരവും ഫയർ സ്റ്റേഷൻ യൂണിറ്റിനും 17 കോടിയുടെ സാങ്കേതിക അനുമതിയും നിർമാണ അനുമതിയും ലഭിച്ചെങ്കിലും കെട്ടിടത്തിന് ഫണ്ട് അനുവദിക്കാൻ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുവരെ അനുമതി ലഭിച്ചില്ല.
ബീച്ച് ഫയർ സ്റ്റേഷൻ യൂണിറ്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ റീജനൽ ആസ്ഥാന മന്ദിരവും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും നിർമിക്കാൻ 2023 ജൂലൈയിലാണു പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 8 യൂണിറ്റ് ഫയർ വിഭാഗത്തിൽ ഒന്നു നിലനിർത്തി മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം, കൊയിലാണ്ടി ഫയർ സ്റ്റേഷനിലേക്കു മാറ്റി.
ഇതോടൊപ്പം ജീവനക്കാരെയും വിവിധ യൂണിറ്റിലേക്കു മാറ്റി. തുടർന്നു 70 ശതമാനം തകർന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി. താൽക്കാലികമായി 80 സെന്റ് ഭൂമിയിലെ നിലവിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് 22 ജീവനക്കാരെയും ഒരു യൂണിറ്റും മാറ്റി.
തുടർന്നു കലക്ടർ, കോർപറേഷൻ, എംഎൽഎ, അഗ്നിരക്ഷാ സേന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു ബീച്ചിൽ നിന്നു മാറ്റിയ 8 യൂണിറ്റ് ഫയർ എൻജിനുകളും അനുബന്ധ ജീവനക്കാരെയും നഗരത്തിൽ തന്നെ യോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കല്ലുത്താൻകടവ്, ജിഎച്ച് റോഡ്, വേങ്ങേരി മാർക്കറ്റ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പാളയം സ്റ്റാൻഡ്, ബീച്ച് പോർട്ട് ഓഫിസ്, വെള്ളയിൽ ബീച്ച് ഫിഷറീസ്, ഈസ്റ്റ്ഹിൽ യാത്രി നിവാസ് എന്നിവിടങ്ങളിൽ സ്ഥലം പരിശോധിച്ചു സംവിധാനം ഒരുക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ വകുപ്പ്, ഫിഷറീസ്, പൊതുമരാമത്ത്, കൃഷിവകുപ്പ്, കോർപറേഷൻ, ടൂറിസം തുടങ്ങിയ വകുപ്പുകളുമായി ഏകോപനം ഇല്ലാതെയായി. 3 തവണ കമ്മിറ്റി യോഗം ചേർന്നെങ്കിലും ഫയർ സ്റ്റേഷനു താൽക്കാലികമായി പ്രവർത്തിക്കാൻ മുടക്കു ന്യായം പറഞ്ഞു എല്ലാവരും കൈവിട്ടു.
എങ്കിലും മരണഭയത്തിനിടയിലും 22 ജീവനക്കാർ പുതിയ കെട്ടിടം വരുമെന്ന പ്രതീക്ഷ കൈവിടാതെ വീഴാറായ കെട്ടിടത്തിൽ ജോലി തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]