
ചൂരണി∙ ചൂരണി മേഖലയിൽ എത്തിയ കാട്ടാനക്കുട്ടി നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് 12 മണിക്കൂറിലേറെ. ഇന്നലെ രാവിലെ 6ന് ആണ് ചൂരണി–ലഡാക്ക് റോഡിന് സമീപത്തുള്ള തോടിന്റെ കരയിൽ 2 വയസ്സ് തോന്നിക്കുന്ന കാട്ടാനക്കുട്ടി എത്തിയത്. ഉടൻ തന്നെ കുറ്റ്യാടി റേഞ്ച് ഓഫിസിൽ വിവരം അറിയിച്ചു.
പ്രദേശത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ആർആർടി സംഘം കുതിച്ചെത്തി. പിന്നാലെ ഫോറസ്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തി.
എന്നാൽ ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ഡോക്ടറും പരിശീലനം നേടിയവരും എത്തിയില്ല.
ഡിഎഫ്ഒ, റേഞ്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന വനം ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, വാർഡ് മെംബർ അനിൽ പരപ്പുമ്മൽ എന്നിവരും നാട്ടുകാരും ഉയർന്ന ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വൈകുന്നേരം വരെയും ആരും സ്ഥലത്ത് എത്തിയില്ല. ഇതിനിടെ ആനക്കുട്ടി റോഡിലിറങ്ങി ആൾക്കൂട്ടത്തിനടുത്തേക്ക് ഓടുകയും ചെയ്തു. റോഡിലുണ്ടായിരുന്നവർ പെട്ടെന്ന് മാറിയത് കാരണം ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
ആനക്കുട്ടി വീണ്ടും തോടിന് അരികിലേക്ക് പോയി നിലയുറപ്പിച്ചു. നാട്ടുകാരും വനം ഉദ്യോഗസ്ഥരും രാത്രിയും ആനക്കുട്ടിക്ക് കാവൽ നിൽക്കുകയാണ്.
മനോജ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പൂതംപാറ∙ ചൂരണിയിൽ കാട്ടാനക്കുട്ടി എത്തിയ സ്ഥലത്ത് വന്ന പ്രദേശവാസി മറ്റപ്പള്ളിൽ മനോജ് ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
സുഹൃത്ത് മനോജിന്റെ വിഡിയോ എടുക്കുന്നതിനിടയിലാണ് പിൻഭാഗത്തു നിന്നു കാട്ടാനക്കുട്ടി ഓടിയടുത്തത്. റോഡിൽ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാൻ മനോജ് ബഹളം വച്ച് ഓടുകയും ചെയ്തു.
ഭാഗ്യത്തിന് ആനക്കുട്ടി ആരെയും ആക്രമിക്കാതെ ചൂരണി–ലഡാക്ക് റോഡിലേക്ക് ഓടിപ്പോകുകയും ചെയ്തു. കഴിഞ്ഞ ദിവസം മനോജിന്റെ ചൂരണിയിലെ വീട്ടിൽ എത്തിയ ആനക്കൂട്ടം വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ഓടിക്കുകയും വീട്ടിൽ കയറി രക്ഷപ്പെടുകയും ചെയ്തതാണ്.
സ്ഥലത്തെ വാഴ, തെങ്ങ് എന്നിവ നശിപ്പിക്കുകയും ചെയ്തിരുന്നു.
കാട്ടാനക്കുട്ടിയെ പിടികൂടണം
തൊട്ടിൽപാലം∙ നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനക്കുട്ടിയെ പിടികൂടി ആനവളർത്തു കേന്ദ്രത്തിലേക്ക് കൊണ്ടു പോകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ആവശ്യപ്പെട്ടു.
നാട്ടുകാർ റോഡ് തടഞ്ഞു
തൊട്ടിൽപാലം∙ ചൂരണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രാത്രി വയനാട് റോഡ് ഉപരോധിച്ചു. പൂതംപാറയിലാണ് ഉപരോധം നടത്തിയത്.
റേഞ്ച് ഓഫിസർ ഷഹനാസുമായി നടത്തിയ ചർച്ചയിൽ, ഇന്നു രാവിലെ തന്നെ കാട്ടാനക്കുട്ടിയെ പിടികൂടുമെന്നും അതുവരെ പെരുവണ്ണാമൂഴി, കുറ്റ്യാടി റേഞ്ച് ഓഫിസർമാരും ആർആർടി അംഗങ്ങളും സ്ഥലത്ത് ക്യാംപ് ചെയ്യുമെന്നുമുള്ള ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]