
കോഴിക്കോട് ∙ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം ശരിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്… മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ കലക്ടറുടെ കർശന നിർദേശം. ഇതെല്ലാം ഉണ്ടായിട്ടും ‘ചെറ്യേ സ്ക്രൂ ഡ്രൈവർ’ ഇതുവരെ കിട്ടാത്ത അവസ്ഥയിൽ ഉദ്യോഗസ്ഥരും ജോലിക്കാരും.
ഫലം – കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ മിക്കതും ആഴ്ചകൾ പിന്നിട്ടിട്ടും അതേപടി. കുഴിയിൽ വീണു കാലിന്റെ എല്ലുപൊട്ടിയും നടുവൊടിഞ്ഞും ആശുപത്രിയിൽ ദിവസങ്ങൾ തള്ളി നീക്കാനാണു ജനത്തിന്റെ വിധി.
ജൂൺ 26ന് ആണ് ജില്ലയിലെ റോഡുകളുടെ ദുഃസ്ഥിതി വ്യക്തമാക്കി മലയാള മനോരമ ‘പടക്കളം’ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
ഇതു ശ്രദ്ധയിൽപെട്ട മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കലക്ടർ ഉൾപ്പെടുന്ന യോഗം വിളിച്ചു.
ദേശീയപാതയുടെ സർവീസ് റോഡുകളും മനോരമ ചൂണ്ടിക്കാട്ടിയ മറ്റു റോഡുകളും അടിയന്തരമായി അറ്റകുറ്റപ്പണി തുടങ്ങാൻ നിർദേശിച്ചു. 2 ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ കുഴിയടയ്ക്കൽ തുടങ്ങിയെങ്കിലും കുഴികളിലിട്ട പാറപ്പൊടി തൊഴിലാളികൾ വീടെത്തുന്നതിനു മുൻപേ ഒലിച്ചു പോകുന്ന കാഴ്ചയായിരുന്നു.
കഴിഞ്ഞ 3 മാസമായി തുടരുന്ന മഴയിൽ പലയിടത്തും റോഡുകൾ പൊട്ടി തകർന്നു കുഴിയും വിള്ളലും രൂപപ്പെട്ടു.
ചിലയിടങ്ങളിൽ ടാർ ഒലിച്ചുപോയി ഗർത്തങ്ങളായി. മഴയത്ത് അറ്റകുറ്റപ്പണി തുടരാനുള്ള കഠിനപരിശ്രമം ഉണ്ടെങ്കിലും ഫലം കാണുന്നില്ല.
റോഡിലെ വെള്ളക്കെട്ടിനെതിരെ ജനകീയ പ്രതിഷേധം മറികടക്കാൻ മഴയത്തും അറ്റകുറ്റപ്പണി നടത്തിയെങ്കിലും പഞ്ചായത്ത്, കോർപറേഷൻ, സംസ്ഥാന പാതകളിലും പിഡബ്ല്യുഡി റോഡുകളിലും വീണ്ടും അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങളാണ് ഒഴുക്കുന്നത്. ജില്ലയിലെ വിവിധ റോഡുകളിലെ കുഴികൾ എന്നു നികത്തുമെന്നാണു വാഹന ഉടമകളും യാത്രക്കാരും ചോദിക്കുന്നത്.
മലയോര ഹൈവേയുടെ ഭാഗമായ നാദാപുരം – കുറ്റ്യാടി റോഡിൽ കല്ലാച്ചി – കക്കട്ടിൽ മേഖലയിൽ അറ്റകുറ്റപ്പണി പിഡബ്ല്യുഡി തൽക്കാലം നിർത്തി.
ജില്ലയിൽ സംസ്ഥാന പാതയിലെ കൂടുതൽ തകർന്ന ഭാഗം ഇതാണെന്നാണ് അധികൃതർ പറയുന്നത്. മഴ മാറിയെങ്കിൽ മാത്രമേ ഈ ഭാഗത്തു പുനർ നിർമാണ പ്രവൃത്തി ചെയ്യാനാകൂ. ഇനി സെപ്റ്റംബർ – ഒക്ടോബർ മാസം റോഡ് അറ്റകുറ്റപ്പണി നടക്കുമെന്നാണു പ്രതീക്ഷ.
റോഡ് തകർന്ന ഭാഗത്ത് ഇടയ്ക്ക് ക്വാറി പൊടി നിറയ്ക്കും. മഴയിൽ അവ ഒഴുകി റോഡിലും സമീപത്തെ ഓടയിലും നിറയുന്നു.
ഈ ഭാഗത്ത് കഴിഞ്ഞ ദിവസം സ്കൂട്ടർ കുഴിയിൽ വീണു അധ്യാപികയുടെ കാലൊടിഞ്ഞു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാന പാത വിഭാഗത്തിന്റെ കീഴിൽ വരുന്ന മീഞ്ചന്ത – മാങ്കാവ് റോഡിൽ തിരുവണ്ണൂർ ഭാഗത്തെ വലിയ ഗർത്തം അടച്ചിട്ടും അടച്ചിട്ടും പരിഹാരമില്ല.
ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇവിടെ ജല അതോറിറ്റി റോഡ് പുനർനിർമിക്കുമെന്നാണ് പിഡബ്ല്യുഡി അധികൃതർ പറയുന്നത്.
ഈ ഭാഗത്ത് 2 തവണ പൊട്ടിയ ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും വീണ്ടും തകർന്നു. വടകര ദേശീയപാതയിൽ കുഴികൾ കഴിഞ്ഞ മാസം 28ന് അടയ്ക്കാൻ തുടങ്ങിയെങ്കിലും ഒരാഴ്ചയ്ക്കകം പഴയ പടിയായി. നേരത്തെ ഈ ഭാഗത്ത് റീ ടാറിങ് നടത്തിയിരുന്നു.
ഇതാണു വീണ്ടും കുഴിയായത്.
ദേശീയപാത മൂരാട് സർവീസ് റോഡിൽ നേരത്തേയുള്ള സ്ഥിതി തുടരുന്നു. കല്ലിട്ടു കുണ്ടും കുഴിയും അടച്ചെങ്കിലും വാഹനങ്ങൾ പോകുന്നതോടെ കല്ലുകൾ ഇളകി പഴയതു പോലെയായി. ദേശീയപാതയിൽ ഗതാഗതക്കുരുക്കും തുടരുന്നു. തലക്കുളത്തൂർ പഞ്ചായത്തിലെ 9–ാം വാർഡ് പാവയിൽ ചീർപ്പ് റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായി.
മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം പതിവാണ്.
പഞ്ചായത്തിലെ 9,10 വാർഡുകളിലൂടെയുള്ള റോഡിൽ ജലജീവൻ പദ്ധതിക്കു കുഴിയെടുത്തതോടെയാണ് തകർന്നു തുടങ്ങിയത്. റോഡ് നവീകരണം നടത്താത്തതിനാൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണു ജനം.
കുണ്ടൂപറമ്പ് – പുതിയങ്ങാടി റോഡിൽ കഴിഞ്ഞ ദിവസം പാറപ്പൊടിയും ക്വാറി പൊടിയും നിറച്ചു ഗതാഗതയോഗ്യമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]