കോഴിക്കോട്∙ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മലപ്പുറം വിജിലൻസ് അന്വേഷിക്കുന്ന, സിഐഎസ്എഫ് അസി. കമൻഡാന്റ് ഉൾപ്പെടെ പ്രതിസ്ഥാനത്തുള്ള കേസ് വഴിത്തിരിവിൽ.
2023 ഒക്ടോബർ ആദ്യവാരം കോഴിക്കോട് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ബി ബാച്ചിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകണമെന്ന വിജിലൻസിന്റെ ആവശ്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നിരസിച്ചു. അഴിമതി നിരോധന നിയമപ്രകാരം കൊണ്ടോട്ടി പൊലീസ് 2023 ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നതു വിജിലൻസ് ആണ്.
സ്വർണക്കടത്തു കേസിൽ കോഴിക്കോട് വിമാനത്താവളത്തിലെ അന്നത്തെ സിഐഎസ്എഫ് അസി.
കമൻഡാന്റിനെ പൊലീസ് പ്രതിയാക്കിയതും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന് ആരോപിച്ചതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. 2023 ഒക്ടോബർ 5ന് വിമാനത്താവള പരിസരത്തു വച്ചു 2 വിമാനയാത്രക്കാരിൽനിന്ന് 503 ഗ്രാം സ്വർണമിശ്രിതം പിടിച്ച കേസിൽ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നും ഈ സംഘം 60 തവണ സ്വർണം കടത്തിയെന്നുമായിരുന്നു പൊലീസിന്റെ ആരോപണം.
സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത പൊലീസ്, കസ്റ്റംസ് ഓഫിസറുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു വിവരം.
കസ്റ്റംസ് ബി ബാച്ചിലെ ഉദ്യോഗസ്ഥരുടെ പേര്, വീട്ടു മേൽവിലാസം, ഫോൺ നമ്പർ, ഇവർ നിലവിൽ എവിടെ, ഏതു യൂണിറ്റിൽ ജോലി ചെയ്യുന്നു എന്നീ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണു മലപ്പുറം വിജിലൻസ് ഡിവൈഎസ്പി കഴിഞ്ഞ ഓഗസ്റ്റ് 5ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്കു കത്തു നൽകിയത്.
വിമാനത്താവളത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുവിവരം നൽകാനാവില്ലെന്നു വിജിലൻസിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മറുപടി നൽകി.
ഏത് ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണമെന്നു കത്തിൽ വ്യക്തമല്ലെന്നും ഇത്, മുഴുവൻ ഉദ്യോഗസ്ഥരെയും പ്രതിസ്ഥാനത്തു നിർത്തുമെന്നും മറുപടിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ, കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അനുമതി വേണമെന്നും ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. സിഐഎസ്എഫ് അസി.
കമൻഡാന്റിനെ സസ്പെൻഡ് ചെയ്തിരുന്നു. സ്വർണക്കടത്ത് ആരോപണത്തിൽ തെളിവു തേടി, സിഐഎസ്എഫ് ആസ്ഥാനത്തു നിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു കത്തയച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

